കടുത്ത ചൂടും ഈർപ്പവും ആമ പ്രജനനത്തെ ബാധിക്കുന്നു
text_fieldsമസ്കത്ത്: ഈ വർഷം അനുഭവപ്പെട്ട കൊടും ചൂടും ഈർപ്പവും ഒമാൻ തീരത്തെ ആമകളുടെ പ്രജനനത്തെ പ്രതികൂലമായി ബാധിക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ഹോക്സ്ബിൽ, പച്ച ആമകൾ മുട്ടയിടാനെത്തുന്ന അൽ ഹുസ്ൻ, അൽ ബന്തർ, അൽ വാഹ ബീച്ചുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിലാണ് പ്രതികൂല കാലാവസ്ഥ മൂലം മുട്ടകൾ വിരിയാതിരുന്നത് വ്യക്തമായത്.
ഈ വർഷം 1,500 ആമ മുട്ടകളാണ് വിരിയാതിരുന്നതെന്ന് ആമകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ പറയുന്നു. രണ്ടാം തവണയാണ് ഈ തീരങ്ങളിൽ ആമ പ്രജനനം വെല്ലുവിളി നേരിടുന്നത്. നേരത്തെ ഗോനു സമയത്ത് 3,000 ആമ മുട്ടകൾ നശിച്ച് പോയിരുന്നു. ഈ വർഷം 70 കൂടുകളിലായി 1993 ഹോക്സ്ബിൽ മുട്ടകളും 59 കൂടുകളിലായി 1170 പച്ച ആമ മുട്ടകളുമാണ് വിരിഞ്ഞത്. മൊത്തം 129 കൂടുകളിൽ 3,193 ആമ മുട്ടകളാണ് വിരിഞ്ഞത്. കഴിഞ്ഞ വർഷം 4,369 മുട്ടകൾ വിരിഞ്ഞ സ്ഥാനത്താണിത്. ഈ വർഷത്തെ കഠിനമായ ചൂട് കാരണമാണ് മുട്ടയിടാനെത്തുന്ന ആമകളുടെ എണ്ണം കുറഞ്ഞതെന്നും നിരീക്ഷകർ പറയുന്നു.
ഇക്കഴിഞ്ഞ ജൂൺ 17 നാണ് എറ്റവുമധികം ആമ മുട്ടകൾ വിരിഞ്ഞത്, 49 എണ്ണം. ഉയർന്ന ചൂട് ആമ കുഞ്ഞുങ്ങൾ മരിക്കാനും കാരണമായിട്ടുണ്ട്. വേനൽചൂടിൽനിന്ന് മുട്ടകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി നിരീക്ഷകർ 2000 എണ്ണം കുടുതൽ തണുപ്പും അനുകൂല സാഹചര്യവുമുള്ള അടുത്തുള്ള ഗുഹയിലേക്ക് മാറ്റിയിരുന്നു. മുട്ടയിട്ട് 24 മണിക്കൂറിനുള്ളിലാണ് ഗുഹയിലൊരുക്കിയ 23 കൂടുകളിലേക്ക് അവ മാറ്റിയത്. ഇവിടെ വിരിഞ്ഞ ആമ കുഞ്ഞുങ്ങളെ സുരക്ഷിതമായി കടലിൽ വിടുകയും ചെയ്തു. ഈ ആമ കുഞ്ഞുങ്ങൾക്ക് പ്രകൃതിപരമായ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നും നിരീക്ഷകർ പറയുന്നു.
സാധാരണ ഗതിയിൽ വിരിയുന്ന ആമ കുഞ്ഞുങ്ങൾക്ക് നൈസർഗികമായ കടൽ സ്വഭാവം ഉണ്ടാവും. പിറക്കുമ്പോൾ തന്നെ കടലിന്റെ മണവും ശബ്ദവും അവ അറിയുന്നു. അതിനാൽ അവക്ക് കടൽ വഴികൾ അറിയാനും കഴിയും. അതിനാൽ കടലിൽ എത്തിക്കഴിഞ്ഞാൽ കടൽ സസ്യങ്ങളും മറ്റും കഴിഞ്ഞ് ജീവിത യാത്ര ആരംഭിക്കാൻ കഴിയും. ഏറ്റവും കൂടുതൽ ആമകൾ മുട്ടയിടാനെത്തുന്ന സൂറിലും മറ്റും വേലികൾ കെട്ടി ആമ മുട്ടകൾ സംരക്ഷിക്കുന്നുണ്ട്. എനാൽ പല ബീച്ചുകളിലും കാക്കകൾ ആമ കുഞ്ഞുങ്ങൾക്ക് വലിയ ഭീഷണിയാവുന്നുണ്ട്. കുറുക്കന്മാരും ആമകൾക്ക് വലിയ ഭീഷണിയാണ്.ഒമാനിൽ ആമ മുട്ടയിടൽ കാലം ജനുവരി മുതൽ ആഗസ്ത് വരെയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് മുട്ടയിടൽ അധികം. അമ്മ ആമകൾ രാത്രി തീരങ്ങളിലെ അര മീറ്റർ ആഴത്തിൽ കഴിയെടുത്ത് കൂടുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിയാൻ 90 ദിവസമാണ് എടുക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

