26 വർഷം മുമ്പ് ഒമാനിൽ പിതാവിന്റെ അപകടമരണം; തനിയാവർത്തനമായി മകനും
text_fieldsഅസ്ഹർ ഹമീദ്
മസ്കത്ത്: 1999ൽ ഒമാനിലെ ഇബ്രിയിൽ ഡെലിവറി വാൻ മറിഞ്ഞുണ്ടായ അപകടത്തിലാണ് കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അബ്ദുൽ ഹമീദ് മരണപ്പെടുന്നത്. അബ്ദുൽ ഹമീദായിരുന്നു അന്ന് വാഹനമോടിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന ഒരാൾ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. 26 വർഷങ്ങൾക്കിപ്പുറം മകൻ അസ്ഹറിന്റെ ജീവൻകൂടി അപകടത്തിന്റെ രൂപത്തിൽ പൊലിയുമ്പോൾ തീരാവേദനയുടെ നോവിലാണ് കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും.
വ്യാഴാഴ്ച വൈകീട്ട് ഒമാനിലെ ഖാബൂറയിലുണ്ടായ വാഹനാപകടത്തിലാണ് അസ്ഹർ ഹമീദിന്റെ (35) അപ്രതീക്ഷിത വിയോഗം. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിലിടിച്ചായിരുന്നു അപകടം. അപകടത്തിന്റെ ആഘാതത്തിൽ യുവാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടിരുന്നു. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ ബിസിനസ് ആവശ്യാർഥം സുഹാറിൽനിന്ന് മടങ്ങവെയാണ് അപകടം.
വെള്ളിയാഴ്ച ഉച്ചയോടെ ഖാബൂറ ആശുപത്രിയിൽ നിന്ന് നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ആമിറാത്തിലെ ഖബർസ്ഥാനിൽ എത്തിച്ചു. വൈകീട്ട് നടന്ന അന്ത്യകർമങ്ങളിൽ നൂറുകണക്കിന്പേർ പങ്കാളികളായി. മയ്യിത്ത് നമസ്കാരത്തിന് റഷീദ് നേതൃത്വം നൽകി. മരണാനന്തര നടപടി ക്രമങ്ങൾക്ക് പ്രവാസി വെൽഫെയർ ഒമാൻ നേതൃത്വം നൽകി. താഹിറയാണ് മാതാവ്. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. സഹോദരങ്ങൾ: ശിഫ (അവി സെൻ ഫാർമസി, അവന്യൂസ് മാൾ ഗുബ്ര), അലീഫ (സുഹാർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

