സാമ്പത്തികമാന്ദ്യവും വർധിച്ച ജീവിതച്ചെലവും: വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞു
text_fieldsമസ്കത്ത്: സാമ്പത്തിക മാന്ദ്യവും ഉയരുന്ന ജീവിതച്ചെലവും മറ്റും മൂലം കഴിഞ്ഞവർഷം വിദേശത്തേക്കുള്ള പണമൊഴുക്ക് കുറഞ്ഞതായി കണക്കുകൾ. ഒമാനിൽ ജോലിചെയ്യുന്ന വിദേശത്തൊഴിലാളികൾ ധനവിനിമയ സ്ഥാപനങ്ങൾ വഴി തങ്ങളുടെ മാതൃരാജ്യത്തേക്ക് അയച്ച പണത്തിൽ 6.5 ശതമാനത്തിെൻറ കുറവാണ് 2015നെ അപേക്ഷിച്ച് ഉണ്ടായതെന്ന് ഒമാൻ സെൻട്രൽ ബാങ്കിെൻറ വാർഷിക റിപ്പോർട്ട് പറയുന്നു.
2015ൽ 4.2 ശതകോടി റിയാലായിരുന്ന തുക 3.95 ശതകോടി റിയാലായാണ് കഴിഞ്ഞവർഷം കുറഞ്ഞത്. 2010ൽ ക്രമമായ വളർച്ചയാണ് വിദേശത്തേക്ക് അയക്കുന്ന പണത്തിെൻറ കാര്യത്തിൽ ഉണ്ടായിരുന്നത്. 2010ൽ 2.13 ശതകോടി റിയാലായിരുന്നത് 2011ൽ 2.77 ശതകോടിയായും 12ൽ 3.1 ശതകോടിയായും 13ൽ 3.5 ശതകോടിയായും 14ൽ 3.96 ശതകോടിയായും ഉയർന്നു. 2015ൽ സർവകാല റെക്കോഡായി നാലു ശതകോടി കവിഞ്ഞാണ് തൊട്ടടുത്ത വർഷം കുറഞ്ഞത്. കുറഞ്ഞ വേതനക്കാരായ തൊഴിലാളികളുടെയാണ് വിദേശത്തേക്ക് ഒഴുകുന്ന പണത്തിൽ കൂടുതലും. കുടുംബത്തെ മാതൃരാജ്യത്ത് വിട്ട് തൊഴിലിന് എത്തുന്ന ഇവർ ലഭിക്കുന്ന ശമ്പളത്തിെൻറ നല്ല പങ്കും കുടുംബത്തിന് അയച്ചുകൊടുക്കുന്നു.
ഏറ്റവും ഒടുവിലെ കണക്കനുസരിച്ച് ബംഗ്ലാദേശികളാണ് ഒമാനിലെ തൊഴിൽ സേനയിൽ കൂടുതൽ പേരും 694,499 പേർ. 691,775 പേരുള്ള ഇന്ത്യക്കാരാണ് രണ്ടാമത്. കഴിഞ്ഞ വർഷം സ്വകാര്യ മേഖലയിൽ വിദേശികൾക്കാണ് കൂടുതൽ ജോലികൾ ലഭിച്ചതെന്നും സെൻട്രൽ ബാങ്കിെൻറ അവലോകന രേഖകൾ പറയുന്നു. പ്രവാസികളുടെ തൊഴിൽ ലഭ്യത 9.3 ശതമാനം വർധിച്ചപ്പോൾ സ്വദേശികളുടേതിൽ 6.4 ശതമാനത്തിെൻറ വർധന മാത്രമാണ് ഉണ്ടായത്. സർക്കാർ മേഖലയിലും വിദേശികൾക്കാണ് കഴിഞ്ഞ വർഷം കൂടുതൽ തൊഴിൽ ലഭിച്ചത്. വിദേശി തൊഴിൽ ലഭ്യതയിൽ 5.6 ശതമാനത്തിെൻറ വർധനയാണ് ഉണ്ടായത്. സ്വദേശി വിഭാഗത്തിലെ തൊഴിൽ ലഭ്യതയിലുണ്ടായത് 0.6 ശതമാനത്തിെൻറ വർധനയാണ്. പൊതുമേഖലയിലെ തൊഴിൽ ലഭ്യതയിൽ 2015നെ അപേക്ഷിച്ച് നോക്കുേമ്പാൾ 1.6 ശതമാനത്തിെൻറ വർധന മാത്രമാണ് ഉണ്ടായത്.
എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള നടപടികൾക്കൊപ്പം സ്വദേശിവത്കരണത്തിെൻറ വിഷയങ്ങളിലും കഴിഞ്ഞ വർഷങ്ങളിലായി സർക്കാർ ഉറച്ച നിലപാടാണ് പുലർത്തിവരുന്നത്. സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികളോട് സൗഹാർദപരമായ സമീപനമായിരിക്കില്ല പുലർത്തുകയെന്ന് വ്യവസായ,വാണിജ്യ മന്ത്രി അലി ബിൻ മസൂദ് അൽ സുനൈദി അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിർമാണ മേഖലയടക്കം അൺസ്കിൽഡ് മേഖലകളിൽ സ്വദേശി തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യമാണ് വിദേശ തൊഴിലാളികളുടെ അധിക റിക്രൂട്ട്മെൻറിന് വഴിയൊരുക്കുന്നതെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. അതേസമയം, അക്കൗണ്ടൻറ് ഫിനാൻസ് തസ്തികകൾ അടക്കമുള്ള മേഖലകളിൽ സ്വദേശിവത്കരണം ഇതിനകം ഉയർന്ന തോതിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
