പ്രഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ പ്രവാസി സംഘടനകൾ അനുശോചിച്ചു
text_fieldsപ്രഫ. എം.കെ. സാനു
മസ്കത്ത്: മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനും സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ പ്രഫ. എം.കെ. സാനുവിന്റെ നിര്യാണത്തിൽ വിവിധ പ്രവാസി സംഘടനകൾ അനുശോചിച്ചു.
കൈരളി ഒമാൻ
പ്രഫസർ എം.കെ സാനുമാഷിൻറെ വിയോഗത്തിൽ കൈരളി ഒമാൻ അനുശോചിച്ചു. ജീവചരിത്രകാരൻ, നിരൂപകൻ, പത്രപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ, മനുഷ്യാവകാശ പ്രവർത്തകൻ, നിമസഭാസാമാജികൻ തുടങ്ങിയ നിലകളിൽ മലയാള സാഹിത്യ-സാമൂഹ്യ-രാഷ്ട്രീയ ചക്രവാളങ്ങളിൽ അരനൂറ്റാണ്ടിലധികം നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മാഷ്. ശ്രീ നാരായണ ഗുരു ദർശങ്ങളിലെ മാനവികതയും ലാവണ്യവും ജീവിതത്തിലുടനീളം മുറുകെപ്പിടിച്ച മാഷിൻറെ നിര്യാണം പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമാണെന്നും കൈരളി ഒമാൻ ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
മലയാളം മിഷൻ ഒമാൻ
മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും പ്രഗൽഭ അധ്യാപകനും പ്രഭാഷകനുമായ എം.കെ സാനുമാഷിൻറെ വിയോഗത്തിൽ മലയാളം മിഷൻ ഒമാൻ അനുശോചനമറിയിച്ചു. സയൻസ് അധ്യാപകനായിരുന്ന മാഷ് മലയാളത്തിന് മുതൽക്കൂട്ടായി മാറിയ ഒട്ടനേകം ഗ്രന്ഥങ്ങൾ മലയാള ഭാഷക്ക് സമ്മാനിച്ചു. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച കവികളായിരുന്ന കുമാരനാശാൻ, ചങ്ങമ്പുഴ തുടങ്ങിയവരുടെ ജീവചരിത്രങ്ങൾ അക്കൂട്ടത്തിൽ എടുത്തു പറയേണ്ടവയാണ്. ‘അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ’എന്ന കുമാരനാശാന്റെ വരികൾ ഉൾക്കൊണ്ട് ജീവിച്ച സാനുമാഷിന്റെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും കുടുംബങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം
അധ്യാപകൻ, എഴുത്തുകാരൻ, ചിന്തകൻ എന്നീ നിലകളിൽ കേരളീയ സമൂഹത്തിൽ നിറഞ്ഞുനിന്ന സാനു മാഷിന്റെ വേർപാട് സാംസ്‌കാരിക കേരളത്തിന് നികത്താനാവാത്ത വിടവാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം പറഞ്ഞു. എക്കാലത്തും പുരോഗമന പക്ഷത്ത് അടിയുറച്ചു നിന്ന മാഷിന്റെ കൃതികളും, പ്രഭാഷണങ്ങളും കേരളയീയ നവോത്ഥാന പിന്തുടർച്ചക്ക് വെളിച്ചമേകി. മാഷിന്റെ വേർപാടിൽ കേരളവിഭാഗം അനുശോചനം രേഖപെടുത്തുന്നതായി മാനേജ്‍മെന്റ് കമ്മിറ്റി അംഗങ്ങൾ വാർത്തകുറിപ്പിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

