Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനിയുക്ത...

നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി പ്രവാസി നേതാക്കൾ

text_fields
bookmark_border
നിയുക്ത മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങളുമായി പ്രവാസി നേതാക്കൾ
cancel
camera_alt

വി.ഡി. സതീശൻ മസ്കത്തിൽ ഒ.ഐ.സി.സി പരിപാടിയിൽ (ഫയൽ ചിത്രം)

മസ്കത്ത്: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിനന്ദനങ്ങൾ ചൊരിഞ്ഞ് പ്രവാസി സംഘടന നേതാക്കൾ. ഒമാനിൽ മുമ്പ് പല സന്ദർഭങ്ങളിലായി വി.ഡി. സതീശൻ സന്ദർശനം നടത്തിയിരുന്നു. 2018 ഒക്ടോബർ അവസാന വാരത്തിലാണ് അവസാനമായി അദ്ദേഹം ഒമാനിലെത്തിയത്. അന്ന് എ.ഐ.സി.സി. സെക്രട്ടറിയും എം.എൽ.എ.യുമായിരുന്നു അദ്ദേഹം. 2018 ഓഗസ്റ്റിലുണ്ടായ മഹാപ്രളയത്തിന് ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിന് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. മസ്കത്തിൽ നടന്ന ഇൻകാസ് ഒമാൻ ചാപ്റ്ററിന്റെ പരിപാടിയിലും ഇന്ദിരഗാന്ധി അനുസ്മരണ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നത് ജനത്തിന് പ്രത്യാശയുടെ കിരണങ്ങൾ നൽകുന്ന തീരുമാനമാണെന്ന് വേൾഡ് കെ.എം.സി.സി നേതാവ് പി.എ.വി അബൂബക്കർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പൊതു വികസന കാര്യത്തിൽ അദ്ദേഹത്തിന്റെ നിലപാടും ദീർഘ വീക്ഷണവും മുതൽ കൂട്ടാവും. കേരളത്തിന്റെ സാമ്പത്തിക, വികസന രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുമെന്നും പ്രവാസ ലോകം വലിയ പ്രതീക്ഷയോടെയാണ് പുതിയ സർക്കാറിനെ നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതിഫലനമാണ് വി.ഡി. സതീശൻ മുഖ്യമന്ത്രിയായതിലൂടെ കാണുന്നതെന്ന് ഇൻകാസ് ഒമാൻ അഡ്ഹോക് കമ്മിറ്റി കൺവീനർ അനീഷ് കടവിൽ പറഞ്ഞു. വി.ഡി.എസ് എന്നത് മാറ്റത്തിന്റെ മാറ്റൊലിയാണ്ന. ജകീയ ഭരണസമിതിക്കാണ് കേരളത്തിൽ അദ്ദേഹം നേതൃത്വം നൽകുകയെന്നും അനീഷ് കടവിൽ പറഞ്ഞു.

വി.ഡി.സതീശന്റെ മുൻകാല പ്രവർത്തനങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത ആദർശ നിലപാടുകളുടെയും അടിസ്ഥാനത്തിലാണ് അദ്ദേഹം മുഖ്യമന്ത്രിയായി വരണമെന്ന് കേരള ജനത ആഗ്രഹിച്ചതെന്ന് പ്രവാസി വെൽഫെയർ സലാല വർക്കിങ് കമ്മിറ്റി ചൂണ്ടിക്കാട്ടി. പച്ചക്ക് വർഗീയത പറയുന്നവരെ പടിക്ക് പുറത്തു നിർത്തി മതസൗഹാർദത്തിനും ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണന നൽകുന്ന പ്രകൃതി സൗഹാർദപരമായ വികസന പ്രവർത്തനങ്ങൾക്ക് ഭരണപരമായ നേതൃത്വം നൽകുവാൻ വി.ഡി.സതീശന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഭാരവാഹികളായ അബ്ദുല്ല മുഹമ്മദ്, വഹീദ് ചേന്ദമംഗലൂർ, തസ്റീന ഗഫൂർ തുടങ്ങിയവർ പറഞ്ഞു.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ നിർണായകമായ ഘട്ടത്തിലാണ് വി.ഡി സതീശൻ മുഖ്യമന്ത്രിപദത്തിലെത്തുന്നതെന്ന് പ്രവാസി വെൽഫെയർ ഒമാൻ കമ്മിറ്റി പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും ഭരണഘടനാ മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന വികസന സമീപനം മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കട്ടെ. പിന്നാക്ക, ന്യൂനപക്ഷ, സാധാരണ ജനവിഭാഗങ്ങളുടെ പ്രതീക്ഷകൾക്ക് കരുത്താകുന്ന ഭരണമായാൽ രാജ്യത്തിനുതന്നെ മാതൃകയാകുന്ന ഒരു കേരള മോഡൽ വീണ്ടും സൃഷ്ടിക്കാനാകുമെന്നും പ്രസിഡന്റ് സി. നൗഷാദ് പറഞ്ഞു.

കേരളീയ പൊതുസമൂഹത്തിന്റെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും പ്രവാസികളുടെ വേദനകളിൽ എന്നും താങ്ങായി നിൽക്കുകയും ചെയ്യുന്ന വി.ഡി. സതീശന്റെ നേതൃപാടവം ഏറെ പ്രശംസനീയമാണെന്ന് സലാല കെ.എം.സി.സി. പ്രസിഡണ്ട് വി.പി അബ്ദുസ്സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കൽപ്പറ്റയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അനിയന്ത്രിതമായി വർധിച്ചുകൊണ്ടിരിക്കുന്ന വിമാന ടിക്കറ്റ് നിരക്ക്, പ്രവാസികളുടെ സമഗ്രമായ പുനരധിവാസ പദ്ധതികൾ, പ്രവാസികൾക്കായുള്ള ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ കാര്യങ്ങളിൽ പുതിയ മുഖ്യമന്ത്രിയുടെ സജീവമായ ഇടപെടലുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

ധിഷണാശാലിയും അസാമാന്യ വാഗ്മിയും ദീർഘദർശിയുമായ, രാഷ്ട്രീയ കാഴ്ചപ്പാട് കൊണ്ട് ജനഹൃദയങ്ങളിൽ വിശ്വാസവും നേടിയ നേതാവാണ് വി.ഡി. സതീശനെന്നും രാജ്യത്തിന്റെ ഭാവിയെയും പ്രത്യേകിച്ച് യുവതലമുറയുടെ സ്വപ്നങ്ങളെയും സാധ്യതകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യക്തമായ കാഴ്ചപ്പാടും ദൃഢമായ ഇച്ഛാശക്തിയും കേരളത്തിന് പുതിയ പ്രതീക്ഷയും ആത്മവിശ്വാസവും പകരുമെന്നതിൽ സംശയമില്ലെന്നും അക്കാദമീഷ്യനും സാമൂഹിക പ്രവർത്തകനുമായ ഡോ. സജി ഉതുപ്പാൻ പറഞ്ഞു. വിദേശരാജ്യങ്ങളിൽ അധ്വാനിച്ച് കേരളത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനും സുരക്ഷക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യാഥാർഥ്യമാകട്ടെ. പ്രവാസികളുടെ പുനരധിവാസം, നിക്ഷേപ സംരക്ഷണം, തൊഴിൽ സഹായം, കുടുംബക്ഷേമം എന്നിവ ഉറപ്പാക്കുന്ന നവീന പദ്ധതികൾ വഴി ലോകമെമ്പാടുമുള്ള മലയാളികൾക്ക് കൂടുതൽ ആത്മവിശ്വാസവും കരുത്തും നൽകാനാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

കെ.കരുണാകരനും, ഉമ്മൻചാണ്ടിക്കും ശേഷം ഇത്രമേൽ അണികളെ പ്രചോദിപ്പിച്ച ഒരു നേതാവില്ലെന്നും ഐക്യജനാധിപത്യ മുന്നണിക്ക് ഐതിഹാസിക വിജയം സമ്മാനിച്ച ജനങ്ങളുടെ പ്രതീക്ഷക്കു ഒത്ത് മുന്നേറാൻ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാറിന് കഴിയട്ടെയെന്നും ഒ.ഐ.സി.സി ഒമാൻ മുൻ അധ്യക്ഷൻ സിദ്ദിക്ക് ഹസ്സൻ പറഞ്ഞു. പ്രവാസികളുടെ വിവിധ പ്രശ്നങ്ങളിൽ കൂടുതൽ കരുതലോടെയും സഹാനുഭൂതിയോടെയും പുതിയ സർക്കാർ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി റൂവി മലയാളി അസോസിയേഷൻ പറഞ്ഞു. പ്രവാസി ക്ഷേമം, പുനരധിവാസ പദ്ധതികൾ, നോർക്ക സേവനങ്ങളുടെ ശക്തീകരണം എന്നിവക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അസോ. അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatechief ministerOmanVD SatheesanMascut
News Summary - Expatriate leaders congratulate the appointed Chief Minister
Next Story