‘ഫാക് കുർബ’; സാമ്പത്തിക സഹായവുമായി അഹദ് ഫൗണ്ടേഷൻ
text_fieldsമസ്കത്ത്: ചെറിയ കുറ്റങ്ങൾക്ക് പിഴ അടക്കാൻ കഴിയാത്തതിനെ തുടർന്ന് ജയിലിലകപ്പെട്ടവരെ മോചിതരാക്കാൻ സഹായിക്കുന്ന ഫാക് കുർബ പദ്ധതിക്ക് അഹദ് ഫൗണ്ടേഷൻ സാമ്പത്തിക സഹായം നൽകി. പദ്ധതിയുടെ പത്താം പതിപ്പിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു.
ഒമാന്‍ ലോയേഴ്സ് അസോസിയേഷനാണ് ഫാക് കുർബ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. പൊതുജനങ്ങളിൽനിന്ന് പണം സ്വരൂപിച്ചാണ് ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കുന്നത്. 2012ൽ തുടങ്ങിയ പദ്ധതിയിലൂടെ ആയിരക്കണക്കിന് ആളുകളെ ജീവിതത്തിന്റെ സന്തോഷത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്. ഒമാനി സമൂഹത്തിലെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയാണ് ‘ഫാക് കുർബ’ പദ്ധതിയുടെ വിജയത്തിനു പിന്നിൽ.
ഒരു അഭിഭാഷകൻ ആരംഭിച്ച സംരംഭം, പിന്നീട് ഒരു കൂട്ടം അഭിഭാഷകർ ഏറ്റെടുക്കുകയും ഇന്ന് അത് വ്യക്തികളും ഗ്രൂപ്പുകളും സ്ഥാപനങ്ങളും ചേർന്ന് വിജയകരമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ, സംരംഭത്തിന്റെ വെബ്സൈറ്റ് വഴിയും (www.fakkrba.om) നിയുക്ത ബാങ്ക് അക്കൗണ്ടിലൂടെയും നൽകാമെന്ന് അധികൃതർ അറിയിച്ചു. അടുത്തമാസം 16 വരെ ഫാക് കുർബ പദ്ധതി തുടരും. പദ്ധതിക്ക് സാമ്പത്തിക പിന്തുണയുമായി സുല്‍ത്താന്റെ പത്നിയും പ്രഥമ വനിതയുമായ അസ്സയിദ അഹദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി, സയ്യിദ് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ് എന്നിവരും കഴിഞ്ഞ വർഷം എത്തിയിരുന്നു.

