മസ്കത്ത്: രാജ്യത്ത് രണ്ടിടത്ത് താമസ സ്ഥലങ്ങളിൽ തീപിടിത്തം. സുഹാറിലും ജഅലാൻ ബനീ ബൂഅലിയിലുമാണ് തീപിടിത്തങ്ങൾ ഉണ്ടായത്. സുഹാറിലെ അൽ മുൽതഖ മേഖലയിലെ വീട്ടിൽ ചൊവ്വാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. വീട്ടിനുള്ളിൽ കുടുങ്ങിയ മൂന്നു യൂറോപ്യൻ വംശജരെ സിവിൽ ഡിഫൻസ് എത്തിയാണ് രക്ഷിച്ചത്.
പുകശ്വസിച്ചതിനെ തുടർന്ന് ചെറിയ പരിക്കുള്ള ഇവർക്ക് വൈദ്യ സഹായം ലഭ്യമാക്കിയതായും സിവിൽ ഡിഫൻസ് അറിയിച്ചു. തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബനീ ബൂഅലിയിലാണ് രണ്ടാമത്തെ തീപിടിത്തം. വ്യവസായ മേഖലയിൽ വീട്ടുജോലിക്കാർ താമസിക്കുന്ന സ്ഥലത്താണ് ബുധനാഴ്ച രാവിലെ തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലാതെ തീയണക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു.