എഫ്.സി.എൻ.ആർ നിക്ഷേപങ്ങളിൽ ഇപ്പോൾ ഉയർന്ന വരുമാനം
text_fieldsഅഡ്വ. ആർ മധുസൂദനൻ
കഴിഞ്ഞ വർഷം നവംബർ 16 ന് ഈ കോളത്തിൽ ഞാൻ എഴുതിയ ലേഖനം വിദേശ കറൻസിയിലെ നിക്ഷേപങ്ങളെപ്പറ്റി ആയിരുന്നു. അതിന്റെ ഗുണങ്ങളെപ്പറ്റി വിശദമായി പ്രതിപാദിച്ചിരുന്നു. അന്ന് ഒരു ഡോളറിനു ഏകദേശം 88 രൂപ ആയിരുന്നു. ഇന്നത് 96 രൂപയോളം എത്തി നിൽക്കുന്നു. അതായതു ഒരു ഡോളറിനു എട്ടു രൂപ അധികം. അന്ന് ഡോളറിൽ നിക്ഷേപം നടത്തിയവർ കോളടിച്ചു എന്ന് പറയാം.
ഇപ്പോൾ ഇങ്ങനെ ഒരു ലേഖനം വീണ്ടും എഴുതാനുള്ള കാരണം ഇന്ത്യൻ റിസർവ് ബാങ്ക് (ആർ.ബി.ഐ) ഈ മാസത്തെ അവലോകന യോഗത്തിൽ ഫോറിൻ കറൻസി നോൺ റസിഡന്റ് -ബി (എഫ്.സി.എൻ.ആർ-ബി) നിക്ഷേപങ്ങൾക്ക് ഉയർന്ന വരുമാനം വാഗ്ദാനം നൽകാൻ ബാങ്കുകൾക്ക് അനുമതി നൽകിയിരിക്കുന്നു. പ്രവാസികൾക്ക് അവരുടെ സമ്പാദ്യം സുരക്ഷിതമായി നിക്ഷേപിക്കാൻ ഏറ്റവും അനുയോജ്യമായ പദ്ധതികളിലൊന്നാണ് എഫ്.സി.എൻ.ആർ-ബി ഡെപ്പോസിറ്റ്. എന്നാൽ ഒരു സാധാരണ പ്രവാസിക്ക് ഇത്തരം നിക്ഷേപങ്ങൾ പൊതുവെ പ്രയാസമായിരിക്കും. സാമ്പത്തികമായി കഴിവുള്ള പ്രവാസികൾ പരിഗണിക്കാവുന്നതാണ്. ഇതിന്റെ പ്രധാന ഗുണങ്ങൾ ഇവയാണ്: സെപ്തംബര് 30 വരെയുള്ള നിക്ഷേപങ്ങൾക്കാണ് ഈ ആനുകൂല്യം .
1. വിനിമയനിരക്ക് (എക്സ്ചേഞ്ച് റേറ്റ്) അപകടസാധ്യത ഇല്ല
എഫ്.സി.എൻ.ആർ-ബി നിക്ഷേപങ്ങൾ യു.എസ്. ഡോളർ, പൗണ്ട് സ്റ്റേർലിംഗ്, യൂറോ തുടങ്ങിയ വിദേശ കറൻസികളിലാണ് സൂക്ഷിക്കുന്നത്. അതിനാൽ ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച നിക്ഷേപത്തിന്റെ മൂല്യത്തെ ബാധിക്കില്ല.
2. മൂലധനവും പലിശയും പൂർണമായി തിരിച്ചുകൊണ്ടുപോകാം
നിക്ഷേപിച്ച തുകയും ലഭിക്കുന്ന പലിശയും യാതൊരു നിയന്ത്രണവുമില്ലാതെ വിദേശ രാജ്യത്തേക്ക് അയക്കാൻ കഴിയും.
3. നികുതി ആനുകൂല്യം
ഇന്ത്യയിലെ നിലവിലെ നികുതി നിയമങ്ങൾ അനുസരിച്ച് എഫ്.സി.എൻ.ആർ-ബി നിക്ഷേപങ്ങളിൽ ലഭിക്കുന്ന ആദായത്തിനു ആദായനികുതി ബാധകമല്ല. അതിനാൽ നിക്ഷേപകന് കൂടുതൽ യഥാർത്ഥ വരുമാനം ലഭിക്കുന്നു.
4. സ്ഥിര വരുമാനം
നിക്ഷേപ സമയത്ത് നിശ്ചയിച്ച പലിശനിരക്ക് മുഴുവൻ കാലാവധിയിലും ബാധകമായതിനാൽ വിപണിയിലെ പലിശനിരക്കിലെ മാറ്റങ്ങൾ നിക്ഷേപത്തെ ബാധിക്കില്ല.
5. സുരക്ഷിത നിക്ഷേപ മാർഗം
ഇന്ത്യയിലെ അംഗീകൃത ബാങ്കുകളിലാണ് എഫ്.സി.എൻ.ആർ-ബി നിക്ഷേപങ്ങൾ നടത്തുന്നത്. അതിനാൽ നിക്ഷേപം സുരക്ഷിതവും വിശ്വാസയോഗ്യവുമാണ്.
6. ആദായകരം
ഇപ്പോൾ യു.എസ് ഡോളറിന്റെ വിനിമയ മൂല്യം ഏകദേവും 95.50 ആണ്. ഇനി ഒരു അഞ്ചു വർഷം കഴിയുമ്പോൾ ഇത് 110 രൂപ ആണെന്നിരിക്കട്ടെ. അപ്പോൾ ഒരു 25000 ഡോളർ നിക്ഷേക്കുന്ന പ്രവാസിക്ക് ഏഴു ശതമാനം നിരക്കിൽ കാലാവധി എത്തുമ്പോൾ ആദായം ഉൾപ്പടെ 35000 ഡോളർ കിട്ടാം. അന്നത്തെ വില അനുസരിച്ചു ഇന്ത്യൻ രൂപയിൽ 36.75 ലക്ഷം കിട്ടും. ഇൻവെസ്റ്റ്മെന്റ് ആകട്ടെ 23.87 (25000 x 95.50) ലക്ഷം ആയിരിക്കും ഇനി ഇത് ഇന്ത്യൻ രൂപയിൽ ആണ് നിക്ഷേപിക്കുന്നതെങ്കിൽ 32,85000 രൂപ 6.25 എന്ന നിരക്കിൽ കിട്ടാം. യു.എസ് ഡോളറിന്റെ വിനിമയ നിരക്ക് അനുസരിച്ചു ആദായത്തിൽ മാറ്റങ്ങൾ വരം. രൂപ ഭാവിയിൽ കരുത്താർജിച്ചാൽ ഉദ്ദേശിച്ച ലാഭം ഉണ്ടാകില്ല.
7. വിദേശ കറൻസിയിലെ സമ്പാദ്യം
വിദേശത്തേക്ക് മടങ്ങിപ്പോകാനോ, മക്കളുടെ വിദേശ വിദ്യാഭ്യാസത്തിനോ, ഭാവിയിലെ അന്തർദേശീയ ചെലവുകൾക്കോ വേണ്ടിയുള്ള ഫണ്ട് വിദേശ കറൻസിയിൽ തന്നെ സൂക്ഷിക്കാൻ കഴിയും. പ്രവാസി നാട്ടിലേക്കു മടങ്ങിയാലും നിക്ഷേപം കാലാവധി വരെ വിദേശ കറൻസിയിൽ തുടരാം. ആദായനികുതി നിയമമനുസരിച്ചു ചില പ്രവാസികൾക്ക് ഇതിനു മൂന്നു വര്ഷം വരെ ആദായ നികുതി കൊടുക്കേണ്ടതില്ല.
8. ആർ.ബി.ഐയുടെ പുതിയ നടപടികളുടെ നേട്ടം
റിസർവ് ബാങ്കിന്റെ പുതിയ ഇളവുകൾ മൂലം ബാങ്കുകൾക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ സമാഹരിക്കാൻ സാധിക്കും. ഇതിന്റെ ഫലമായി ചില ബാങ്കുകൾ എഫ്.സി.എൻ.ആർ-ബി നിക്ഷേപങ്ങൾക്ക് ഏഴു ശതമാനം വരെ ആദായം നൽകുന്നുണ്ട്. ഇത് എൻ.ആർ.ഇ സ്ഥിര നിക്ഷേപത്തിന്റെ ആദായത്തെക്കാൾ കൂടുതലാണ്. ഇപ്പോൾ നൽകിയിരിക്കുന്ന ആനുകൂല്യം അമേരിക്കൻ ഡോളറിൽ ഉള്ള നിക്ഷേപങ്ങൾക്ക് മാത്രമാണുള്ളത്.
വിദേശ കറൻസിയിലെ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കാനും, രൂപയുടെ മൂല്യത്തകർച്ചയിൽ നിന്ന് സംരക്ഷിക്കാനും, നികുതി ആനുകൂല്യങ്ങൾ നേടാനും ആഗ്രഹിക്കുന്ന എൻ.ആർ.ഐകൾക്ക് എഫ്.സി.എൻ.ആർ-ബി നിക്ഷേപങ്ങൾ വളരെ പ്രയോജനകരമായ ഒരു സാമ്പത്തിക ഉപാധിയാണ്. ആർ.ബി.ഐയുടെ പുതിയ നടപടികൾ ഈ പദ്ധതിയുടെ ആകർഷണം കൂടുതൽ വർധിപ്പിച്ചിരിക്കുകയാണ്. വരും കാലങ്ങളിൽ രൂപയുടെ അമേരിക്കൻ ഡോളറുമായുള്ള വിനിമയ നിരക്ക് മേൽപറഞ്ഞ നിക്ഷേപത്തിന്റെ ആദായം നിശ്ചയിക്കും. പക്ഷെ നിക്ഷേപ കാലാവധിയിൽ ആദായത്തിനു മാറ്റം വരില്ല എന്നുള്ളത് ഒരു നല്ല കാര്യമാണ്. നിക്ഷേപത്തിന്റെ ഒരു വിഹിതം മേൽപ്പറഞ്ഞ നിക്ഷേപത്തിൽ പരിഗണിക്കാവുന്നതാണ് .
(തുടരും )
(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

