ശർഖിയ എക്സ്പ്രസ് ഹൈവേ ഭാഗികമായി തുറക്കും
text_fieldsമസ്കത്ത്: ശർഖിയ എക്സ്പ്രസ് ഹൈവേയിൽ ഭാഗിക ഗതാഗതത്തിന് അനുമതി നൽകുന്നു. വാദി ഹലഖിലേക്ക് നീളുന്ന പാതയിൽ ബിദ്ബിദിനും കാമിൽ വാഫിക്കും ഇടയിലുള്ള 191 കിലോമീറ്റർ ഭാഗമാണ് സുഗമമായ ഗതാഗതം ഉറപ്പുവരുത്തുന്നതിനായി തുറന്നുകൊടുക്കുന്നത്. ജനുവരി 20ഓടെ ഭാഗികമായി തുറന്നുകൊടുക്കാനാണ് ഗതാഗത മന്ത്രാലയം ആലോചിക്കുന്നത്. ഭാഗികമായി റോഡ് ഗതാഗതയോഗ്യമാകുന്നതോടെ മൂന്ന് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾക്ക് അനുമതി നൽകും.
ചെറിയ വാഹനങ്ങൾക്ക് മാത്രമേ ഈ ഭാഗം ഉപയോഗിക്കാൻ അനുവാദമുണ്ടാവൂ എന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണ കാലയളവ് അവസാനിക്കുന്നതോടെ വലിയ വാഹനങ്ങൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാനുള്ള അനുമതി നൽകും. എന്നാൽ, സുരക്ഷ മുൻനിർത്തി പെട്രോകെമിക്കൽ, വാതകം തുടങ്ങിയ അപകടകരമായ വസ്തുക്കൾ വഹിക്കുന്ന വാഹനങ്ങളെ ഇതുവഴിയുള്ള ഗതാഗതത്തിൽനിന്ന് പൂർണമായി മാറ്റിനിർത്തുമെന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.
