ചൂട് വർധിച്ചു; മത്സ്യലഭ്യത കുറഞ്ഞു
text_fieldsമത്ര മത്സ്യ മാർക്കറ്റിൽനിന്നുള്ള കാഴ്ച (ഫയൽ)
മസ്കത്ത്: ചൂട് വർധിച്ചതോടെ രാജ്യത്ത് മത്സ്യ ലഭ്യത കുറഞ്ഞു. ആവശ്യത്തിന് മത്സ്യം ലഭിക്കാത്തതിനാൽ കഴിഞ്ഞ കുറെ ദിവസങ്ങളായി കുറച്ച് മത്സ്യങ്ങൾ മാത്രമാണ് മത്രയിലെ സെൻട്രൽ മത്സ്യ മാർക്കറ്റിൽ എത്തിയത്. അയലയും ചെമ്മീനും കിട്ടിയിരുന്നെങ്കിലും, ട്യൂണയും മറ്റു വിലകൂടിയ ഇനങ്ങളും കുറവായിരുന്നു. താപനില വർധിച്ചതോടെ തീരത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ ഭാഗങ്ങളിൽനിന്ന് മീനുകൾ ആഴം കൂടിയ ഭാഗങ്ങളിലേക്ക് നീങ്ങുന്നതാണ് ലഭ്യത കുറയാനുള്ള പ്രധാന കാരണമെന്ന് മത്സ്യതൊഴിലാളികൾ പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളിലായി കനത്ത ചൂടാണ് രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്. മിക്ക പ്രദേശങ്ങളിലും 40 ഡിഗ്രിസെൽഷ്യസിന് മുകളിലാണ് ചൂട് രേഖപ്പെടുത്തിയത്. സാധാരണയായി മേയ് പകുതിയോടെയാണ് ഇത്രയും ചൂട് കടുക്കാറുള്ളത്. എന്നാൽ, ഇപ്രാവശ്യം ഏപ്രിൽ തന്നെ നല്ല ചൂടാണുണ്ടായിരുന്നത്.
താപനില ഗണ്യമായി ഉയരാൻ തുടങ്ങിയതിനുശേഷം മാർക്കറ്റിലേക്കുള്ള മത്സ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞു. തീരത്തുനിന്ന് ഒരു നോട്ടിക്കൽ മൈൽ അകലെയാണ് മീനുകൾ ഇപ്പോഴുള്ളത്. ഉപജീവനത്തിന് ആവശ്യമായ മത്സ്യം മാത്രമേ ഇപ്പോൾ പിടിക്കുന്നുള്ളുവെന്ന് മത്സ്യത്തൊഴിലാളിയായ അഹമ്മദ് അൽ ഹസാനി പറഞ്ഞു. മത്സ്യ ലഭ്യത കുറവ് ഏറെ ബാധിച്ചിരിത്തുന്നത് ചെറിയ മത്സ്യങ്ങളെ തിരയുന്നവരെയാണ്. അവർ വെറും കയ്യോടെ മടങ്ങേണ്ട സ്ഥിതിയാണെന്നും വലുതും വിലകൂടിയതുമായ മത്സ്യങ്ങൾ വാങ്ങുന്നവർ പരിമിതമാണെന്നും മത്സ്യവ്യാപാരിയായ ഒരാൾ പറഞ്ഞു.
ആഗോളതാപനത്തിന്റെ ഫലമായി ലോകമെമ്പാടുമുള്ള മത്സ്യങ്ങൾ തണുത്ത വെള്ളത്തിലേക്ക് നീങ്ങുന്നുണ്ടെന്നും, ഭൂരിഭാഗം മത്സ്യങ്ങളും തണുപ്പ് നിലനിർത്താൻ ഉത്തര, ദക്ഷിണ ധ്രുവങ്ങൾക്ക് അടുത്തേക്കോ അല്ലെങ്കിൽ സാധാരണയായി ജീവിക്കുന്നതിനേക്കാൾ ആഴത്തിലുള്ള വെള്ളത്തിലേക്കോ നീങ്ങുന്നുണ്ടെന്നും ഒരു പുതിയ പഠന റിപ്പോർട്ട് പറയുന്നു. സമുദ്ര താപനില ഉയരുന്നതിനാലാണ് അവർ ഇത് ചെയ്യുന്നതെന്ന് ഗ്ലാസ്ഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം പറയുന്നു.
ചെറിയ കാലയളവിലേക്കാണങ്കെിലും മത്സ്യ ലഭ്യതയുടെ കുറവ് ഞങ്ങൾക്ക് നല്ലൊരു വെല്ലുവിളിയാണെന്ന് ആൽ ഹസാനി പറഞ്ഞു. മത്ര മാർക്കറ്റിലും പരിസരത്തും മത്സ്യബന്ധനം അല്ലെങ്കിൽ വിൽപന, മത്സ്യവുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ എന്നിവയെ ആശ്രയിച്ച് 2,000-ത്തിലധികം ആളുകൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സമീപ വർഷങ്ങളിൽ വാണിജ്യ മത്സ്യകൃഷി ഉൽപാദനത്തിൽ ഗണ്യമായ വളർച്ച കൈവരിക്കുന്നുണ്ടെന്നാണ് ദേശീയസ്ഥിതി വിവര കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്. 2024ൽ വളർത്തു മത്സ്യങ്ങളുടെ ഉത്പാദനം 5,117 ടണ്ണായി ഉയർന്നതായാണ് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മൊത്തം ഉൽപാദന മൂല്യം 15.1 ദശലക്ഷം റിയാലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

