വ്യാജ വെബ്സൈറ്റ്: മുന്നറിയിപ്പുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: വ്യാജ വെബ്സൈറ്റുകൾക്കെതിരെ സ്വദേശികൾക്കും താമസകാർക്കും മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. സർക്കാറിന്റെ ഔദ്യോഗിക വെബ്സൈറ്റുകളുമായി ഏറെസാമ്യമുള്ള രീയിലാണ് ഇവ തയാറാക്കിയിട്ടുള്ളത്. വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ തിട്ടിയെടുക്കാനാണ് സംഘം ഇതിലൂടെ ശ്രമിക്കുന്നത്. സൈറ്റുകളിൽ വിവരങ്ങൾ കൈമാറുന്നതിനുമുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കണം. ഇത്തരം വെബ്സൈറ്റിൽ വവരങ്ങൾ കൈമാറുന്നതിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടാൻ സാധ്യത കൂടുതലാണെന്നും ആർ.ഒ.പി പറഞ്ഞു.
വ്യാജ വെബ്സൈറ്റുകളുടെ ഉദാഹരണവും പൊലീസ് പങ്കുവെച്ചു. www.mmm.om എന്നത് ഒരു ഔദ്യോഗിക വെബ്സൈറ്റാണ്. എന്നാൽ, www.mmm.com., www.mmn.m.om എന്നിവ വ്യാജ വെബ്സൈറ്റുകളാണെന്നും ആർ.ഒ.പി ചൂണ്ടികാട്ടി.
വെബ്സൈറ്റിന്റെ പേരിൽ ഒരു അക്ഷരമോ ചിഹ്നമോ ചേർത്താണ് തട്ടിപ്പ് നടത്തുന്നത്. വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകളിലൂടെ വ്യക്തിപരമോ ബാങ്കിങ് ഡാറ്റയോ പങ്കിടരുതെന്ന് റോയൽ ഒമാൻ പൊലീസ് പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി. ഓൺലൈൻ ബാങ്കിങ് മേഖലയിലെ തട്ടിപ്പിനെതിരെ ബോധവത്കരണം ശക്തമാക്കിയതോടെ പുതിയ രീതികളാണ് സംഘം ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ബാങ്ക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനാണെന്ന് പറഞ്ഞ് ഫോൺ വിളിച്ച് അക്കൗണ്ട് വിവരങ്ങളും മറ്റും കൈവശപ്പെടുത്തുന്ന രീതിയായിരുന്നു അരങ്ങേറിയിരുന്നത്.
പ്രമുഖ വാണിജ്യസ്ഥാപനം, ബാങ്ക് എന്നിവിടങ്ങളിൽ സമ്മാനത്തിനും മറ്റും അര്‍ഹനായിരിക്കുന്നുവെന്നും നിങ്ങള്‍ക്ക് ലഭിച്ച ഒ.ടി.പി നമ്പറും മറ്റു വിവരങ്ങളും നല്‍കണമെന്നും ആവശ്യപ്പെട്ട് തട്ടിപ്പുകൾ നടന്നിരുന്നു. എന്നാൽ, ഇത്തരം തട്ടിപ്പുകളെകുറിച്ച് ആളുകൾ ബോധവാന്മാരായതോടെ പുത്തൻ അടവുകളാണ് സംഘങ്ങൾ പയറ്റുന്നത്.
ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട് വിളിക്കുന്ന അജ്ഞാതർക്ക് കാർഡ് വിവരങ്ങൾ കൈമാറരുതെന്ന് റോയൽ ഒമാൻ പൊലീസ് നേരത്തേതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സ്വദേശികൾക്കും വിദേശികൾക്കുമായി നൽകിയ നിർദേശങ്ങളിലാണ് ബാങ്ക് കാർഡിന്റെ വിശദാംശങ്ങൾ, സി.വി.വി കോഡ്, ഒ.ടി.പി എന്നിവ കൈമാറരുതെന്ന് ആർ.ഒ.പി നിർദേശിച്ചിരിക്കുന്നത്. വ്യക്തിഗത ബാങ്ക് അക്കൗണ്ട്, ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, ഒ.ടി.പി (വണ്‍ ടൈം പാസ്വേഡ്) തുടങ്ങിയവ ആവശ്യപ്പെടുന്ന ഫോൺകാളുകളെയും മെസേജുകളെയും കുറിച്ച് ജാഗ്രത തുടരണമെന്ന് ബാങ്കിങ് മേഖലയിലുള്ളവർ പറയുന്നത്.
വിവരങ്ങൾ പങ്കുവെച്ചുകഴിഞ്ഞാല്‍ അക്കൗണ്ടിൽനിന്ന് പണംതട്ടുന്ന രീതിയാണ് വ്യാപകമായി നടക്കുന്നത്. എന്നാൽ, ഓൺലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനും തട്ടിപ്പുസംഘം ഇത്തരം രീതി ഉപയോഗിക്കുന്നുണ്ട്. ഫോൺകാള്‍, ടെക്സ്റ്റ് മെസേജ്, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാതിരിക്കുക എന്നതുതന്നെയാണ് ഇത്തരം തട്ടിപ്പുരീതികളെ പ്രതിരോധിക്കാനുള്ള മികച്ച മാർഗം.

