ഒമാനിൽ മത്സ്യവില വർധിക്കുന്നു
text_fieldsമസ്കത്ത്: ഉൽപാദനം കുറഞ്ഞതടക്കമുള്ള നിരവധി കാരണങ്ങളാൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി മത്സ്യവില കുതിച്ചുയരുന്നു. മത്സ്യവില ഉയരുന്നത് കഴിഞ്ഞ വർഷം നവംബറിൽ പണപ്പെരുപ്പം വർധിക്കാൻ കാരണമായതായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെൻറർ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം നവംബറിൽ മുൻ വർഷത്തെക്കാൾ 10.6 ശതമാനം വിലവർധനവാണ് ഉണ്ടായത്. ഒമാൻ മാർക്കറ്റിൽ വിതരണം കുറഞ്ഞതും ഉപഭോക്താക്കളുടെ ഡിമാൻഡ് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമെന്ന് കൃഷി, മത്സ്യ, ജലവിഭവ മന്ത്രാലയം ഡയറക്ടർ ജനറൽ റേദാ ബൈത്ത് ഫറാജ് പറഞ്ഞു. അടുത്തിടെ അനുഭവപ്പെട്ട കാലാവസ്ഥാ വ്യതിയാനം കാരണം ഒമാൻ തീരത്ത് മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും വിലകൂടാൻ കാരണമായിട്ടുണ്ട്. തണുപ്പുകാലത്ത് തിരമാലകൾ ശക്തി പ്രാപിക്കാറുണ്ട്. ഇക്കാരണത്താൽ ഇത്തരം സീസണിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിൽനിന്ന് വിട്ടുനിൽക്കുന്നത് സാധാരണമാണ്. ഒമാനിൽ താമസിക്കുന്നവരുടെ ഇഷ്ട ഭക്ഷ്യവിഭവങ്ങളായ പല മത്സ്യ കൂട്ടങ്ങളും തീരങ്ങളിൽനിന്ന് വിട്ടുപോയതായും അദ്ദേഹം പറഞ്ഞു.
ഒമാൻ മത്സ്യമേഖലയിൽ നിലവിൽ നിലനിൽക്കുന്ന വിതരണവും ആവശ്യവും തമ്മിലുള്ള വലിയ അന്തരം മാറ്റുകയും മാർക്കറ്റിന്റെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിനായി മന്ത്രാലയം പഠനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മത്സ്യത്തിന്റെയും മത്സ്യ ഉൽപന്നങ്ങളുടെയും കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതടക്കമുള്ള നിരവധി നിർദേശങ്ങൾ മന്ത്രാലയത്തിന് ലഭിച്ചിട്ടുണ്ട്. പ്രാദേശികതലത്തിലുള്ള മത്സ്യവിതരണ കമ്പനികളുമായി ബന്ധപ്പെട്ട് മാർക്കറ്റിൽ കൂടുതൽ മത്സ്യം എത്തിക്കാനുള്ള ശ്രമവും മന്ത്രാലയം നടത്തുന്നുണ്ട്. ഖാബൂറ മത്സ്യ മാർക്കറ്റിൽ ദിവസവും നടക്കുന്ന മത്സ്യ ലേലമാണ് ഈ മേഖലയിൽ മത്സ്യവില വർധിക്കാൻ പ്രധാന കാരണമെന്ന് ഖാബുറ മത്സ്യത്തൊഴിലാളി പുനരധിവാസ ഇൻസ്റ്റിറ്റ്യൂട്ടിലെ ഖാലിദ് അൽ ഹുസ്നി പറയുന്നു. ലേലത്തിലൂടെ വ്യാപാരികൾ കുറഞ്ഞ വിലയ്ക്ക് മത്സ്യത്തൊഴിലാളികളിൽനിന്ന് മത്സ്യം എടുക്കുകയും പിന്നീട് ഉയർന്ന വിലയ്ക്ക് സാധാരണ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്യുന്നു.
ഇടനിലക്കാരൻ ഉള്ളതിനാൽ ഉപഭോക്താവിന് മത്സ്യത്തിന് കൂടുതൽ വില നൽകേണ്ട അവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യവില കുറക്കാൻ മറ്റ് നടപടികൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ മാർക്കറ്റ് സൂക്ഷ്മമായി വിലയിരുത്തുകയും വിവിധ ഇനം മത്സ്യങ്ങളുടെ വില നിശ്ചയിക്കുകയും അത് ഇലക്ട്രോണിക് ബോർഡിൽ ദിവസവും പ്രസിദ്ധീകരിക്കുകയും ചെയ്യണം. അതിനിട ഒമാന്റെ ആഭ്യന്തര വളർച്ചക്ക് കഴിഞ്ഞ വർഷം ഒക്ടോബർവരെ 276 ദശലക്ഷം റിയാലാണ് മത്സ്യബന്ധന മേഖലയിൽനിന്ന് ലഭിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ അവസാനം വരെ 608,000 ടൺ മത്സ്യം ഒമാൻ കടലിൽനിന്ന് പിടിച്ചിരുന്നു. 2018നേക്കാൾ 4.8 ശതമാനം മത്സ്യം 2019 ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

