45 വർഷത്തെ പ്രവാസത്തിന് വിരാമം; മുഹമ്മദ് കുട്ടി ഹാജി നാടണയുന്നു
text_fieldsമുഹമ്മദ് കുട്ടിക്ക് ബുറൈമി ഒ.ഐ.സി.സി കമ്മിറ്റി നൽകിയ യാത്രയയപ്പ്
മസ്കത്ത്: 45 വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം തിരൂർ വാണിയന്നൂർ സ്വദേശി ചാത്തേരി മുഹമ്മദ് കുട്ടി ഹാജി നാട്ടിലേക്ക് മടങ്ങുന്നു. 1978ൽ ആണ് പ്രവാസ ജീവിതം ആരംഭിച്ചത്. ആദ്യ വിദേശയാത്ര മുംബൈയിൽ നിന്നായിരുന്നു. അവിടെനിന്ന് കപ്പലിൽ ദുൈബയിൽ എത്തി. ദുബൈയിൽ നിന്നും വീണ്ടും കപ്പൽ മാർഗം മസ്കത്തിലും പിന്നീട് ടാക്സിയിൽ ബുറൈമിയിലും എത്തുകയായിരുന്നു. തുടക്കത്തിൽ കുറച്ചുകാലം അൽ ഐനിൽ ഒരു അറബിയുടെ വീട്ടിൽ ജോലി ചെയ്തു.
നാട്ടുകാരൻ മുഖേന ബുറൈമി മഹളയിലെ ഗ്രോസറിയിൽ ജോലി ലഭ്യമാക്കി. പിന്നീട് ബുറൈമിയുടെ ഹൃദയഭാഗത്ത് സ്വന്തമായി ഒരു ഗ്രോസറി തുടങ്ങി. പ്രവാസ ജീവിതം അവസാനിപ്പിക്കുന്നതുവരെയും ഈ സ്ഥാപനത്തിലായിരുന്നു പിന്നീടുള്ള പ്രവാസം. ഈ നീണ്ട കാലയളവിനുള്ളിൽ ബന്ധുക്കളായ പത്തോളം ആളുകളെ ബുറൈമിയിൽ അദ്ദേഹം ജോലിക്കായി കൊണ്ടുവന്നു.
മക്കളായ ഫാസിലിനെയും ഫായിസിനേയും ബുറൈമിയിലേക്ക് കൊണ്ടുവരുകയും അവർക്കുവേണ്ടി സ്വന്തമായി ഒരു ഗ്രോസറി തുടങ്ങുകയും ചെയ്തു. ഇപ്പോൾ മക്കളുടെ സമ്മർദത്തിന് വഴങ്ങിയാണ് സ്ഥാപനം മറ്റൊരാൾക്ക് വിറ്റ് ഇദ്ദേഹം നാടണയുന്നത്.
മുഹമ്മദ് കുട്ടിക്ക് ബുറൈമി ഒ.ഐ.സി.സി കമ്മിറ്റി ഹൃദ്യമായ യാത്രയയപ്പ് നൽകി. പ്രസിഡന്റ് ഇസ്മായിൽ പെരിന്തൽമണ്ണ അധ്യക്ഷത വഹിച്ചു. അഫ്സൽ ത്വയ്ബ മുഹമ്മദ് കുട്ടിക്ക് സ്നേഹോപഹാരം കൈമാറി. വിൽസൺ പ്ലാമൂട്ടിൽ, റസാഖ് കോട്ടക്കൽ എന്നിവർ സംസാരിച്ചു. പൂർണ സംതൃപ്തിയോടെയാണ് ബുറൈമിയോട് യാത്ര പറയുന്നതെന്ന് മറുപടി പ്രസംഗത്തിൽ മുഹമ്മദ് കുട്ടിപറഞ്ഞു.
1978ൽ ബുറൈമിയിൽ എത്തിയപ്പോൾ കറന്റും വെള്ളവും ഇല്ലാത്ത അവസ്ഥയിൽ ബിസിനസ് കെട്ടിപ്പടുക്കാനുണ്ടായ കഷ്ടപ്പാടുകളും തീഷ്ണ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു. ശേഷിക്കുന്ന കാലം ഭാര്യ നബീസയോടും പേരമക്കളോടൊപ്പവും കഴിയണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.