ആദ്യ പഞ്ചസാര ശുദ്ധീകരണശാല സുഹാറിൽ പ്രവർത്തനം തുടങ്ങി
text_fieldsഒമാനിലെ ആദ്യത്തെ പഞ്ചസാര ശുദ്ധീകരണശാല സുഹാർ വ്യവസായിക തുറമുഖത്ത് പ്രവർത്തനം തുടങ്ങിയപ്പോൾ
മസ്കത്ത്: ഒമാനിലെ ആദ്യത്തെ പഞ്ചസാര ശുദ്ധീകരണശാല സുഹാർ വ്യവസായിക തുറമുഖത്ത് പ്രവർത്തനം തുടങ്ങി. 180,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ ശുദ്ധീകരണശാല മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. ബ്രസീലിൽനിന്ന് 90,000 മെട്രിക് ടണ്ണിലധികം അസംസ്കൃത പഞ്ചസാരയുടെ ആദ്യ കയറ്റുമതിക്ക് ഓർഡർ ലഭിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവിദ്യയോടെയാണ് സുഹാർ വ്യവസായിക തുറമുഖം സജ്ജീകരിച്ചിരിക്കുന്നത്. പ്രാദേശിക, അന്തർദേശീയവിപണികൾക്ക് സേവനം നൽകുന്ന ഉയർന്നനിലവാരമുള്ള ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരയുടെ വാർഷിക ഉൽപാദനശേഷി ഒരു ദശലക്ഷം ടൺ വരെയാണ്.
മൊബൈൽ ക്രെയിനുകളും നൂതന കൺവെയർ സംവിധാനങ്ങളും ഉപയോഗിച്ച് പഞ്ചസാര നേരിട്ട് ശുദ്ധീകരണശാലയുടെ ഓട്ടോമേറ്റഡ് വെയർഹൗസുകളിലേക്ക് ഇറക്കുന്നുണ്ടെന്ന് ബോർഡ് ചെയർമാൻ നാസർ ബിൻ അലി അൽ ഹുനി ഒമാൻ വാർത്ത ഏജൻസിയോട് പറഞ്ഞു. അസംസ്കൃത പഞ്ചസാരക്ക് 500,000 മെട്രിക് ടണ്ണിലധികവും ശുദ്ധീകരിച്ച വെളുത്ത പഞ്ചസാരക്ക് 70,000 മെട്രിക് ടണ്ണും സംഭരണശേഷിയുണ്ട് ഇവിടെ.
പഞ്ചസാര ശുദ്ധീകരണശാലയിക്ക് ഒ.ക്യൂ ഗ്രൂപ്പിൽനിന്നുള്ള ഗ്യാസ് വിതരണങ്ങളുടെ കണക്ഷൻ പൂർത്തിയാക്കിയ ശേഷമാണ് റിഫൈനറി പരീക്ഷണഘട്ടത്തിലേക്ക് കടക്കുന്നത്. ഉരുക്കൽ പ്രവർത്തനങ്ങൾ ആഗസ്റ്റിൽ ആരംഭിക്കും. സെപ്റ്റംബറോടെ വാണിജ്യാടിസ്ഥാനത്തിലുള്ള വെളുത്ത പഞ്ചസാര ഉൽപാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാനി യുവാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും ഗണ്യമായ തൊഴിലവസരങ്ങളും പരിശീലന അവസരങ്ങളും റിഫൈനറിയിലൂടെ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

