ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് വികസിപ്പിക്കുന്നു
text_fieldsബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട്
മസ്കത്ത്: ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിന്റെയും ഇതുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെയും വികസനത്തിനായി ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം ടെൻഡർ ക്ഷണിച്ചു.
ഗതാഗതവും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുക, പ്രദേശത്തെ നഗര, വാണിജ്യ, സാമ്പത്തിക വളർച്ചയുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം വാഹനമോടിക്കുന്നവർക്ക് സുഗമമായ യാത്ര ഉറപ്പാക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.
റൗണ്ട് എബൗട്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന റോഡ് സംവിധാനം നവീകരിക്കുന്നതിലൂടെ, ഗതാഗതക്കുരുക്ക് കുറക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും വികസനം സഹായിക്കും.
ബുർജ് അൽ സഹ്വയുടെ വികസനത്തിന് ഒരു ബദൽ പരിഹാരം നിർദേശിക്കാൻ കരാറുകാരന് അനുവാദമുണ്ട്. കൂടാതെ പ്രവൃത്തിയുടെ വ്യാപ്തി മസ്കത്ത് എക്സ്പ്രസ് വേ വരെ നീട്ടാനും കഴിയും.
ഈ വർഷം ചില സുപ്രധാന നീക്കങ്ങളിലൂടെ തലസ്ഥാനത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികൾ ഗതാഗത, വാർത്താവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അവതരിപ്പിച്ചിരുന്നു. മസ്കത്ത് എക്സ്പ്രസ് വേയുടെ വികസനം, നവംബർ 18 റോഡ് തുടങ്ങിയവയാണ് ഈ വർഷം നടപ്പാക്കുന്ന പദ്ധതികളിൽ ചിലത്.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനുള്ള പദ്ധതിയിൽ അൽ മൗജ് സ്ട്രീറ്റ് വിപുലീകരണവും ഉൾപ്പെടുമെന്ന് ഗതാഗത അണ്ടർ സെക്രട്ടറി എൻജിനീയർ ഖാമിസ് അൽ ഷമ്മാഖി പറഞ്ഞു.
മസ്കത്ത് ഗവർണറേറ്റിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ഒരു സർക്കാർ സംഘം മസ്കറ്റ് ഗവർണറുടെ ഓഫീസുമായി ഏകോപനത്തിലും സഹകരണത്തിലും പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ട്. ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ടിന്റെ പുനർനിർമാണത്തിൽ പാതകളുടെ വികാസത്തിന് പുറമേ പാലങ്ങളും തുരങ്കങ്ങളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മസ്കത്തിലെ ഏറ്റവും തിരക്കേറിയ ചില പ്രദേശങ്ങളിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനും തിരക്ക് കുറക്കാനും ഈ പദ്ധതികൾ സഹായിക്കുമെന്നാണ് കരുതുന്നത്.
അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് പുറമേ, സുഗമമായ ഗതാഗതത്തിന് അനുയോജ്യമായ പരിഹാരങ്ങൾ നടപ്പാക്കുന്നതിനായി മന്ത്രാലയം മസ്കത്ത് ഗവർണറുടെ ഓഫിസുമായി സഹകരിക്കും. ഗതാഗത സംബന്ധമായ പ്രശ്നങ്ങൾ ഏകോപിപ്പിച്ച ശ്രമങ്ങളിലൂടെ പരിഹരിക്കുന്നതിനും, തിരക്ക് ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ശരിയായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ഒരു പ്രത്യേക സംഘം പ്രവർത്തിക്കും.
ഗതാഗത നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളെക്കുറിച്ചും മന്ത്രാലയം എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ഗതാഗത മേഖലക്ക് കരുത്തേകുന്ന മസ്കത്ത് മെട്രോ പദ്ധതിയും അണിയറയിൽ പുരോഗമിക്കുന്നു. പദ്ധതിയുടെ വിശദമായ പഠനം ഈ വർഷം ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

