ഫൈവ്സ് ലോകകപ്പ് ഹോക്കി: ഇന്ത്യക്ക് വിജയ തുടക്കം, ഒമാന് തോൽവി
text_fieldsപോളണ്ടിനെതിരെയുള്ള ഗോൾ നേട്ടം ആഘോഷിക്കുന്ന
ഇന്ത്യൻ താരങ്ങൾ
മസ്കത്ത്: ഫൈവ്സ് ലോകകപ്പ് ഹോക്കി വനിതകളുടെ വിഭാഗത്തിൽ ഇന്ത്യക്ക് വിജയ തുടക്കം. പൂൾ സിയിൽ നടന്ന ആദ്യമത്സരത്തിൽ പോളണ്ടിനെ 5-4നാണ് തോൽപിച്ചത്. മസ്കത്തിലെ ഒമാൻ ഹോക്കി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മുംതാസ് ഖാൻ, ദീപിക എന്നിവർ രണ്ട് വീതവും മരിയാന കുജൂർ ഒരു ഗോളും ഇന്ത്യക്കു വേണ്ടി നേടി. രണ്ടാം മത്സരത്തിൽ അമേരിക്കയെ 7-3നുമാണ് തകർത്തത്. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ യു.എസ്.എ നമീബിയ 6-1നും തകർത്തു. പൂൾ എയിൽ ഇന്നലെ നടന്ന രണ്ട് മത്സരങ്ങളിലും ആതിഥേയരായ ഒമാൻ തോറ്റു. ആദ്യ മത്സരത്തിൽ മലേഷ്യയോട് എതിരില്ലാത്ത പത്ത് ഗോളുകൾക്കും രണ്ടാമത്തെ കളിയിൽ ഫിജിയോട് 3-2നുമാണ് പരാജയപ്പെട്ടത്. ഈ ഗ്രൂപ്പിൽ നെതർലൻഡ് 10-0ന് മലേഷ്യയെയും ഫിജിയെ14-1നും തകർത്തു. പൂൾ ബിയിൽ യുക്രെയ്നും സൗത്താഫ്രിക്കയും വിജയിച്ച് ആറുവീതം പോയന്റ് സ്വന്തമാക്കി. പൂൾ ഡിയിൽ ന്യൂസിലൻഡും ഉറുഗ്വേയും വിജയിച്ചു. മൂന്നാം മത്സരത്തിൽ വ്യാഴാഴ്ച ഇന്ത്യ നമീബിയെയും ഒമാൻ നെതർലൻഡിനെയും നേരിടും.

