ഒമാനിൽ അതിശൈത്യം: മാവുകൾക്ക് അനുഗ്രഹം
text_fieldsഗൂബ്രയിൽ പൂത്തുനിൽക്കുന്ന മാവ് -അൻസാർ കരുനാഗപ്പള്ളി
മസ്കത്ത്: ഒമാനിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവപ്പെടുന്ന അതിശൈത്യം മാവുകൾക്ക് അനുഗ്രഹമാവുന്നു. തണുപ്പ് കനത്തതോടെ സുൽത്താനേറ്റിലെ പല ഭാഗങ്ങളിലും മാവുകൾ പൂത്തുലയാൻ തുടങ്ങി. കാലാവസ്ഥ അനുകൂലമായതിനാൽ ഈ വർഷം മാങ്ങ ഉൽപാദനം കൂടുമെന്നാണ് കർഷകർ വിലയിരുത്തുന്നത്. ഒമാനിലെ മാങ്ങകൾ പൊതുവെ പുളിക്കുന്നതാണെങ്കിലും ഖുറിയാത്ത് അടക്കമുള്ള പ്രദേശങ്ങളിൽ മധുരമൂറുന്നവയുമുണ്ട്. മസ്കത്ത് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ വീടുകളിലും മറ്റും മാവുകൾ തഴച്ചുവളരുന്നത് കാണാം.
ഒമാനിൽ പരമ്പരാഗതമായിതന്നെ മാവും മാങ്ങയും കണ്ടുവരുന്നുണ്ട്. 1990ൽതന്നെ മാവുകൾ വ്യാപകമാക്കുന്നതിന് കാർഷിക മന്ത്രാലയം ശ്രമങ്ങൾ നടത്തുകയും ഇതുസംബന്ധമായി ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഉന്നത ഗുണനിലവാരമുള്ള 25 ഇനം മാവുകൾ ഒമാന്റെ മണ്ണിന് അനുയോജ്യമാണെന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു.മസ്കത്ത് ഗവർണറേറ്റിലെ ഖുറിയാത്തിലെ ഹൈൽ അൽ ഗാഫ് ഗ്രാമം മാവുകൃഷിക്ക് ഏറെ പ്രശസ്തമാണ്.
ഗ്രാമത്തിലെ പ്രധാന നാണ്യവിളയാണ് മാവ്. ഗുണമേന്മയുള്ളതും മധുരമുള്ളതുമായ മാങ്ങകൾ സുലഭമാണ്. ഇവിടെയുള്ള ഗുണമേന്മയുള്ള പ്രധാന മാങ്ങയാണ് ലുംബ ഹംബ. ഇത് മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ട്. ലുംബ ഹംബ മാങ്ങകൾക്ക് ഒമാനി പ്രാദേശിക മാർക്കറ്റിൽ വൻ ഡിമാൻഡാണ്. ഗുണ മേന്മകൂടിയതിനാൽ വലിയതോതിൽ ഈ ഇനം മാങ്ങ ജനങ്ങൾ ഉപയോഗിക്കുന്നു. ഹൈൽ അൽ ഗാഫിൽ എത്തുന്നവരെ പടർന്നുപന്തലിച്ച് കിടക്കുന്ന വൻ മാവുകളാണ് എതിരേൽക്കുക. പീച്ചസ്, സർസിബാരി, അൽ ബാബ്, അൽ ഹുകും, അൽ ഹാറ, അൽ വഗ്ല, കാംഫോർ, പെപ്പർ, ഹോഴ്സസ്, ഹിലാൽ എന്നിവയാണ് ഒമാനിൽ കണ്ടുവരുന്ന പ്രധാന ഇനം മാവുകൾ.
മാങ്ങ, പഴം എന്ന നിലയിൽ ഉപയോഗിക്കുന്നതോടൊപ്പം അച്ചാർ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത് തിന്നുന്നവരും ഒമാനിലുണ്ട്. കുട്ടികളാണ് കാര്യമായി മാങ്ങ ഈ രീതിയിൽ കഴിക്കുന്നത്. ഒമാനിലെ ഭൂരിഭാഗം പേർക്കും മാങ്ങാ അച്ചാറുകൾ ഇഷ്ടമാണ്. മൂത്ത് പാകമാവാത്ത മാങ്ങകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

