33 വർഷത്തെ പ്രവാസത്തിന് വിട; മത്രയിൽനിന്ന് നാസർ മടങ്ങി
text_fieldsനാസര്‍
കര്ണക്ക്
മത്ര: മത്ര സൂഖിലെയും പരിസരങ്ങളിലെയും പ്രവാസി മലയാളികള്‍ക്കിടയില്‍ ഏറെ സുപരിചിത മുഖമായ നാസര്‍ കര്ണക്ക് പ്രവാസ ജീവിതം നിര്‍ത്തി മടങ്ങി. 1993ല്‍ ആരംഭിച്ച പ്രവാസം 33 വര്‍ഷം പിന്നിടവെയാണ് ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം കഴിയണമെന്ന തീരുമാനത്തില്‍ പ്രവാസ ജീവിതത്തോട് വിടപറയുന്നത്.
ഒമാനിലെത്തിയ നാള് തൊട്ട് മത്ര സൂഖിലെ പ്രശസ്തമായ അൽ കര്ണക്ക് എന്ന സ്ഥാപനത്തില്‍ ഒരേ സ്പോണ്‍സറുടെ കീഴിലാണ് നാസർ ജോലി ചെയ്തുവന്നിരുന്നത്. മത്രയിലെ സാമൂഹിക സാംസ്കാരിക പരിപാടികളിലും വിവിധ സംഘടന പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം കൊണ്ട് നിറഞ്ഞുനിന്ന വ്യക്തി കൂടിയാണ് മത്രക്കാരുടെ പ്രിയപ്പെട്ട നാസര്‍ക്ക. സൂഖിലെ ഏത് സംരംഭങ്ങള്‍ക്കും സമയമോ നാളോ നോക്കാതെ മുന്നിട്ടിറങ്ങി സേവന സന്നദ്ധത തെളിയിക്കാറുള്ള നാസറിന്റെ നാട്ടിലേക്കുള്ള മടക്കം സൂഖിലെ മലയാളി കൂട്ടായ്മക്കും നഷ്ടമാണ്.
മൂന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് ജീവിത പ്രാരാബ്ദങ്ങളുമായി കോഴിക്കോട് നിന്ന് വിമാനം കയറിയ ശേഷം ഒമാനിലെ ജീവിതം അങ്ങേയറ്റം സംതൃപ്തി പകരുന്നതായിരുന്നുവെന്ന് നാസർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ഗോനു ചുഴലിക്കാറ്റ്, കോവിഡ് മഹാമാരി പോലുള്ള ദുരന്ത സമയങ്ങളില്‍ കുടുംബത്തോടൊപ്പം മത്രയിലുണ്ടായിരുന്നു. ഭീതിജനകമായ ആ അവസ്ഥയില്‍ മത്രയിലെ കൂട്ടായ്മയിലൂടെ പരസ്പര സഹായം കൊണ്ട് കഴിയാനായത് അവിസ്മരണീയമായ ജീവിതാനുഭവമായിരുന്നുവെന്ന് നാസര്‍ക്ക ഓര്‍ക്കുന്നു. മക്കളുടെ പഠനം, വീട് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളൊക്കെ ഒമാന്‍ നല്കിയ സമ്മാനമാണെന്നും ഒമാനെയും ഇവിടത്തെ സ്നേഹ സമ്പന്നരായ ജനങ്ങളെയും ഒരിക്കലും മറക്കാന്‍ സാധിക്കില്ലെന്നും നാസര്‍ പറയുന്നു. വയനാട് അഞ്ചുകുന്നാണ് സ്വദേശം. ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

