മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തല്‍: എട്ടു ഫിഷിങ് ഹാര്‍ബറുകള്‍ നിര്‍മിക്കും
text_fieldsമസ്കത്ത്: മത്സ്യബന്ധന മേഖലയയെ ശക്തിപ്പെടുത്താന്‍ സമഗ്ര പദ്ധതികളുമായി അധികൃതര്‍. ഇതിന്‍െറ ഭാഗമായി എട്ടു മത്സ്യബന്ധന തുറമുഖങ്ങള്‍ നിര്‍മിക്കും. മത്സ്യ ഉല്‍പാദനത്തിലെ വര്‍ധനവിനൊപ്പം സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് കാര്‍ഷിക, ഫിഷറീസ് മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ഡോ. ഹമീദ് സൈദ് അല്‍ ഒൗഫി ഇംഗ്ളീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
നിലവില്‍ 20 മത്സ്യബന്ധന തുറമുഖങ്ങളാണുള്ളത്. 2020ഓടെ തുറമുഖങ്ങളുടെ എണ്ണം 30 ആയി ഉയര്‍ത്താനാണ് പദ്ധതി. ബര്‍ക്കയില്‍ മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയായിക്കഴിഞ്ഞു. മുസന്നയിലും ലിവയിലും നിര്‍മാണം പുരോഗമിക്കുകയാണ്. മസീറ, മഹൂത്ത്, ഷുവൈമിയ തുടങ്ങിയ സ്ഥലങ്ങളിലടക്കം അഞ്ച് ഹാര്‍ബറുകള്‍ ആലോചനയിലുമുണ്ട്. ഇതോടൊപ്പം ദിബ്ബ, മിര്‍ബാത്ത്, ഖാബൂറ എന്നിവിടങ്ങളിലെ തുറമുഖങ്ങളുടെ ആധുനികവത്കരണവും മന്ത്രാലയത്തിന്‍െറ ആലോചനയിലാണ്. കഴിഞ്ഞവര്‍ഷം 2.70 ലക്ഷം ടണ്‍ മത്സ്യമാണ് രാജ്യത്ത് ലഭിച്ചത്. മത്സ്യകൃഷിയടക്കം മേഖലകളില്‍നിന്നായി മത്സ്യ ഉല്‍പാദനം അഞ്ചുലക്ഷം ടണ്‍ ആക്കുകയാണ് ലക്ഷ്യം. 2013 മുതല്‍ നീളുന്ന വികസന പദ്ധതികളാണ് മത്സ്യബന്ധന മേഖലകളില്‍ നടപ്പായിവരുന്നത്.
മത്സ്യബന്ധന ബോട്ടുകളുടെ എണ്ണത്തിലെ വര്‍ധനവിനൊപ്പം അധിക തുറമുഖങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകളുടെ വികസനം, മത്സ്യകൃഷി മേഖലയിലെ വളര്‍ച്ച, സംസ്കരണ, ചരക്കുഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയവ ഇക്കാലയളവുകളിലായി നടപ്പാക്കി വരുന്നു. 3262 കിലോമീറ്ററാണ് ഒമാന്‍െറ തീരപ്രദേശത്തിന്‍െറ നീളം.
എണ്ണയിതര വരുമാന വര്‍ധനക്കൊപ്പം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിലൂടെ കഴിയുമെന്ന് അല്‍ ഒൗഫി പറഞ്ഞു.
നിലവില്‍ 46,000 പേരാണ് മത്സ്യബന്ധനത്തിലൂടെ ഉപജീവനം കഴിക്കുന്നത്. നിര്‍ദിഷ്ട പദ്ധതികള്‍ അതിവേഗത്തില്‍ നടപ്പാക്കാന്‍ സാധിക്കുന്ന പക്ഷം 2020ഓടെ പതിനായിരം മുതല്‍ 15,000 വരെ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കാന്‍ കഴിയും.
മത്സ്യബന്ധനത്തിനൊപ്പം, സംസ്കരണം, വിപണന മേഖല തുടങ്ങിയ മേഖലകളിലായാണ് ഈ തൊഴിലവസരങ്ങള്‍ ലഭ്യമാവുക. ചെലവ് കുറക്കുന്നതിനുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിക്കാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കും. അമിത മത്സ്യ ബന്ധനവും ഒഴിവാക്കേണ്ടതാണെന്ന് അല്‍ ഒൗഫി പറഞ്ഞു.
മത്സ്യസമ്പത്ത് ഭാവിയിലേക്കും നിലനില്‍ക്കേണ്ടതാണെന്ന ബോധം തൊഴിലാളികള്‍ക്ക് പകര്‍ന്നുനല്‍കാന്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുകം പ്രത്യേക സാമ്പത്തിക മേഖലയില്‍ പ്രധാന തുറമുഖത്തിനൊപ്പം മത്സ്യസംസ്കരണത്തിനും പാക്കേജിങ്ങിനുമടക്കം സൗകര്യങ്ങളുണ്ടാകും.
സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ അതോറിറ്റിക്ക് ഒപ്പം കാര്‍ഷിക ഫിഷറീസ് മന്ത്രാലയവും ചേര്‍ന്നാണ് ദുകം ഫിഷിങ് ഹാര്‍ബറും ഇന്‍റഗ്രേറ്റഡ് സംസ്കരണ കേന്ദ്രവും വികസിപ്പിച്ചെടുക്കുന്നത്. 2020ഓടെ രണ്ടു പദ്ധതികളും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അല്‍ ഒൗഫി കൂട്ടിച്ചേര്‍ത്തു.