ഒമാനിൽ വ്യാജ ഇലക്ട്രോണിക്‌സ് വിൽപന; വിതരണക്കാരന് 10,000 റിയാൽ പിഴ, നാടുകടത്തൽ
text_fieldsമസ്‌കത്ത്: ഒമാനിൽ വ്യാജ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ വിൽപന നടത്തിയ കേസിൽ വിതരണക്കാരന് മൂന്ന് വർഷം തടവും 10,000 ഒമാനി റിയാൽ പിഴയും നാടുകടത്തലും വിധിച്ചു. മസ്‌കത്തിൽ നടത്തിയ പരിശോധനയിൽ വൻതോതിൽ വ്യാജ ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ് നടപടി.
പിടിച്ചെടുത്ത ഉൽപന്നങ്ങളിൽ വൈദ്യുതി സ്വിച്ച്, സോക്കറ്റ്, എൽ.ഇ.ഡി ലൈറ്റുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. പ്രശസ്ത അന്താരാഷ്ട്ര ബ്രാൻഡുകളുടെ പേരിൽ യഥാർഥ ഉൽപന്നങ്ങളെന്ന വ്യാജേന ഇവ വിപണിയിൽ വിറ്റഴിച്ചിരുന്നതായി കണ്ടെത്തി. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ (സി.പി.എ) വാണിജ്യ തട്ടിപ്പ് വിരുദ്ധ വിഭാഗം നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വ്യാജ വിവരങ്ങൾ ഉൽപന്നങ്ങളിൽ ചേർക്കുകയും ട്രേഡ് മാർക്ക് വ്യാജമായി നിർമിക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ, വ്യാജ ബില്ലുകളും ഉൽപന്നങ്ങൾ നിർമിച്ച രാജ്യത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങളും ഉപയോഗിച്ച് വ്യാജ ഉൽപന്നങ്ങൾക്ക് വിശ്വാസ്യത സൃഷ്ടിച്ച് അനധികൃത ലാഭം നേടുകയും ചെയ്തിരുന്നു. പരിശോധനയിൽ 15,418 ലൈറ്റിങ് ഉൽപന്നങ്ങൾ സാംസങ് എന്ന ട്രേഡ് മാർക്കോടും 104,057 സ്വിച്ചുകളും സോക്കറ്റുകളും എൽ.ജി എന്ന ട്രേഡ് മാർക്കോടെയും കണ്ടെത്തി.
നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം കേസ് ബന്ധപ്പെട്ട കോടതിയിൽ എത്തിക്കുകയും സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കുറ്റക്കാരനായി വിധിക്കുകയും ചെയ്തു. പ്രതി നൽകിയ അപ്പീൽ കോടതി തള്ളി.
വാണിജ്യ തട്ടിപ്പിനെതിരെ ശക്തമായ നടപടികൾ തുടരുന്നതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കൾ ഉൽപന്നങ്ങളുടെ ഉറവിടം പരിശോധിക്കണമെന്നും സംശയാസ്പദമായ ഇടപാടുകൾ അധികൃതരെ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

