‘പ്രവാസികളുടെ അവസരങ്ങൾ വിവാദങ്ങളിലൂടെ ഇല്ലാതാക്കരുത്’; ജയശങ്കർ പാലിശ്ശേരി
text_fieldsമസ്കത്ത്: പ്രവാസികൾക്ക് തങ്ങളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ഭരണകൂടത്തിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങൾ അനാവശ്യ വിവാദങ്ങളിലൂടെ ഇല്ലാതാക്കരുതെന്ന് തൃശൂർ അസോസിയേഷൻ മസ്കത്ത് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി അഭ്യർഥിച്ചു. വിവിധ സംഘടനകളുടെ ക്ഷണം സ്വീകരിച്ച് മസ്കത്തിലെത്തിയ കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, തൃശൂർ അസോസിയേഷൻ മസ്കത്തിന്റെ പ്രത്യേക ക്ഷണിതാവയത് തൃശൂർ ജില്ലയുടെ പ്രതിനിധി എന്ന നിലയിൽ കൂടിയാണ്.
പ്രവാസികളായ മലയാളികൾക്ക് കേരളത്തിന്റെ സർക്കാറിന്റെ മുമ്പാകെ അവതരിപ്പിക്കാനുള്ള നിരവധി പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ ഇത്തരം കൂടിക്കാഴ്ചകൾ ഉപകരിക്കും. പ്രവാസികളുമായി നടത്തിയ സംവാദത്തിൽ കായിക മേഖലയിൽ നടത്താനുദ്ദേശിക്കുന്ന വികസന പ്രവർത്തങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നു. താരങ്ങൾക്ക് നൽകുന്ന പോഷകാഹാരത്തിലെ പരിമിതികൾ, കായിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിഷയങ്ങളിൽ ഉയർന്ന ചോദ്യങ്ങൾക്ക് മന്ത്രി വിശദമായ മറുപടി നൽകുകയും ചെയ്തു. കേരളത്തിന്റെ കായിക മേഖലയുടെ സമഗ്ര വികസനത്തിന് സർക്കാർ നടപ്പാക്കുന്ന ‘ഓപറേഷൻ കളരിയുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
പ്രവാസി മലയാളി സമൂഹത്തെയും സന്നദ്ധ സംഘടനകളെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന രീതിയിൽ ഞങ്ങളുടെ പരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ, ‘മന്ത്രിമാർ അനർഹമായ ആനുകൂല്യങ്ങൾ കൈപ്പറ്റി’ എന്ന നിലയിൽ ഞങ്ങളെയും അവരെയും സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് അംഗീകരിക്കാൻ കഴിയില്ല. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണെങ്കിലും അതിന്റെ പേരിൽ പ്രവാസികൾക്ക് ലഭിക്കുന്ന സംവാദവേദികൾ നഷ്ടപ്പെടരുത്. നാടിനെയും കുടുംബത്തെയും വിട്ട് വിദേശത്ത് കഴിയുന്ന പ്രവാസികളുടെ പ്രശ്നങ്ങൾക്കും പ്രയാസങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്നും അദ്ദേഹം അഭ്യർഥിച്ചു. പ്രവാസികളുടെ പ്രശ്നങ്ങളും അവകാശങ്ങളും ക്ഷേമവുമാണ് ഞങ്ങളുടെ രാഷ്ട്രീയമെന്ന് തൃശൂർ അസോസിയേഷൻ മസ്കത്ത് പ്രസിഡന്റ് ജയശങ്കർ പാലിശ്ശേരി, സെക്രട്ടറി വാസുദേവൻ തളിയറ, ട്രഷറർ മുഹമ്മദലി എന്നിവർ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

