തണുപ്പിന്റെ പുതപ്പിലേക്ക്
text_fieldsമസ്കത്ത്: താപനിലയിൽ പ്രകടമായ മാറ്റം വന്നതോടെ ഒമാനിൽ തണുപ്പ് അനുഭവപ്പെട്ടുതുടങ്ങി. വരും ദിവസങ്ങളിലും തണുത്ത കാലാവസ്ഥതന്നെ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ മാസം 23 വരെ നിലവിലെ തണുപ്പാണ് പ്രതീക്ഷിക്കുന്നത്. ഞായറാഴ്ച മസ്കത്തിൽ 21 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപ നില അനുഭവപ്പെട്ടത്. തിങ്കളാഴ്ച താപനില 19 ഡിഗ്രി സെൽഷ്യസായി കുറയും. തുടർ ദിവസങ്ങളിലും കുറഞ്ഞ താപനില തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 21, 22 തീയതികളിൽ താപനില 18 ഡിഗ്രി സെൾഷ്യസായി കുറയും.
ഒമാന്റെ മറ്റു ഭാഗങ്ങളിലും കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. സാദിഖിൽ 12.3 ഡിഗ്രി സെൽഷ്യസാണ് അനുഭവപ്പെടുന്നത്. ബിദിയ, ഹൈമ, മസ്യൂന, മുഖൈശിൽ എന്നിവിടങ്ങളിൽ 17 ഡിഗ്രി സെൽഷസിന് താഴെ താപനിലയാണ് അനുഭവപ്പെടുന്നത്.
വാദീ ബനീഖാലിദ്, ഖുറൈൻ, ഹിരിക് എന്നിവിടങ്ങളിലും കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്. എന്നാൽ ദിമാ വാദീതൈൻ, ഇബ്രി സനാഇയ, ഫഹൂദ്, ബിദ്ബിദ്, ഇബ്ര, ബർക എന്നിവിടങ്ങളിൽ താരതമ്യേന താപനില കൂടുതലാണ്. രാത്രി കാലങ്ങളിൽ നല്ല തണുപ്പ് അനുഭവപ്പെടുന്നതായി മസ്കത്ത് ഗവർണറേറ്റിലെ താമസക്കാർ പറയുന്നു.
ഒമാനിലെ ഊട്ടി എന്നറിയപ്പെടുന്ന ജബൽ അഖ്ദറിലും താപനിലയിൽ വൻ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ 12 ഡിഗ്രി സെൽഷ്യസിൽ താഴെയാണ് ഇവിടത്തെ താപനില. ഈ മാസം 16, 17 ദിവസങ്ങളിൽ താപനില ആറ് ഡിഗ്രി സെൽഷ്യസായി കുറയും. വരും ദിവസങ്ങളിലും സമാന കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
ജബൽ ശംസിൽ അതി ശൈത്യമാണ് വരും ദിവസങ്ങളിൽ അനുഭവപ്പെടുന്നത്. ജബൽ ശംസിൽ ഞായറാഴ്ച പൂജ്യം ഡിഗ്രി സെൽഷ്യസും തിങ്കളാഴ്ച മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസും 17 ന് മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസുമാണ് താപനില. 18 ന് താപനില വീണ്ടും പൂജ്യം ഡിഗ്രിയിലെത്തും.19, 20 തീയതികളിൽ ഒരു ഡിഗ്രിയും 21, 22 തീയതികളിൽ രണ്ട് ഡിഗ്രിയുമാണ് താപനില.
അതിനിടെ താപനില കുറഞ്ഞെങ്കിലും തണുപ്പ്കാല വസ്തങ്ങൾക്ക് ഇതുവരെ ഡിമാൻഡ് വർധിച്ചിട്ടില്ല. ഹൈപർമാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും തണുപ്പ് വസ്ത്രങ്ങളും പുതപ്പുകളും ജാക്കറ്റുകളും എത്തിയെങ്കിലും ഒമാനിൽ ഇതിന്റെ ഉപയോഗം കാര്യമായി വർധിച്ചിട്ടില്ല. എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും അയൽ രാജ്യങ്ങളിലും തണുത്ത കാലാവസ്ഥ അനുഭവപ്പെടാൻ തുടങ്ങിയതോടെ നാട്ടിൽ പോവുന്നവർ പുതപ്പുകളും ജാക്കറ്റുകളും കൊണ്ട പോവുന്നുണ്ട്. ഇത് വ്യാപാര മേഖലക്ക് ഉണർവ് നൽകുന്നതയി റൂവിയിലെ വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ കുറെ കാലങ്ങളായി ഒമാനിൽ താരതമ്യേന തണുപ്പ് കുറവാണ് അനുഭവപ്പെടുന്നത്. വർഷത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമാണ് കൂടിയ തണുപ്പ് അനുഭവപ്പെടുന്നത്. മാത്രമല്ല പകൽ സമയത്ത് ചൂടുമാണുള്ളത്. കുറഞ്ഞ താപനില പൊതുവെ 13 ഡിഗ്രി സെൽഷ്യസിൽ താഴെ വരാറില്ല. അതിനാൽ ജനങ്ങൾ തണുപ്പ് കാല വസ്ത്രങ്ങൾ ധരിക്കാറുമില്ല.
എന്നാൽ മുൻ കാലങ്ങളിൽ ഡിസംബർ ജനുവരി മാസങ്ങളിൽ കടും തണുപ്പ് അനുഭവപ്പെടാറുണ്ട്. പകൽ സമയത്ത് പോലും നല്ല തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്. അതിനാൽ പകൽ സമയത്ത് പോലും ജാക്കറ്റും മറ്റും ധരിച്ചാണ് ജനങ്ങൾ പുറത്തിറങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ കാലാവസ്ഥ മാറി മറിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

