
ഫീസ് വർധന, അക്കാദമിക പ്രശ്നങ്ങൾ: ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാനെ കണ്ട് രക്ഷിതാക്കൾ
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂളിലെ ഫീസ് വർധന, അക്കാദമിക് നിലവാരത്തിലെ വീഴ്ചകൾ, പാഠപുസ്തകങ്ങളുടെ അമിതവില, വിദ്യാർഥികളോടുള്ള അധ്യാപകരുടെയും കൗൺസിലർമാരുടെയും സമീപനം തുടങ്ങി നിരവധി ഗൗരവമായ വിഷയങ്ങൾ ഉന്നയിച്ച് ഡോ. സജി ഉതുപ്പാനും സിജു തോമസും സ്കൂൾ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാനുമായി കൂടിക്കാഴ്ച നടത്തി.
രക്ഷിതാക്കളുടെ ആശങ്കകൾ അവതരിപ്പിച്ച യോഗത്തിൽ വിഷയങ്ങൾക്ക് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. നിരവധി രക്ഷിതാക്കൾ ഒപ്പുവെച്ച നിവേദനം ചെയർമാനു സമർപ്പിച്ചു. അടുത്തിടെ നടപ്പാക്കിയ ഫീസ് വർധന ഉടൻ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. രക്ഷിതാക്കളുടെ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ കുടുംബങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് പ്രതിമാസം ഈടാക്കുന്ന ഒരു റിയാൽ പിഴ പൂർണമായി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
സ്കൂൾ ഈടാക്കുന്ന ഇൻഫ്രാസ്ട്രക്ചർ ഫീസ് പൂർണമായും ഒഴിവാക്കണമെന്നും രക്ഷിതാക്കൾ ആവശ്യമുയർത്തിയിട്ടുണ്ട് ഈ ഫീസ് നിലവിലുള്ള സൗകര്യങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ ന്യായീകരിക്കാനാവാത്തതാണെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി.
അക്കാദമിക് രംഗത്തെ വീഴ്ചകളും യോഗത്തിൽ ശക്തമായി ഉന്നയിച്ചു. പാഠപുസ്തകങ്ങളിലെ നിരവധി അധ്യായങ്ങൾ പഠിപ്പിക്കപ്പെടാതെ അവശേഷിക്കുന്നതോടെ കുട്ടികൾക്ക് പുസ്തകങ്ങൾ ഉപയോഗിക്കാനുള്ള താൽപര്യം നഷ്ടപ്പെടുന്നുവെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി. അതേസമയം, പാഠപുസ്തകങ്ങളുടെ വില അസാധാരണമായി ഉയർന്നിരിക്കുന്നതും രക്ഷിതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നതായും അവർ വ്യക്തമാക്കി.
വിദ്യാർഥികളോടുള്ള അധ്യാപകരുടെ സമീപനം കൂടുതൽ സൗഹൃദപരവും പോസിറ്റീവുമായിരിക്കണം എന്ന ആവശ്യവും ഉയർന്നു. എല്ലാ കുട്ടികളെയും ഉൾക്കൊള്ളുന്ന മനോഭാവത്തോടെ അധ്യാപകർ പെരുമാറേണ്ടതിന്റെ ആവശ്യകതയും രക്ഷിതാക്കൾ ചൂണ്ടിക്കാട്ടി.
സ്കൂൾ കൗൺസിലർമാരുടെ സമീപനത്തെക്കുറിച്ചും ആശങ്കകൾ ഉയർന്നു. കുട്ടികളെ കൂടുതൽ സ്നേഹത്തോടെയും അവരുടെ ബുദ്ധിമുട്ടുകളും മാനസികാവസ്ഥയും ഉൾക്കൊണ്ടുകൊണ്ട് പ്രഫഷനലായി കൈകാര്യം ചെയ്യണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
രക്ഷിതാക്കളുടെ വാദങ്ങൾ ശ്രദ്ധാപൂർവ്വം കേട്ട ചെയർമാൻ, വിഷയങ്ങൾ പ്രാധാന്യത്തോടെയും അടിയന്തര പരിഗണനയോടെയും പരിഹരിക്കുമെന്ന് ഉറപ്പുനൽകി. പ്രത്യേകിച്ച് അക്കാദമിക് വിഷയങ്ങളിൽ ഉടൻ ഇടപെട്ട് പരിഹാരം കാണുമെന്നും, ഫീസ് വർധന, പ്രതിമാസ പിഴ, ഇൻഫ്രാസ്ട്രക്ചർ ഫീസ് തുടങ്ങിയ വിഷയങ്ങളും ഗൗരവത്തോടെ പരിശോധിക്കുമെന്നും അറിയിച്ചു.
ഫീസും ഇൻഫ്രാസ്ട്രക്ചർ ഫീസും കുറക്കണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുമ്പ് സമർപ്പിച്ച നിവേദനം സംബന്ധിച്ചും ഡോ. സജി ഉതുപ്പാൻ ചെയർമാനെ ഓർമ്മിപ്പിച്ചു. അന്നത്തെ നിവേദനത്തിലെ ആവശ്യങ്ങൾക്കും ഇതുവരെയും യോജിച്ച പരിഗണന ലഭിച്ചിട്ടില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു. സ്കൂൾ ഭരണസമിതി രക്ഷിതാക്കളുടെ ആവശ്യങ്ങളിൽ ഉടൻ അനുകൂല നടപടി സ്വീകരിക്കുമെന്നു പ്രതീക്ഷിക്കുന്നതായി രക്ഷകർതൃ പ്രതിനിധികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
