നോമ്പ് ആരോഗ്യ കാര്യങ്ങളിൽ കരുതൽ വേണം
text_fieldsഡോ. ബഷീർ
മസ്കത്ത്: റമദാൻ കാലത്ത് ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നും മൂത്രാശയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കാൻ കൂടുതൽ വെള്ളം കുടിക്കണമെന്നും റൂവി ബദർ അൽസമാ ഹോസ്പിറ്റൽ ഇന്റേണൽ മെഡിസിൻ വിഭാഗം തലവൻ ഡോ. ബഷീർ. ഗൾഫിൽ പൊതുവെ വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്നതിനാലും നോമ്പിന് ദൈർഘ്യമേറിയതിനാലും കിഡ്നി സ്റ്റോൺ അടക്കമുള്ള രോഗങ്ങൾ വരാൻ സാധ്യതയുണ്ട്.
അതിനാൽ നോമ്പ് കാലത്ത് ഇഫ്താർ മുതൽ അത്താഴം വരെയുള്ള സമയങ്ങളിൽ മൂന്ന് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജല നഷ്ടം ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ പുറത്ത് ജോലി ചെയ്യുന്നവർ കൂടുതൽ വെള്ളം കുടിക്കണം. ഹൃദ്രോഗം, കിഡ്നി രോഗം, പ്രമേഹം തുടങ്ങിയവയുള്ളവർ നേരത്തേ തന്നെ ഡോക്ടറെ കാണുകയും നോമ്പെടുക്കാൻ ആരോഗ്യം അനുവദിക്കുമെന്ന് ഉറപ്പുവരുത്തുകയും വേണം. നേമ്പെടുക്കാൻ ആരോഗ്യ സ്ഥിതി അനുവദിക്കുന്നവർ ഡോക്ടറുടെ നിർദേശം തേടുകയും മരുന്നുകൾ ക്രമീകരിക്കുകയും ഡോസ് കുറക്കുകയും വേണം.
ഇഫ്താർ സമയത്ത് ലളിതമായ ഭക്ഷണം
ഇഫ്താർ സമയത്ത് ലളിതമായ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് നല്ലത്. ഒറ്റനേരം ഒന്നിച്ച് ഭക്ഷണം കഴിക്കാതെ പല സമയങ്ങളിലായി ഘട്ടം ഘട്ടമായി കഴിക്കുകയാണ് വേണ്ടത്. ഇഫ്താർ സമയത്ത് കൂടുതൽ ഭക്ഷണം ഒന്നിച്ച് കഴിക്കുന്നത് ദഹന വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കും.നേരത്തേ ഭക്ഷണം കഴിച്ച് അത്തായം കഴിക്കാതെ കിടന്നുറങ്ങുന്ന പ്രവണത നിലവിലുണ്ട്. ഇത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നോമ്പ് സമയത്തെക്കാൾ കൂടുതൽ സമയം ഭക്ഷണം കഴിക്കാതിരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അതിനാൽ യഥാസമയം അത്തായം കഴിക്കൽ നിർബന്ധമാണ്.
അതിമധുരവും കൊഴുപ്പും ഉള്ള ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണങ്ങൾ നിർജലീകരണത്തിന് കാരണമാകുമെന്നും കുടുതൽ ദാഹം അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പഴവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ധാരാളമായി കഴിക്കണം. മാംസാഹാരം കഴിക്കാമെങ്കിലും അമിതമായി കഴിക്കാൻ പാടില്ല. എല്ലാറ്റിലും മിതത്വം പാലിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. മാംസാഹാരങ്ങൾ കുറച്ച് കഴിക്കുകയും എല്ലാ ദിവസവും ഒരേ രീതിയിലുള്ള ഭക്ഷണം തന്നെ ശീലമാക്കാതെ പല തരം ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്.
എണ്ണെപ്പാരികൾ ഇഫ്താറിൽ പലർക്കും നിർബന്ധമാണ്.എന്നാൽ ഇതിന്റെ അളവ് പരമാവധി കുറക്കുകയും മിതത്വം പാലിക്കുകയും വേണം. സലാഡുകൾ ധാരാളം കഴിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ജലാംശം വർധിപ്പിക്കാൻ ഇത് സഹായിക്കും. റമദാനിൽ സാധാരണ ചെയ്യാറുള്ള വ്യായാമങ്ങൾ നിർത്തിവെക്കേണ്ടതില്ല. ഇഫ്താറിനും ഇട ഭക്ഷണത്തിനും ഇടയിലുള്ള സമയം ഇതിന് പറ്റിയതാണെന്നും സാധാരണ നടത്തം അടക്കമുള്ള വ്യായാമങ്ങൾ ആ സമയത്ത് ചെയ്യുന്നതാണ് നല്ലതെന്നും ഡോ. ബഷീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

