ഫാമുകളിൽ പരിശോധന; 97 ശതമാനം സാമ്പിളും കീടനാശിനി മുക്തം
text_fieldsപച്ചക്കറികൾ പരിശോധനക്കായി ശേഖരിക്കുന്നു (ഫയൽ)
മസ്കത്ത്: കാർഷിക വിളകളിൽ പ്രകൃതിക്കും ആരോഗ്യത്തിനും ഹാനികരമായ കീടനാശിനികൾ ഉപയോഗിക്കുന്നത് തടയാൻ കഴിഞ്ഞ വർഷം അധികൃതർ നടത്തിയത് 1710 പരിശോധനകൾ. ഇതിനായി വിവിധ ഫാമുകളിൽനിന്ന് 263 സാമ്പിൾ അധികൃതർ ശേഖരിച്ചിരുന്നു. ഇതിൽ 97 ശതമാനം സാമ്പിളും കീടനാശിനിയുടെ അംശങ്ങൾ ഇല്ലാത്തതാണെന്ന് കണ്ടെത്തി. മൂന്ന് ശതമാനം സാമ്പിളിൽ മാത്രമാണ് കീടനാശിനി അംശങ്ങൾ കണ്ടെത്തിയത്. നിയമം ലംഘിച്ച് കൃഷിയിൽ അമിതമായ രീതിയിൽ കീടനാശിനികൾ ഉപയോഗിച്ചവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചതായും മന്ത്രാലയം അറിയിച്ചു.
കീടനാശിനികൾ മനുഷ്യർക്കും ജന്തുക്കൾക്കും പരിസ്ഥിതിക്കും ഹാനിവരുത്തുമെന്നും പാരിസ്ഥിതിക പഠനങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കീടനാശിനികൾ ശ്വസിക്കുക വഴി വായിലും കണ്ണിലും എത്തും. നിരോധിച്ച കീടനാശിനികൾ ഉപയോഗിക്കുന്നതും അംഗീകാരമുള്ള കീടനാശിനികൾ തന്നെ തെറ്റായരീതിയിൽ ഉപയോഗിക്കുന്നതും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കീടനാശിനികൾ മണ്ണിന്റെ ഫലമൂല്യം കുറക്കുകയും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുകയും ചെയ്യും. ഇത് മണ്ണിനും പ്രകൃതിക്കും ആവശ്യമായ സസ്യങ്ങളെയും ജന്തുജാലങ്ങളെയും നശിപ്പിക്കാനും വഴിവെക്കുന്നു. വെള്ളത്തിൽ കീടനാശിനികൾ കലരുന്നത് മത്സ്യവും ജലജന്തുക്കളും ചാവാനും കാരണമാക്കും.
വിഷാംശമുള്ള കീടനാശിനികൾ ഉപയോഗിക്കുന്നത് മനുഷ്യർക്കും ജന്തുജാലങ്ങൾക്കും സസ്യജാലങ്ങൾക്കും ഹാനികരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത് കാർഷിക ഉൽപന്നങ്ങളുടെ നിറം മാറ്റുകയും ഗുണനിലവാരം കുറക്കുകയും ചെയ്യും. ഇത്തരം ഉൽപന്നങ്ങളുടെ സാമ്പത്തികമൂല്യം കുറക്കാൻ ഇത് കാരണമാവും. നിരോധിക്കപ്പെട്ടതും ആരോഗ്യത്തിനും പരിസ്ഥിതിക്കും ഹാനികരമായ കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ഫാമുകളിൽ പരിശോധന ശക്തമാക്കുകയും സാമ്പിളുകൾ ലാബുകളിൽ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. കൃഷിക്കാർക്ക് ഈ വിഷയത്തിൽ ആവശ്യമായ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
ഒമാനിലെ പച്ചക്കറി പഴവർഗ ഫാമുകളിൽ അംഗീകാരമില്ലാത്ത കീടനാശിനികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ അധികൃതർ പരിശോധന ശക്തമായി തുടരുന്നുണ്ട്. പഴം-പച്ചക്കറികളുടെ ഗുണനിലവാരം മെച്ച പ്പെടുത്തുന്നതിന്റെ ഭാഗമാണിത്. കീടനാശിനി നിയമം ശക്തമായി നടപ്പാക്കിയതോടെ ഒമാൻ പച്ചക്കറികളും പഴവർഗങ്ങളും മേഖലയിലെ ഏറ്റവും മികച്ച പച്ചക്കറിയായി ഉയർന്നു.
ഇതോടെ ഒമാൻ ഉൽപന്നങ്ങൾക്ക് രാജ്യത്തിനകത്തും പുറത്തും ആവശ്യക്കാർ വർധിച്ചു.രണ്ട് വർഷം മുമ്പാണ് അധികൃതർ അമിത കീടനാശിനി ഉപയോഗത്തിനെതിരെയും ശരീരത്തിന് ഹാനികരമായ കീടനാശിനികൾ ഉപയോഗത്തിനെതിരെയും നടപടികൾ ആരംഭിച്ചത്. ഈ വർഷം മുതലാണ് നടപടികൾ ശക്തമാക്കുകയും ചെയ്തത്. മന്ത്രാലയം അധികൃതർ പഴം-പച്ചക്കറി ഫാമുകളിൽ പരിശോധന നടത്തി സംശയം തോന്നുന്ന ഉൽപന്നങ്ങൾ പരിശോധനക്കയക്കുകയുമാണ് ചെയ്യുന്നത്. നിയമം ശക്തമാക്കുന്നതും ഫാമുകളിൽ വ്യാപകമായി പരിശോധന നടത്തുന്നതും നടപടികൾ സ്വീകരിക്കുന്നതും ഒമാൻ പഴം പച്ചക്കറി ഉൽപാദനമേഖലക്ക് വലിയ അനുഗ്രഹമാവുമെന്ന് വ്യാപാരികൾ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

