ഈ വർഷം ഉപയോഗയോഗ്യമാക്കിയത് 35 ഫലജുകൾ
text_fieldsമസ്കത്ത്: ഈ വർഷം ആദ്യ പകുതിയിൽ ഒമാനിലെ 35 ഫലജുകൾ അറ്റകുറ്റപ്പണി നടത്തി ഉപയോഗയോഗ്യമാക്കി. നാല് ഗവർണറേറ്റുകളിലെ കൃഷിക്കാർക്ക് ജലസേചന ആവശ്യത്തിനാണ് കാർഷിക, മത്സ്യ, ജലവിഭവ മന്ത്രാലയം പദ്ധതി നടപ്പാക്കിയത്. തെക്കൻ ബാത്തിന ഗവർണറേറ്റ് 22, മുസന്ദം ആറ്, തെക്കൻ ശർഖിയ അഞ്ച്, ദാഖിലിയ്യ അഞ്ച് എന്നിങ്ങനെയാണ് ഗവർണറേറ്റ് തലത്തിൽ അറ്റകുറ്റപ്പണി നടത്തി പുനഃസ്ഥാപിച്ച ഫലജുകൾ. ഫലജുകളെ സംരക്ഷിക്കുകയും കാർഷിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകുന്നതിന്റെ ഭാഗമായി ജലം എത്തിക്കുകയുമാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. ഒമാനിലെ പരമ്പരാഗത ജലസേചന പദ്ധതിയായ ഫലജുകൾ തലമുറകളായി കാർഷികാവശ്യങ്ങൾക്ക് ഉപയോഗിച്ചുവരുകയാണ്. ഫലജുകളുടെ രൂപവും വലുപ്പവും ഓരോ മേഖലയിലെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെയും ജലലഭ്യതയെയും ആശ്രയിച്ചാണ് മാറിക്കൊണ്ടിരിക്കുക. നിലവിൽ ഒമാനിൽ 4112 ഫലജുകളാണുള്ളത്.
ഈ വർഷം ജൂൺവരെ 720 ജല ലൈസൻസുകളാണ് മന്ത്രാലയം നൽകിയത്. കിണർ രജിസ്ട്രേഷൻ, ഡാം രജിസ്ട്രേഷൻ, ഫലജുകളുടെ മേൽനോട്ടം, കിണർ കുഴിക്കൽ, വിവിധ ഗവർണറേറ്റുകളിലെ മറ്റ് ജല വികസന പദ്ധതികൾക്കുള്ള ലൈസൻസുകൾ എന്നിവ ഉൾപ്പെടും. ഇതിൽ ദാഖിറ ഗവർണറേറ്റുകളിലാണ് ഏറ്റവും കൂടുതൽ ലൈസൻസുകൾ നൽകിയത്. വിവിധ വിഭാഗങ്ങളിൽ 194 ലൈസൻസാണ് നൽകിയത്.
ദാഖിലിയയിൽ 179, വടക്കൻ ശർഖിയ്യ 92, വടക്കൻ ബാത്തിന 80, തെക്കൻ ബാത്തിന 77, ബുറൈമി 46, മസ്കത്ത് 23, തെക്കൻ ശർഖിയ്യ 18, അൽ വുസ്ത എട്ട്, മുസന്ദം രണ്ട്, ദോഫാർ ഒന്ന് എന്നിങ്ങനെയാണ് ഓരോ ഗവർണറേറ്റുകളിലും ലൈസൻസുകൾ നൽകിയത്. കഴിഞ്ഞ വർഷം ജല ഉൽപാദനം മുൻവർഷത്തെക്കാൾ അഞ്ച് ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 512,199.3 ദശലക്ഷം ഘന മീറ്റർ ജലമാണ് ഉൽപാദിപ്പിച്ചത്. 2021ൽ 487,715 ദശലക്ഷം ഘന മീറ്ററായിരുന്നു ജല ഉൽപാദനം. ദോഫാർ, മസ്കത്ത് ഗവർണറേറ്റിലാണ് ജല ഉൽപാദനം കൂടുതൽ വർധിച്ചത്. ദോഫാറിൽ 9.3 ശതമാനവും മസ്കത്തിൽ 6.9 ശതമാനവുമാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

