പൂവേ... പൊലിപൂവേ...
text_fieldsമസ്കത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽനിന്ന്
മസ്കത്ത്: ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നതോടെ പ്രവാസികൾ ഓണാഘോഷ തിരക്കിലേക്ക്. വയനാട് പ്രളയ പശ്ചാത്തലത്തിൽ ആഘോഷങ്ങളിൽനിന്ന് ചിലരെങ്കിലും വിട്ടു നിൽക്കുമെങ്കിലും പൊതുവെ ആഘോഷ പ്രസരിപ്പിൽ തന്നെയാണ് പ്രവാസികളും. ചില സംഘടനകളും കൂട്ടായ്മകളും ആഘോഷചെലവുകൾ ദുരിതാശ്വാസ കമ്മിറ്റിക്ക് അയച്ച് കൊടുക്കുന്നുണ്ട്.
ഈ വർഷം ഓണാഘോഷം നിർത്തിവെക്കുകയാണെന്നും ഈ സംഖ്യ ഉപയോഗിച്ച് പ്രളയ ബാധിതർക്ക് ഒരു വീടെങ്കിലും വെച്ച് കൊടുക്കാനാണ് ശ്രമിക്കുന്നതെന്നും വർഷങ്ങളായി ഓണാഘോഷം ഭംഗിയായി നടത്തുന്ന ഒരു പ്രവാസി സംഘടനയുടെ പ്രതിനിധി അറിയിച്ചു. ചെലവ് ചുരുക്കി ഓണം ആഘോഷിച്ച് ബാക്കി സംഖ്യ ദുരിതബാധിതർക്കായി ഉപയോഗപ്പെടുത്തുന്ന സംഘടനകളും നിരവധിയാണ്.
വയനാട് ദുരന്തം ആഘോഷങ്ങളുടെ നിറം കുറക്കുമെങ്കിലും ആഘോഷങ്ങൾ നടക്കുമെന്നാണ് വ്യാപാര മേഖലയിലുള്ളവർ പറയുന്നത്. ഓണ വിഭവങ്ങൾക്ക് സാധാരണപോലെ ഓർഡർ ലഭിച്ചിട്ടുണ്ടെന്നും ഇവ നാട്ടിൽനിന്ന് എത്തിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ഇറക്കുമതി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറയുന്നു.
ചില ഓണവിഭവങ്ങൾ നാട്ടിൽനിന്ന് മാർക്കറ്റിൽ എത്തിയതായും അവർ പറഞ്ഞു. എന്നാൽ, ഇത്തവണ ഓണം പ്രവൃത്തി ദിവസത്തിലായത് പലരുടെയും ആഘോഷത്തിന് മങ്ങലേൽപിക്കും. സ്ഥാപനങ്ങളിൽനിന്ന് അവധിയെടുത്ത് ഓണം ആഘോഷിക്കുന്നവരും നിരവധിയാണ്.
അതിനിടെ വ്യാപാര സ്ഥാപനങ്ങളിൽ ഓണക്കോടികളും ഓണവസ്ത്രങ്ങളും എത്തിത്തുടങ്ങി. ഓണമുണ്ടുകൾ, കസവ്സാരികൾ തുടങ്ങിയ ഇനങ്ങൾ പല സ്ഥാപനങ്ങളിലും ഓഫറിൽ വെച്ചിട്ടുണ്ട്. മയിൽ പീലികളും ശ്രീകൃഷണന്റെ ചിത്രങ്ങളുമൊക്കെയുമുള്ള ഓണസാരികളും വ്യാപാര സ്ഥാപനങ്ങളിൽ ലഭ്യമായിത്തുടങ്ങി. പ്രധാന ഹോട്ടലുകളെല്ലാം ഓണസദ്യയും ഒരുക്കുന്നുണ്ട്.
20 മുതൽ മുകളിലോട്ട് ഇനം വിഭവങ്ങളാണ് സദ്യക്കുണ്ടാവുക. ഹോട്ടലുകളുടെ നിലവാരവും സദ്യയിലെ വിഭവങ്ങളുടെ എണ്ണവും അനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാവും. ഹോട്ടലുകൾക്ക് പുറമെ പ്രധാന ഹൈപ്പർമാർക്കറ്റുകളും ഓണസദ്യ വിളമ്പുന്നുണ്ട്. മൂന്ന് റിയാൽ മുതൽ നാല് റിയാൽ വരെയാണ് ഓണസദ്യകളുടെ ശരാശരി വില.
ഒമാനിലെ ചെറുതും വലുതുമായ എല്ലാ കൂട്ടായ്മകളും ആഘോഷിക്കുന്ന പ്രധാന ആഘോഷം ഓണം മാത്രമാണ്. ഒരു വർഷത്തിൽ ഓണം മാത്രമാഘോഷിക്കുന്ന ചില പ്രവാസി സംഘടനകളുമുണ്ട്. ഇന്ത്യൻ സോഷ്യൽ ക്ലബ് അടക്കമുള്ള വലിയ പ്രവാസ സംഘടനകളുടെ പ്രധാന ആഘോഷവും ഓണമാണ്.
ഇത്തരം ആഘോഷങ്ങളിൽ നാട്ടിൽനിന്നുള്ള കലാകാരന്മാരും സാംസ്കാരിക പ്രമുഖരും പങ്കെടുക്കാറുണ്ട്. സംഘടനകൾക്ക് പുറമെ വിവിധ ജില്ല അസോസിയേഷനുകളും വിവിധ സ്ഥാപനങ്ങളും അലുമ്നികളും ഓണം ആഘോഷിക്കാറുണ്ട്. സാധാരണ വാരാന്ത്യങ്ങളിലാണ് ഓണാഘോഷം നടക്കുന്നത്. എന്നാൽ, വാരാന്ത്യങ്ങളിലും ഹാളുകൾ ലഭിക്കുന്നതടക്കമുള്ള നിരവധി പ്രശ്നങ്ങൾ ഉള്ളതിനാൽ ആഘോഷങ്ങൾ നീണ്ടു പോവാറുണ്ട്. രണ്ടു മൂന്ന് മാസം വരെ ഓണാഘോഷം നീണ്ടു പോവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

