കടലിൽ മത്സ്യ സർവേ ഇന്നുമുതൽ
text_fieldsമത്സ്യസമ്പത്ത് സർവേ പ്രവർത്തനങ്ങൾ നടത്തുന്ന ഗവേഷണ കപ്പൽ
മസ്കത്ത്: കാർഷിക, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അറേബ്യൻ കടലിലും ഒമാൻ കടലിലും മത്സ്യസമ്പത്ത് സർവേ പദ്ധതി വെള്ളിയാഴ്ച ആരംഭിക്കും. ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കൃഷി സംഘടനയുമായി (എഫ്.എ.ഒ) ഒപ്പുവെച്ച സഹകരണ കരാറിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപ്പാക്കുന്നത്. ഒമാൻ വിഷൻ 2040 ലക്ഷ്യങ്ങൾക്കനുസൃതമായി സമുദ്രസമ്പത്ത് സുസ്ഥിരമാക്കുകയും ഭക്ഷ്യസുരക്ഷ സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് സർവേ.
മത്സ്യങ്ങളുടെ ബയോമാസ് സംബന്ധിച്ച കൃത്യവും പുതുക്കിയതുമായ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുക, അവയുടെ ശേഖരത്തിന്റെ തോത് കണക്കാക്കുക, ഒമാൻ കടൽപ്രദേശങ്ങളിലെ മത്സ്യ വിതരണം, മത്സ്യ സമൃദ്ധി എന്നിവ നിർണയിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിലൂടെ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നയങ്ങളും പ്രവർത്തനപദ്ധതികളും രൂപവത്കരിച്ച് സമുദ്രസമ്പത്തിന്റെ പരമാവധി ഉപയോഗവും ക്ഷയത്തിൽനിന്ന് സംരക്ഷണവും ഉറപ്പാക്കാനാകും.
ഒരു പ്രത്യേക മേഖലയിലെ ജലാശയത്തിലെ മത്സ്യങ്ങളുടെ ആകെ ഭാരമാണ് മത്സ്യങ്ങളുടെ ബയോമാസ് എന്ന് വിളിക്കപ്പെടുന്നത്. നിശ്ചിത സമയത്ത് ഒരു പ്രത്യേക പ്രദേശത്തുള്ള ഒരു വർഗത്തിൽപ്പെട്ട മത്സ്യങ്ങളുടെയോ അവിടെയുള്ള എല്ലാ മത്സ്യങ്ങളുടെയോ ആകെ തൂക്കമാണിത്. ഈ മേഖലയിൽ കണ്ടെത്തുന്ന മത്സ്യങ്ങളുടെ എണ്ണത്തെ അവയുടെ ശരാശരി ഭാരം കൊണ്ട് ഗുണിച്ചാണ് സാധാരണയായി ബയോമാസ് കണക്കാക്കുക. ഒരു കടൽ മേഖലയിൽ എത്രത്തോളം മത്സ്യസമ്പത്തുണ്ടെന്ന് മനസ്സിലാക്കാനും അമിതമായ മത്സ്യബന്ധനം തടയാനും ബയോമാസ് കണക്കുകൾ സഹായിക്കുന്നു.
ഒരു കടൽത്തീരത്തോ പവിഴപ്പുറ്റുകൾക്കിടയിലോ ഉള്ള മത്സ്യങ്ങളുടെ ബയോമാസ് ആണ് ആവാസവ്യവസ്ഥയുടെ ആരോഗ്യത്തിന്റെ സൂചികയായാണ് കണക്കാക്കുന്നത്. സാധാരണയായി കിലോഗ്രാം/ഹെക്ടർ അല്ലെങ്കിൽ ടൺ എന്ന നിലയിലാണ് ബയോമാസ് രേഖപ്പെടുത്തുന്നത്.
ജീവശാസ്ത്ര പഠനങ്ങൾ, മത്സ്യശേഖരങ്ങളുടെ വിലയിരുത്തൽ, സമുദ്രപരിസ്ഥിതി പഠനങ്ങൾ, സമുദ്രശാസ്ത്ര പരിശോധനകൾ എന്നിവ ഉൾപ്പെടുന്ന സമഗ്ര ഫീൽഡ് സർവേ പരിപാടികളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ മത്സ്യബന്ധന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും വിലയിരുത്തും. ജലത്തിലെ താപനില, ജലത്തിൽ ലയിച്ച ഓക്സിജന്റെ തോത്, ലവണാംശം, ക്ലോറോഫിൽ ഉൾപ്പെടെയുള്ള സമുദ്ര പരിസ്ഥിതിയെ സ്വാധീനിക്കുന്ന വിവിധ ജൈവ-പരിസ്ഥിതി സൂചകങ്ങൾ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യും.
മത്സ്യശേഖരം സംബന്ധിച്ച വിലയിരുത്തലിനായുള്ള ഏകീകൃത ദേശീയ ഡേറ്റാബേസ് രൂപവത്കരിക്കാൻ പദ്ധതി സഹായകരമാകുമെന്ന് മന്ത്രാലയം അറിയിച്ചു. സുസ്ഥിര മത്സ്യനയങ്ങളും തന്ത്രപരമായ പദ്ധതികളും രൂപപ്പെടുത്തുന്നതിനും സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും മത്സ്യ മേഖലയിൽ പുതിയ നിക്ഷേപ സാധ്യതകൾ തുറക്കുന്നതിനും ഇത് വഴിയൊരുക്കും.
സർവേ പ്രവർത്തനങ്ങൾ നടത്തുന്ന ഗവേഷണ കപ്പലിനും സംഘത്തിനും മത്സ്യതൊഴിലാളികളും കടൽയാത്രക്കാരും പൂർണ സഹകരണം നൽകണമെന്നും അവരുടെ ദൗത്യങ്ങൾക്ക് തടസമുണ്ടാവരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

