സർക്കാർ കടപ്പത്രങ്ങളിൽ പ്രവാസികൾക്കും അവസരം
text_fieldsഅഡ്വ. ആർ. മധുസൂദനൻ
പ്രവാസികൾക്കും നാട്ടിലുള്ളവർക്കും കാര്യമായി അറിവില്ലാത്ത ഒന്നാണ് സർക്കാർ കടപ്പത്രങ്ങളിൽ നിക്ഷേപിക്കാം എന്നുള്ളത്. ജോലിയിൽനിന്ന് വിരമിച്ചവർക്കും അതുപോലെ വിരമിക്കൽ അടുത്തവർക്കും ഇത് നല്ല ഒരു പദ്ധതി ആണ്. ഈ ലക്കത്തിൽ അതിനെപ്പറ്റി പറയാം.
1. എന്താണ് റിസർവ് ബാങ്ക് റീറ്റെയ്ൽ ഡയറക്റ്റ് അക്കൗണ്ട്
ചെറുകിട നിക്ഷേപകർക്ക് ബ്രോക്കർമാരുടെ സഹായമില്ലാതെ നേരിട്ട് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സെക്യൂരിറ്റികളിൽ ഓൺലൈൻ ആയി നിക്ഷേപിക്കാം. താഴെപ്പറയുന്ന കാര്യങ്ങൾ ഇത് വഴി ചെയ്യാം.
i) റിസർവ് ബാങ്കിൽ റീറ്റെയ്ൽ ഡയറക്റ്റ് ഗിൽറ്റ് അക്കൗണ്ട് തുറക്കാനും അത് ഇടപാടുകൾക്കായി ഉപയോഗിക്കാനും പറ്റും
ii) കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കടപ്പത്ര ലേലത്തിൽ (മത്സരമില്ലാത്ത) പങ്കെടുക്കാൻ കഴിയും. പുതിയതും നിലവിലുള്ളവയുമായ സെക്യൂരിറ്റികൾ ലേലം വഴി ലഭിക്കും. വെയിറ്റഡ് ആവറേജ് എന്ന രീതിയിലാണ് വില നിശ്ചയിച്ച് കടപ്പത്രങ്ങൾ ലഭിക്കുന്നത്. ബോണ്ടിന്റെ വില, അന്നേദിവസംവരെയുള്ള ആർജിച്ച വരുമാനം ലേലം കഴിയുന്നതുവരെ വില അറിയാൻപറ്റാത്ത കാരണം ചെറിയ ഒരു അധികം തുക എന്നിവ മുൻകൂറായി അടക്കണം. ലേലം കഴിയുമ്പോൾ ബാക്കി തുക അക്കൗണ്ടിലേക്കു മടക്കി നൽകും. എല്ലാ ആഴ്ചകളിലും ലേലം ഉണ്ടായിരിക്കും.
iii) മേൽപറഞ്ഞ സെക്യൂരിറ്റികൾ വിൽക്കുന്നതിനും വാങ്ങുന്നതിനും റിസർവ് ബാങ്കിന്റെ സെക്കൻഡറി പ്ലാറ്റ്ഫോം ആയ NDS-OM ഉപയോഗിക്കാം. ലേലം വഴി തന്നെ കരസ്ഥമാക്കണമെന്ന് നിർബന്ധമില്ല.
പ്രവാസികൾക്ക് നിക്ഷേപം നടത്താൻ കഴിയുന്ന സെക്യൂരിറ്റികൾ
1. കേന്ദ്ര ഗവണ്മെന്റ് സെക്യൂരിറ്റീസ്
2.ട്രഷറി ബിൽസ്
3.സംസ്ഥാന ഗവണ്മെന്റ് ഇഷ്യൂ ചെയ്യുന്ന സെക്യൂരിറ്റീസ്
അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ
നാട്ടിൽ ഒരു എൻ.ആർ.ഒ സേവിങ്സ് ബാങ്ക് അക്കൗണ്ട് വേണം. ഓൺലൈൻ സൗകര്യം/യു.പി.ഐ ഉണ്ടായിരിക്കണം. പാൻ, മറ്റ് കെ.വൈ.സി രേഖകൾ, ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ വേണം. ഓൺലൈൻ ആയി റിസർവ് ബാങ്കിന്റെ വെബ്സൈറ്റ് വഴി (https://rbiretaildirect.org.in) അപേക്ഷ സമർപ്പിക്കാം. ജോയന്റ് അക്കൗണ്ട് ഓപൺ ചെയ്യാം. അപ്ലിക്കേഷൻ അംഗീകരിക്കുന്ന മുറക്ക് മറ്റുവിവരങ്ങൾ SMS/ഇ-മെയിൽ വഴി അറിയിക്കും.
നിങ്ങളുടെ അക്കൗണ്ടിലുള്ള തുക അനുസരിച്ച് മേൽപറഞ്ഞ സെക്യൂരിറ്റികൾ ലേലത്തിൽ വാങ്ങുകയോ അല്ലെങ്കിൽ NDS-OM വഴി ക്രയവിക്രയം ചെയ്യാവുന്നതാണ്. സെക്യൂരിറ്റി വാങ്ങുമ്പോൾ നിങ്ങളുടെ ‘റീറ്റെയ്ൽ ഡയറക്റ്റ് ഗിൽട്ട്’ അക്കൗണ്ടിൽ അത് വരവ് വെക്കുകയും അതേപോലെ വിൽക്കുമ്പോൾ കുറവ് ചെയ്യുകയും ചെയ്യും. അതുപോലെ സെക്യൂരിറ്റീസ് വാങ്ങുമ്പോൾ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് എടുക്കുകയും വിൽക്കുമ്പോൾ അക്കൗണ്ടിൽ വരവുവെക്കുകയും ചെയ്യും .
നടത്തിയ ഇടപാടിന്റെ വിവരങ്ങൾ ഇ-മെയിൽ ആയി ലഭിക്കുന്നതും അക്കൗണ്ടിൽ ഉള്ള സെക്യൂരിറ്റികൾ മറ്റ് വായ്പകൾക്കും മറ്റും ഈടായി നൽകാവുന്നതാണ്. നോമിനേഷൻ സൗകര്യവും ഉണ്ട്. 10,000 രൂപയാണ് ഏറ്റവും കുറഞ്ഞ തുക. കേന്ദ്ര സർക്കാറിന്റെ സെക്യൂരിറ്റിയിൽ പരമാവധി ഒരുതവണ രണ്ട് കോടി വരെ നിക്ഷേപിക്കാം.
2. ആകർഷണീയത എന്തുകൊണ്ട്
ഏറ്റവും ഉയർന്ന സേഫ്റ്റി ഉള്ള ഇത്തരം ബോണ്ടുകളെ ഗിൽറ്റ് എഡ്ജഡ് സെക്യൂരിറ്റീസ് (Gilt edged securities) എന്നാണ് അറിയപ്പെടുന്നത്. ടെൻഷൻ ഒട്ടും വേണ്ടാത്ത ഒരു നിക്ഷേമപമാണിത്. കൃത്യമായ സമയങ്ങളിൽ മുതലും ആദായവും ബന്ധപ്പെട്ട അക്കൗണ്ടിലേക്കുവരും. കുറഞ്ഞ കാലത്തേക്കുള്ള നിക്ഷേപങ്ങൾ (91 ദിവസം) മുതൽ 40 വർഷം കാലാവധിയുള്ള ദീർഘകാല നിക്ഷേപങ്ങൾ വരെ നടത്തം. ഉടനെ അവശ്യമില്ലാത്ത പണം ദീർഘകാലാടിസ്ഥാനത്തിൽ ഇട്ടാൽ ആറുമാസ ഇടവേളകളിൽ കാലാവധി എത്തുന്നതുവരെ ആദ്യവസാനം ഒരേ വരുമാനം കിട്ടും. ട്രഷറി ബില്ലുകൾ ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ ഡിസ്കൗണ്ടിന് ഇഷ്യൂ ചെയ്യുന്നതുകൊണ്ട് മുഖവില കാലാവധിയെത്തുമ്പോൾ തിരികെ തരും. അതുപോലെതന്നെ അവസരങ്ങൾ അനുകൂലമാകുമ്പോൾ NDS-OM എന്ന പ്ലാറ്റ്ഫോം വഴി വിറ്റ് മികച്ച ലാഭമുണ്ടാക്കാനും കഴിയും. കേന്ദ്ര സർക്കാർ നിഷ്കർഷിച്ച ടി.ഡി.എസ് ബാധകമാണ് .
2025 ആഗസ്റ്റ് ആറിന് നടന്ന ആർ.ബി.ഐയുടെ അവലോകന യോഗത്തിൽ ട്രഷറി ബില്ലിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ സംവിധാനം കൊണ്ടുവന്നു. ഇത് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്ത എന്നാൽ ചെറിയ കാലയളവിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ചെറുകിട നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമാണ്.ബ്രോക്കറേജ്, അക്കൗണ്ട് സൂക്ഷിക്കുന്നതിനുള്ള ചെലവ് എന്നിവ ഇല്ല. വളരെ കുറഞ്ഞ ചാർജുകൾ മാത്രമേ ഉള്ളൂ എന്നത് ഇതിന്റെ ഒരു ആകർഷണീയതയാണ്. എന്തുകൊണ്ടും ചെറുകിട/ ഇടത്തരം പ്രവാസി നിക്ഷേപകരെ സംബന്ധിച്ചിടത്തോളം സുതാര്യമായ വളരെ നല്ല ഒരു സംവിധാനമാണിത്. ആദായനികുതി ബാധകമാണെങ്കിലും നിങ്ങളുടെ മൊത്ത നിക്ഷേപത്തിന്റെ അഞ്ച് മുതൽ 10 ശതമാനം വരെ സർക്കാർ കടപ്പത്രങ്ങളിൽ ആവാം. കൂടുതൽ വിവരങ്ങൾക്ക് ഭാരതീയ റിസർവ് ബാങ്കിന്റെ വെബ്സൈറ്റ് സന്ദർശിക്കുക .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

