മത്സ്യ ഉൽപാദനത്തിൽ 22.4 ശതമാനത്തിന്റെ ഇടിവ്
text_fieldsഒമാനിലെ മത്സ്യ ചാകര (ഫയൽ)
മസ്കത്ത്: രാജ്യത്തെ മത്സ്യ ഉൽപാദനം 22.4 ശതമാനം ഇടിഞ്ഞതായി കണക്കുകൾ. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനംവരെ 5,56,151 ടണാണ് ഒമാനിലെ ആകെ മത്സ്യ ഉൽപാദനം. 2021ലെ ഇക്കാലയളവിലിത് 7,16,272 ടണായിരുന്നു. ദേശീയ സ്ഥിതി വിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. മത്സ്യ ഉൽപാദനത്തിന്റെ ആകെ മൂല്യം 339.592 ദശലക്ഷം റിയാലാണ്. ഒമാനിലെ മത്സ്യ ഉൽപാദനത്തിന്റെ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന പരമ്പരാഗത മത്സ്യബന്ധനത്തിൽ 24.8 ശതമാനം ഇടിഞ്ഞ് 515,318 ടണിലെത്തി. 2021ലെ ഇതേ കാലയളവിൽ 6, 85,244 ടണായിരുന്നു പരമ്പരാഗത മത്സ്യ ഉൽപാദനം.
പരമ്പരാഗത മത്സ്യബന്ധനത്തിൽ ഗവർണറേറ്റുകളിൽ അൽവുസ്ത ഗവർണറേറ്റ് ഒന്നാമത്. 182,460 ടൺ ആയിരുന്നു മത്സ്യ ഉൽപാദനം. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ 34.2 ശതമാനത്തിന്റെ ഇടിവാണുണ്ടായിരിക്കുന്നത്. 29.2 ശതമാനം ഇടിവുമായി 162,047 ടൺ ഉൽപാദിപ്പിച്ച് സൗത്ത് ശർഖിയ ഗവർണറേറ്റ് രണ്ടാം സ്ഥാനത്താണ്. തൊട്ടടുത്ത് വരുന്നത് തെക്ക്-വടക്ക് ബാത്തിനകളാണ്; 58,307 ടൺ ആണ് മത്സ്യ ഉൽപാദനം.
വാണിജ്യ, തീരദേശ മത്സ്യബന്ധന മേഖലകളിൽ യഥാക്രമം 34.5, 9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനത്തോടെ പരമ്പരാഗത മത്സ്യബന്ധനത്തിന്റെ ഏറ്റവും വലിയ പങ്ക് ചെറിയ പെലാജിക് മത്സ്യങ്ങളാണ്. ഇത് 250,989 ടൺ ആയി ഉയർന്നു. 2021ലെ സമാന കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 35.9 ശതമാനത്തിന്റെ വർധനയാണ് കാണിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

