യാത്രാവിലക്ക് നീക്കി പ്രവാസികൾക്ക് ആഹ്ലാദം; വ്യാപാരികൾ പ്രതീക്ഷയിൽ
text_fieldsമസ്കത്ത്: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്ക് നാല് മാസത്തിലധികമായി ഏർപ്പെടുത്തിയ യാത്രാവിലക്ക് ഒമാൻ പിൻവലിച്ചത് പ്രവാസികളിൽ ഏറെ ആശ്വാസം നൽകി. വിവിധ സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ നാട്ടിൽ കുടുങ്ങിയതുമൂലം പ്രയാസം അനുഭവപ്പെടുന്നവർക്കാണ് സുപ്രീം കമ്മിറ്റി തീരുമാനം ഏറെ ആഹ്ലാദം നൽകിയത്. സ്ഥാപനങ്ങളിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ നാട്ടിൽ പോകാനാകാതെ പ്രയാസം അനുഭവിക്കുന്നവർക്കും തീരുമാനം അനുഗ്രഹമായി. കൂടുതൽ ആളുകൾ എത്തുന്നതോടെ വ്യാപാരം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.
വാർത്ത ഏറെ ആശ്വാസം പകർന്നത് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കാണ്. യാത്രാവിലക്കുമൂലം പരുങ്ങലിലായിരുന്ന ട്രാവൽ ഏജൻസി മേഖല പ്രവേശന വിലക്ക് പിൻവലിച്ചതോടെ ഉണർവിലാണ്. യാത്രാവിലക്കുമൂലം നാട്ടിൽ കുടുങ്ങിയവരും അവരുമായി ബന്ധപ്പെട്ടവരുമാണ് പുതിയ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നത്. ഇതിൽ പലരുടെയും വിസാ കാലാവധി അവസാനിച്ചവരും അവസാനിക്കാൻ അടുത്തവരുമാണ്. നാട്ടിൽനിന്ന് നിരവധി അന്വേഷണങ്ങളാണ് മാസങ്ങളായി സമൂഹിക പ്രവർത്തകർക്കും ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ലഭിച്ചിരുന്നത്.
പുതിയ തീരുമാനം ഏറെ സന്തോഷം പകരുന്നതായി റൂവിയിൽ മൊബൈൽ കടയിൽ ജോലി ചെയ്യുന്ന പേരാമ്പ്ര സ്വദേശി പറഞ്ഞു. രണ്ട് കൊല്ലത്തോളമായി നാട്ടിൽ പോയിട്ട്. നാട്ടിൽ കുടുങ്ങിയ സ്ഥാപന ഉടമ വരുന്നതും കാത്തിരിക്കുകയാണ്. ജീവനക്കാർ കുറവായതിനാൽ മുഴുവൻ സമയവും കടയിലിരിക്കേണ്ട അവസ്ഥയാണ് നിലവിലെന്നും അദ്ദേഹം പറഞ്ഞു. റൂവിയടക്കമുള്ള നഗരങ്ങളിൽ നിരവധിപേർ ഇത്തരത്തിലുണ്ട്. വിമാനവിലക്കിന് മുമ്പ് നാട്ടിൽ പോയി കുടുങ്ങിയവരുമുണ്ട്.
യാത്രാവിലക്കുമൂലം ജീവനക്കാർ നാട്ടിൽ കുടുങ്ങിയത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നതായും ജീവനക്കാരുടെ കുറവ് വലിയ പ്രതിസന്ധിയാണെന്നും വ്യാപാരികൾ പറയുന്നു. തങ്ങളുടെ 200ലധികം ജീവനക്കാർ നാട്ടിൽ കുടുങ്ങിയത് കാരണം വലിയ പ്രതിസന്ധിയാണുള്ളതെന്ന് പ്രമുഖ ഹൈപർ മാർക്കറ്റ് ശൃംഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
യാത്രാവിലക്ക് നീക്കാനുള്ള തീരുമാനം ഏറെ ആശ്വാസകരമാണെന്ന് നെസ്റ്റോ ഹൈപർ മാർക്കറ്റ് മാനേജിങ് ഡയറക്ടർ ഹാരിസ് പാലോള്ളതിൽ പറഞ്ഞു. കഴിഞ്ഞ ഒന്നരവർഷമായി വ്യാപാരമേഖല പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്. യാത്രാവിലക്ക് നീങ്ങി കുടുംബങ്ങൾ അടക്കം നിരവധിപേർ രാജ്യത്ത് തിരിച്ചെത്തുന്നത് എല്ലാ മേഖലക്കും ഉണർവ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചുവരവ് പ്രയാസമായതിനാൽ ആളുകൾ നാട്ടിലേക്കുള്ള യാത്ര മാറ്റിവെച്ചിരുന്നു. അതിനാൽ നാട്ടിൽ േപാവുേമ്പാൾ കൊണ്ടുപോവുന്ന െഡ്രെഫ്രൂട്ട്, ചോക്ലറ്റ് തുടങ്ങിയ നിരവധി ഇനങ്ങളുടെ വ്യാപാരം മോശമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പുതിയ തീരുമാനം ട്രാവൽ മേഖലക്കും അനുബന്ധമേഖലക്കും ആശ്വാസം പകരുന്നതാണ്. യാത്രാവിലക്ക് വിമാന സർവിസുകൾ നിലച്ചതോടെ യാത്രക്കാരുടെ എണ്ണം കുത്തനെ കുറഞ്ഞിരുന്നു. ഇത് ട്രാവൽ മേഖലയെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പലതും ജീവനക്കാരെ നാട്ടിൽ അയച്ചും പേരിന് മാത്രം ജീവനക്കാരെ വെച്ചുമാണ് പ്രവർത്തിച്ചിരുന്നത്. ചില സ്ഥാപനങ്ങൾ താൽക്കാലികമായി അടക്കുകയും ചെയ്തിരുന്നു.
അതിനിടെ യാത്രാവിലക്ക് നീക്കിയെന്ന തീരുമാനം പുറത്തുവന്നതോടെ വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. വലിയ തോതിലുള്ള അന്വേഷണങ്ങളാണ് ട്രാവൽ ഏജൻസികളിൽ ലഭിക്കുന്നത്. നിരക്കുകൾ ഉയർന്നതിന് ഒപ്പം ടിക്കറ്റുകൾ അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്നും സഹമിലെ ക്യാപ്റ്റൻ ട്രാവൽസ് പ്രതിനിധി അഷ്റഫ് പറഞ്ഞു. സെപ്റ്റംബർ 10 വരെയുള്ള ടിക്കറ്റുകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് തിങ്കളാഴ്ച സന്ധ്യക്ക് ബാക്കിയുള്ളത്. കണ്ണൂരിൽനിന്ന് സെപ്റ്റംബർ 18, 20 തീയതികളിൽ മാത്രമാണ് 90 റിയാൽ ടിക്കറ്റിനുള്ളത്. സെപ്റ്റംബർ 10 വരെ 135 റിയാലാണ് നിരക്ക്. തിരുവനന്തപുരത്ത് നിന്ന് സെപ്റ്റംബർ പത്താം തീയതി വരെയുള്ള ടിക്കറ്റുകൾ 200 റിയാൽ വരെയായി. പത്താം തീയതി വരെ തിരുവനന്തപുരത്ത് നിന്ന് ടിക്കറ്റ് കിട്ടാനുമില്ല. കൊച്ചിയിൽനിന്നുള്ള നിരക്ക് 250 റിയാൽ വരെയായി ഉയർന്നു. കോഴിക്കോട് നിന്ന് 160 റിയാൽ വരെയാണ് ടിക്കറ്റ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

