സാമ്പത്തിക ഉൾച്ചേർക്കൽ; പ്രത്യേക പരിപാടി സംഘടിപ്പിച്ച് ലുലു ഫിനാൻഷ്യലും ഈസ്റ്റ്നെറ്റ്സും
text_fieldsലോക സാമ്പത്തിക ഫോറം ഉച്ചകോടിയോടനുബന്ധിച്ച് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും ഈസ്റ്റ്നെറ്റ്സും ചേർന്ന് നടത്തിയ പരിപാടിയിൽനിന്ന്
മസ്കത്ത്: സ്വിറ്റ്സർലൻഡിലെ ദാവോസിൽ സമാപിച്ച ലോക സാമ്പത്തിക ഫോറം ഉച്ചകോടിയോടനുബന്ധിച്ച് യു.എ.ഇ ആസ്ഥാനമായുള്ള ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സും ഈസ്റ്റ്നെറ്റ്സും ചേർന്ന് ‘സാമ്പത്തിക ഉൾച്ചേരലിൽ സാങ്കേതികവിദ്യയുടെ പങ്ക്’ വിഷയത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചു. മത്സരത്തിനിടയിലും സഹകരണം നിലനിർത്തുന്നതിന് സർക്കാറുകളും ഫിൻടെക്കുകകളും സ്ഥാപനങ്ങളും ഉൾപ്പെടെ എല്ലാ പങ്കാളികളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.
കമ്പനികളെ പരസ്പരം പ്രയോജനപ്പെടുത്താൻ സഹായിക്കുന്നതിൽ കംപ്ലയന്റ് സൊലൂഷനുകളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈസ്റ്റ്നെറ്റ്സ് സ്ഥാപകനും സി.ഇ.ഒയുമായ ഹാസെം മുൽഹിം, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് ചീഫ് കംപ്ലയൻസ് ഓഫിസർ ക്രിസ്റ്റോസ് ക്രിസ്റ്റോ, ഡൗ ജോൺസ് റിസ്ക് ആൻഡ് കംപ്ലയൻസ് ജനറൽ മാനേജർ ജോയൽ ലാംഗെ എന്നിവർ സംസാരിച്ചു. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് പോലുള്ള കമ്പനികൾ ഫിൻടെക്കുകൾക്കും പരമ്പരാഗത സ്ഥാപനങ്ങൾക്കും പ്ലാറ്റ്ഫോം അധിഷ്ഠിത സേവനങ്ങൾ പ്രാപ്തമാക്കുന്നുണ്ടെന്ന് ക്രിസ്റ്റോസ് പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും സാമ്പത്തികപ്രക്രിയയിൽ ഉൾച്ചേർക്കുമ്പോൾ സാമ്പത്തികസ്ഥിരത സൃഷ്ടിക്കണമെന്നും കടക്കെണിയിലേക്ക് നയിക്കരുതെന്നും ഹസീം മുൽഹിം പറഞ്ഞു. സാമ്പത്തിക ഉൾച്ചേർക്കൽ ഉപഭോക്താക്കളുടെ ആവശ്യങ്ങളും സാമ്പത്തിക വിദ്യാഭ്യാസവുമായി ചേർന്നുനിൽക്കണം.
വഞ്ചന, ഡേറ്റ സ്വകാര്യതാ പ്രശ്നങ്ങൾ, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർരി, ഐ.എം.ടി.എഫ് ചെയർമാൻ മാർക്ക് ബുസ്സർ, ഇ ആൻഡ് ഗ്രൂപ് സി.ഇ.ഒ ഹാതിം ഡോവിദാർ, ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംസീർ വയലിൽ, റിപ്പിൾ സർവിസസ് പ്രതിനിധി ബ്രൂക്സ് എന്റ്വിസിൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

