ഇന്ത്യൻ സ്കൂൾ മുലദ്ദയിലെ ഫീസ് വർധന: പ്രതിഷേധവുമായി രക്ഷിതാക്കൾ
text_fieldsഫീസ് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുലദ്ദ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പലിന് രക്ഷിതാക്കൾ നിവേദനം നൽകുന്നു
മുലദ്ദ: ഇന്ത്യൻ സ്കൂൾ മുലദ്ദയിലെ ഫീസ് വർധനക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ. എല്ലാ വർഷവും ഒരു റിയാൽ വീതം ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം ന്യായീകരിക്കാനാവില്ലെന്നും ഇത് പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിന് നിവേദനം നൽകി.
ഓപൺ ഹൗസിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കളാണ് ഫീസ് വർധനയിലെ ആശങ്ക അറിയിച്ച് നിവേദനം സമർപ്പിച്ചത്. സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന കുടുംബങ്ങളിൽ വർധന പ്രയാസം സൃഷ്ടിക്കുമെന്നും രണ്ടും മൂന്നും കുട്ടികളെ പഠിപ്പിക്കുന്ന സാധാരണക്കാരെ ഇത്തരം നടപടികൾ സാരമായി ബാധിക്കുമെന്നും ഇന്ത്യൻ ജനതയുടെ ഉന്നമനത്തിനായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കേണ്ട പ്രസ്ഥാനമാണ് ഇന്ത്യൻ സ്കൂളെന്ന് പലപ്പോഴും ബന്ധപ്പെട്ട അധികാരികൾ മറന്നുപോകുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു. നിവേദനം സ്വീകരിച്ച പ്രിൻസിപ്പൽ മാനേജ്മെന്റിന് കൈമാറുന്നതോടൊപ്പം രക്ഷിതാക്കളുടെ ആശങ്കകൾ പരിഗണിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി രക്ഷിതാക്കൾ പറഞ്ഞു. അസീബ് തലാപ്പിൽ, ഗ്രൈജു ജോസഫ്, അജീബ്, നസീമ ഷഫീക്, ജൂലിയ ഗ്രൈജു, സാം, സൈഫു, ഷഫീക് ബർക്ക തുടങ്ങിയ രക്ഷിതാക്കളുടെ നേതൃത്വത്തിലായിണ് നിവേദനം നൽകിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, കലാ കായിക പ്രവർത്തനങ്ങളുടെ ആവശ്യകത എന്നിവയെ കുറിച്ചും രക്ഷിതാക്കൾ പ്രിൻസിപ്പലുമായി സംസാരിച്ചു.
ഫീസ് ഘടനയിൽ എന്തെങ്കിലും കാര്യമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് ആശയവിനിമയവും കൂടിയാലോചനയും നടത്തേണ്ടതായിരുന്നുവെന്നും രക്ഷിതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

