‘അയൺമാൻ’ തിളക്കത്തിൽ എറണാകുളം സ്വദേശികളായ അച്ഛനും മകനും
text_fieldsമസ്കത്തിൽ നടന്ന അയൺമാൻ ട്രയാത്ലൺ വേദിയിൽ നരേൻ ഫിലിപ്പും റോൺ ഫിലിപ്പും
മസ്കത്ത്: മസ്കത്തിൽ നടന്ന ലോകത്തിലെ തന്നെ കഠിനമായ കായിക ഇനമായ അയൺമാൻ ട്രയാത്ലണിൽ ചരിത്രം കുറിച്ച് എറണാകുളം വൈറ്റില സ്വദേശികളായ അച്ഛനും മകനും. മസ്കത്തിൽ പ്രവാസ ജീവിതം നയിക്കുന്ന വൈറ്റില സ്വദേശി മനയത്ത് വീട്ടിൽ നരേൻ ഫിലിപ്പും റോൺ ഫിലിപ്പുമാണ് അഭിമാനകരമായ നേട്ടം കൈവരിച്ചത് .
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ആയിരത്തോളം മത്സരാർത്ഥികൾ ആയിരുന്നു അയൺമാനിൽ പങ്കെടുത്തിരുന്നത്. നരേൻ ഫിലിപ്പ് ടീം ഇനത്തിലും റോൺ ഫിലിപ്പ് വ്യക്തിഗത ഇനത്തിലുമാണ് മെഡൽ നേടിയത് വേൾഡ് ട്രയാത്തലോൺ കോർപറേഷനും അയൺമാനും സംയുക്തമായി സംഘടിപ്പിച്ച ഈ മത്സരത്തിൽ 1.9.കി.മീറ്റർ ആഴക്കടലിലൂടെയുള്ള നീന്തൽ, 90 കിലോമീറ്റർ സൈക്ലിങ്, 21 കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ അയൺമാൻ പട്ടം ലഭിക്കുകയുള്ളു.
ആകെ എട്ടര മണിക്കൂർ സമയമായിരിക്കും ഇവ ചെയ്തു തീർക്കാൻ അനുവദിക്കുക. അതോടൊപ്പം ഓരോ ഇനത്തിലും നിശ്ചയിച്ചിട്ടുള്ള സമയത്തിനുള്ളിലും ഓരോന്നും പൂർത്തിയാക്കണം . 22കാരനായ റോൺ ഫിലിപ്പ് ഇതെല്ലാം ഏകദേശം ഏഴു മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയാണ് നേട്ടത്തിന്റെ നെറുകയിലേക്ക് നടന്നു കയറിയത് . പിതാവ് നരേൻ ഫിലിപ്പ് ടീം ഇനത്തിൽ നിശ്ചിത സമയ പരിധിക്കുള്ളിൽ 1.9 കിലോമീറ്റർ ആഴക്കടൽ നീന്തൽ പൂർത്തിയാക്കി. മറ്റു ടീം അംഗങ്ങൾ സൈക്കിളിങ് , ഓട്ടം എന്നിവ പൂർത്തിയാക്കിയതോടെ അച്ഛനും , മകനും അപൂർവ നേട്ടത്തിന് അവകാശികളായി.
രണ്ടു പതിറ്റാണ്ടുകാലമായി മസ്കത്തിലെ സ്വാകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നരേൻ ഫിലിപ്പ് നീന്തലിലും സൈക്കിളിങ്ങിലും സജീവമാണ്. പ്രായം എന്നത് ഒന്നിനും ഒരു തടസമല്ല എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ നേട്ടമെന്നും സ്ഥിരമായ പരിശീലനം മാത്രമാണ് ഇത്തരം നേട്ടങ്ങൾ കൈവരിക്കാൻ വേണ്ടത് എന്നും നരേൻ ഫിലിപ്പ് പറഞ്ഞു . ഉപരിപഠനത്തിന് തയാറെടുക്കുന്ന റോൺ ഫിലിപ്പ് ആദ്യമായാണ് അയൺമാൻ പോലുള്ള കഠിനമായ കായിക മത്സരത്തിൽ പങ്കെടുക്കുന്നത്.കഴിഞ്ഞ നാല് മാസക്കാലം ഇതിനായി അതികഠിനമായ പരിശീനലത്തിൽ ഏർപ്പെട്ടിരുന്നു .
അച്ഛനൊപ്പം ഇങ്ങിനെ ഒരു മത്സരത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണ്. മത്സരത്തിൽ ജയ പരാജയങ്ങൾ ഇല്ല. മറിച്ച് നിശ്ചിത സമയത്തിനുള്ളിൽ കഠിനമായ ലക്ഷ്യങ്ങൾ കൈവരിക്കുക എന്നതാണ് പ്രധാനം.ശാരീരിക കരുത്തിനേക്കാൾ മനോബലമാണ് ഇതിന്റെ അടിത്തറ. അതുകൊണ്ട് തന്നെ അച്ഛന്റെ സാന്നിധ്യം തന്റെ മനക്കരുത്ത് വർധിപ്പിച്ചു എന്നും , അതുകൊണ്ട് തന്നെയാണ് ആദ്യതവണ തന്നെ ലക്ഷ്യം കൈവരിക്കാൻ സാധിച്ചത് എന്നും റോൺ ഫിലിപ്പ് പറഞ്ഞു . രേഖയാണ് നരേന്റെ ഭാര്യ. നോറയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

