കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
text_fieldsഉപഭോക്തൃ സംരക്ഷണ അതോറിറ്റി കടയിൽ പരിശോധന നടത്തുന്നു
മസ്കത്ത്: കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ അൽ വുസ്ത ഗവർണറേറ്റിലെ മഹൂത്ത് വിലായത്തിലെ വാണിജ്യസ്ഥാപനത്തിൽ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പിടിച്ചെടുത്തു. വിതരണക്കാർ നടത്തുന്ന ദുരുപയോഗങ്ങൾ തടയുന്നതിനും സമൂഹത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അനധികൃത വസ്തുക്കളുടെ വ്യാപനത്തെ ചെറുക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു പരിശോധന.
ജുഡീഷ്യൽ കൺട്രോൾ ഓഫിസർമാർ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. കാലഹരണപ്പെട്ട ഉൽപന്നങ്ങൾ പിടിച്ചെടുത്തു. അധികൃതർ നിർദേശിച്ച മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കണമെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ആവശ്യപ്പെട്ടു.
നിയമലംഘനം കണ്ടെത്തിയാൽ ഉപഭോക്താക്കൾക്ക് അതോറിറ്റിയുടെ വിവിധ ആശയവിനിമയ മാർഗങ്ങളിലൂടെ റിപ്പോർട്ട് ചെയ്യാവുന്നതാണെന്നും അധികൃതർ അറിയിച്ചു.

