Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസികൾ ആദായ നികുതി...

പ്രവാസികൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ..

text_fields
bookmark_border
പ്രവാസികൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ..
cancel
camera_alt

അഡ്വ. ആർ മധുസൂദനൻ

വിദേശത്ത് ജോലി ചെയ്യുകയോ സ്ഥിരതാമസമാക്കുകയോ ചെയ്യുന്ന ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ) ഇന്ത്യയിൽ ആദായനികുതി റിട്ടേൺ (ഐ.ടി.ആർ) സമർപ്പിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടാകാറുണ്ട്. ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ സ്വഭാവവും തുകയും അനുസരിച്ചാണ് ഐ.ടി.ആർ ഫയൽ ചെയ്യേണ്ടതുണ്ടോ എന്ന് തീരുമാനിക്കുന്നത്.

ഇന്ത്യയിലെ വാടകവരുമാനം, ബാങ്ക് നിക്ഷേപങ്ങളുടെ പലിശ, ഓഹരികളിലെയും മ്യൂച്വൽ ഫണ്ടുകളിലെയും മൂലധനലാഭം, വസ്തു വിൽപനയിലൂടെ ലഭിക്കുന്ന ലാഭം തുടങ്ങി ഇന്ത്യയിൽ നിന്നുള്ള നികുതിക്ക് വിധേയമായ എല്ലാ വരുമാനങ്ങളും എൻ.ആർ.ഐകളുടെ ഇന്ത്യൻ വരുമാനത്തിൽ ഉൾപ്പെടുന്നു. ഇത്തരം വരുമാനങ്ങൾ നിശ്ചിത പരിധി കവിയുന്ന സാഹചര്യങ്ങളിൽ ഐ.ടി.ആർ സമർപ്പിക്കുന്നത് നിയമപരമായ ബാധ്യതയാണ്.

ഫയൽ ചെയ്യണ്ടേത് എപ്പോൾ?

ഇന്ത്യയിൽ സ്ഥിരമായി താമസിക്കുന്നവർ പുതിയ സ്‌കീമിൽ 12 ലക്ഷം വരെയുള്ള വരുമാനത്തിന് (ശമ്പളക്കാർ /പെൻഷൻ എന്നിവർക്ക് 12,75000 വരെ ) ആദായ നികുതി കൊടുക്കേണ്ട കാര്യമില്ല. എന്നാൽ പ്രവാസികൾക്ക് പുതിയ സ്‌ക്കിമിൽ ഇത് നാലുലക്ഷമാണ് പരിധി. അതായതു നാട്ടിൽ നാലു ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ റിട്ടേൺ ഫയൽ ചെയ്യണം എന്നർഥം. രണ്ടാമതായി വരുമാനം നാലു ലക്ഷത്തിൽ താഴെ ആണെങ്കിലും നിങ്ങളുടെ വരുമാനത്തിൽ നിന്നും ബാങ്കുകളോ മറ്റു സ്ഥാപനങ്ങളോ വരുമാനത്തിന് ഉറവിടത്തിൽ നികുതി ടി.ഡി.എസ് പിടിച്ചിട്ടുണ്ടെങ്കിൽ അത് തിരികെ കിട്ടാൻ റിട്ടേൺ ഫയൽ ചെയ്യണം. ഫോം 26AS /ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്റ് പരിശോധിച്ച് ടി.ഡി.എസ് പിടിച്ചിട്ടുണ്ടോ എന്ന് തീർച്ചയായും പരിശോധിക്കണം. ഇത് ഓൺലൈൻ ആയി പരിശോധിക്കാവുന്നതാണ്.

നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ട രീതി

ഇന്ത്യയിൽ ബിസിനസ് അല്ലെങ്കിൽ പ്രൊഫഷണൽ വരുമാനമില്ലാത്ത പ്രവാസികൾ സാധാരണയായി ഐ.ടി.ആർ-2 ഫോമാണ് ഉപയോഗിക്കുന്നത്. ഈ ഫോമിൽ ഐ.ടി.ആർ-1-നെ അപേക്ഷിച്ച് കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്തേണ്ടതുണ്ട്. റിട്ടേൺ ഓൺലൈൻ ആയി ഫയൽ ചെയ്യാം. (https://eportal.incometax.gov.in) ഫയൽ ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ വരുമാന വിവരങ്ങൾ ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്മെന്റ്, ഫോം 26എ.എസ് എന്നിവയുമായി ഒത്തുനോക്കി ഉറപ്പാക്കണം.

വിവരങ്ങളിൽ പൊരുത്തക്കേടുണ്ടെങ്കിൽ പിന്നീട് നോട്ടീസുകൾ ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. ഇൻകം ടാക്സ് പോർട്ടലിൽ നിങ്ങളുടെ പാൻ നമ്പറാണ് യൂസർ ഐഡിയായി ഉപയോഗിക്കുന്നത്. പാസ് വേർഡ് ഉണ്ടാക്കാനും മറന്നു പോയാൽ റീസെറ്റ് ചെയ്യാനും കഴിയും.

സമയ പരിധി/വെരിഫിക്കേഷൻ /പിഴ

നിങ്ങൾ മേൽപറഞ്ഞ വരുമാന പരിധിയിൽ ആണെങ്കിലോ അല്ലെങ്കിൽ പിടിച്ച നികുതി തിരികെ വേണമെങ്കിലോ റിട്ടേൺ ഫയൽ ചെയ്യണം. നിലവിൽ ഐ.ടി.ആർ-2 ഫയൽ ചെയ്യേണ്ട അവസാന തീയതി ജൂലൈ 31 ആണ്. ഇതിനു ശേഷം ഫയൽ ചെയ്താൽ പിഴ അടക്കേണ്ടി വരും. അഞ്ചു ലക്ഷത്തിലധികം വരുമാനമുള്ളവർ 5000 രൂപ പിഴ, ഈ ഇനത്തിൽ ഒടുക്കേണ്ടി വരും. പിഴക്കു പുറമെ നികുതി കുടിശ്ശികയുണ്ടെങ്കിൽ അതിനു അധിക പിഴ പലിശ വേറെ. ഇത് കൂടാതെ മറ്റു ചില ആനുകൂല്യങ്ങളും നഷ്ടപ്പെടാം. ഇനി റിട്ടേൺ ഫയൽ ചെയ്തു കഴിഞ്ഞാൽ അത് ഇ വെരിഫൈ ചെയ്യണം. അതിനുള്ള പരമാവധി സമയം ഒരു മാസമാണ്. ഒരു മാസത്തിനകം റിട്ടേൺ വെരിഫൈ ചെയ്തില്ലെങ്കിൽ നിങ്ങൾ റിട്ടേൺ ഫയൽ ചെയ്തതായി കണക്കാക്കില്ല. അതുകൊണ്ടു ഉടനെ തന്നെ ആധാർ ബേസ്ഡ് ഒ.ടി.പി വഴി അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് വഴിയുള്ള വെരിഫിക്കേഷൻ ചെയ്യാൻ മറക്കരുത്.

ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ

വിദേശത്ത് ലഭിക്കുന്ന വരുമാനം പൊതുവെ ഇന്ത്യയിൽ നികുതിക്ക് വിധേയമല്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള വരുമാനവുമായി ബന്ധപ്പെട്ട നികുതി ബാധ്യതകൾ കൃത്യമായി പാലിക്കേണ്ടത് ഓരോ പ്രവാസിയുടെയും ഉത്തരവാദിത്വമാണ്. ഇന്ത്യയും താമസരാജ്യവും തമ്മിൽ ഡബ്ൾ ടാക്സേഷൻ അവോയ്ഡൻസ് അഗ്രിമെന്റ് (ഡി.ടി.എ.എ) നിലവിലുണ്ടെങ്കിൽ, നിബന്ധനകൾക്ക് വിധേയമായി ഇരട്ട നികുതി ഒഴിവാക്കാനുള്ള ആനുകൂല്യങ്ങളും ലഭ്യമാണ്.

ഐടിആർ സമയബന്ധിതമായി സമർപ്പിക്കുന്നത് നികുതി നിയമങ്ങൾ പാലിക്കുന്നതിനൊപ്പം സാമ്പത്തിക വിശ്വാസ്യതയും വർധിപ്പിക്കുന്നു. ബാങ്ക് വായ്പകൾ, വിസ അപേക്ഷകൾ, സാമ്പത്തിക രേഖകളുടെ പരിശോധന എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ഐ.ടി.ആർ ഒരു പ്രധാന രേഖയാണ്.

വേണമെങ്കിൽ ഈ മേഖലയിലെ ഒരു വിദഗ്ദ്ധന്റെ സേവനം ഉപയോഗിക്കാവുന്നതാണ് ഇപ്പോൾ ആധാർ, പാൻ , ബാങ്ക് അക്കൗണ്ടുകൾ എന്നിവ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നതുകൊണ്ടു നിങ്ങളുടെ വരുമാനം ഉൾപെടെ എല്ലാ വിവരങ്ങളും ആദായനികുതി വകുപ്പിന് ഉണ്ടെന്നുള്ള കാര്യം അറിയുക. കൃത്യമായ നികുതി ആസൂത്രണവും സമയബന്ധിതമായ ഐ.ടി.ആർ ഫയലിങ്ങും എൻ.ആർ.ഐകൾക്ക് സാമ്പത്തിക സുരക്ഷയും നിയമപരമായ വ്യക്തതയും ഉറപ്പാക്കാൻ സഹായിക്കും.

(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:income taxincome tax returnExpatriates
News Summary - Expatriates Income Tax Return
Next Story