കാൽപന്തിൽ സ്നേഹതാളം കണ്ടെത്തിയ പ്രിയപ്പെട്ട ഉപ്പ!
text_fields‘‘വലിയൊരു മേശപ്പുറത്ത് രാജകീയമായി ഇരുന്ന ആ ടെലിവിഷന് മുന്നിൽ രാത്രി വൈകുംതോറും ആളുകൾ നിറയും. ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും വഴിയാത്രക്കാരും വരെ ‘മാച്ച് ഒന്ന് കണ്ടിട്ടുപോകാം’ എന്ന് പറഞ്ഞ് കയറി ഇരിക്കും. ലോകകപ്പ് രാത്രികളിൽ ഞങ്ങളുടെ വീട് ഒരു ചെറിയ ഫുട്ബാൾ ക്ലബ്ബായി മാറുമായിരുന്നു...’’
എന്റെ ബാല്യകാല ഓർമ്മകളിൽ ഏറ്റവും തെളിഞ്ഞുനിൽക്കുന്ന ചിത്രങ്ങളിലൊന്നാണ് ലോകകപ്പ് രാവുകളും അതിന്റെ കേന്ദ്രബിന്ദുവായിരുന്ന എന്റെ ഉപ്പയും. അന്ന് കോഴിക്കോട് നഗരത്തിലെ ഞങ്ങളുടെ വലിയ തറവാട് ഫുട്ബാൾ പ്രേമികളുടെ ഒരിടത്താവളമായിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന ഉപ്പ അവധിക്ക് നാട്ടിലെത്തിയപ്പോൾ ആദ്യം വാങ്ങിയ വലിയ സാധനങ്ങളിലൊന്നായിരുന്നു ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ. ഇന്നത്തെ പോലെ റിമോട്ടും സൗകര്യങ്ങളുമില്ലാത്ത കാലം. ചാനൽ മാറ്റണമെങ്കിൽ ടിവിയുടെ അടുത്തേക്ക് പോയി വലിയ നോബ് തിരിക്കണം. എന്നിട്ടും ആ ചെറിയ സ്ക്രീൻ ഞങ്ങൾക്ക് മുന്നിൽ തുറന്നത് ഒരു വലിയ ലോകമായിരുന്നു.
എല്ലാവർക്കും കളി കാണാൻ സൗകര്യമാകണമെന്ന ഉപ്പയുടെ ആഗ്രഹം കൊണ്ടാണ് ടിവി വീടിന്റെ ഉമ്മറത്തിണ്ണയിലേക്ക് മാറ്റിവെച്ചത്. വലിയൊരു മേശപ്പുറത്ത് രാജകീയമായി ഇരുന്ന ആ ടെലിവിഷന് മുന്നിൽ രാത്രി വൈകുംതോറും ആളുകൾ നിറയും. ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും വഴിയാത്രക്കാരും വരെ ‘മാച്ച് ഒന്ന് കണ്ടിട്ടുപോകാം’ എന്ന് പറഞ്ഞ് കയറി ഇരിക്കും. ലോകകപ്പ് രാത്രികളിൽ ഞങ്ങളുടെ വീട് ഒരു ചെറിയ ഫുട്ബാൾ ക്ലബ്ബായി മാറുമായിരുന്നു.
കളി തുടങ്ങുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ടിവിയിലേക്കാകും. ഇടക്ക് ചിത്രം മങ്ങുകയോ ആന്റിന തെറ്റുകയോ ചെയ്താൽ ആരെങ്കിലും മേൽക്കൂരയിലേക്ക് ഓടിക്കയറും. താഴെ നിന്ന് എല്ലാവരും ചേർന്ന് “കുറച്ചുകൂടി… മതി… അവിടെ നിർത്ത്…” എന്ന് വിളിച്ചുപറയും. ചിത്രം തെളിഞ്ഞാൽ മുഴുവൻ മുറ്റത്തും ഒരേ കൈയടി. ആ രാത്രികളിലെ മറ്റൊരു മധുര ഓർമയാണ് ഉമ്മയുടെ സ്നേഹം. അടുക്കളയിൽ നിന്ന് ചൂട് സുലൈമാനിയും പലഹാരങ്ങളും തുടരെ എത്തിക്കൊണ്ടിരിക്കും. ആരൊക്കെ വന്നാലും അവർ അതിഥികളല്ല, വീട്ടുകാരാണ് എന്ന മനസ്സായിരുന്നു ഉപ്പക്കും ഉമ്മക്കും.
ഉപ്പക്ക് ലോകകപ്പ് മാത്രമായിരുന്നില്ല ഫുട്ബോൾ. നാട്ടിലെ സെവൻസ് ടൂർണമെന്റുകൾ തുടങ്ങുന്ന കാലമായാൽ എന്നെയും കൂട്ടി കളി കാണാൻ പോകുമായിരുന്നു. തിരക്കേറിയ മൈതാനങ്ങൾ, ഫ്ലഡ് ലൈറ്റുകളുടെ വെളിച്ചം, കാണികളുടെ ആവേശം, ഓരോ ഗോളിനും ഉയരുന്ന ആർപ്പുവിളികൾ -ആ അന്തരീക്ഷം എനിക്ക് പരിചയപ്പെടുത്തി തന്നത് ഉപ്പയാണ്. ഫുട്ബാൾ ഒരു കളി മാത്രമല്ല, ജനങ്ങളുടെ വികാരവും ആഘോഷവുമാണെന്ന് ഞാൻ ആദ്യം മനസ്സിലാക്കിയത് ആ സെവൻസ് മൈതാനങ്ങളിലായിരുന്നു.
അർജന്റീനയോ ബ്രസീലോ ജയിച്ചാൽ ഉപ്പയുടെ മുഖത്തെ സന്തോഷം കാണേണ്ടതായിരുന്നു. ഒരു മനോഹരമായ പാസ്, ഒരു കിടിലൻ ഡ്രിബിൾ, ഒരു ഗോൾ...ഓരോ നിമിഷവും കുട്ടിയെപ്പോലെയുള്ള ആവേശത്തോടെയായിരുന്നു അദ്ദേഹം ആസ്വദിച്ചിരുന്നത്. ഫുട്ബാളിനെ സ്നേഹിക്കാനും നല്ല കളിയെ ആദരിക്കാനും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു.
ഇന്ന് ലോകകപ്പ് കാണാൻ വലിയ സ്ക്രീനുകളും ഹൈഡെഫിനിഷൻ ചിത്രങ്ങളും മൊബൈൽ ഫോണുകളും എല്ലാം നമ്മുടെ കൈവശമുണ്ട്. പക്ഷേ ആ കറുപ്പും വെളുപ്പും ടെലിവിഷന് മുന്നിലിരുന്ന്, ഒരു നാട് മുഴുവൻ ഒരുമിച്ച് ഗോൾ വിളിച്ച ആ രാത്രികളുടെ സന്തോഷം ഇന്നത്തെ ഒരു സാങ്കേതികവിദ്യക്കും തിരികെ കൊണ്ടുവരാൻ കഴിയില്ല.ഉപ്പ ഞങ്ങൾക്ക് സമ്മാനിച്ചത് ഒരു ടെലിവിഷൻ മാത്രമായിരുന്നില്ല. തലമുറകൾ ഓർത്തിരിക്കാൻ കഴിയുന്ന ഒരുപിടി ഓർമകളും മനുഷ്യരെ ഒരുമിച്ച് ചേർത്തുനിർത്തിയ സ്നേഹവും ഫുട്ബോളിനോടുള്ള അടങ്ങാത്ത പ്രണയവുമായിരുന്നു.
ഇന്നും ലോകകപ്പ് തുടങ്ങുമ്പോഴോ നാട്ടിൽ ഒരു സെവൻസ് മത്സരം നടക്കുമ്പോഴോ മനസ്സ് അറിയാതെ ആ ഉമ്മറത്തിണ്ണയിലേക്കും ആ ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷനിലേക്കും, സുലൈമാനിയുടെ മണത്തിലേക്കും ഫുട്ബാളിനെ ജീവനെപ്പോലെ സ്നേഹിച്ച എന്റെ ഉപ്പയിലേക്കും തിരികെ പോകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

