കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് : തിയറ്ററുകളും പാർക്കുകളും ബീച്ചുകളും തുറന്നു
text_fieldsകഴിഞ്ഞ ദിവസം നടന്ന സുപ്രീം കമ്മിറ്റി യോഗം
മസ്കത്ത്: കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ ഭാഗമായി ഏഴാംഘട്ട വാണിജ്യപ്രവർത്തനങ്ങൾക്കുള്ള അനുമതി നിലവിൽവന്നു.സുപ്രീം കമ്മിറ്റി യോഗത്തിലെ തീരുമാനപ്രകാരം ചൊവ്വാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വാണിജ്യപ്രവർത്തനങ്ങളുടെ പട്ടിക പുറത്തുവിട്ടത്. ചൊവ്വാഴ്ച മുതൽതന്നെ തീരുമാനം പ്രാബല്യത്തിലാവുകയും ചെയ്തു. ഇതുപ്രകാരം സിനിമ തിയറ്ററുകളും പാർക്കുകളും പൊതുസ്ഥലങ്ങളും തുറന്നു.
കഴിഞ്ഞ എട്ടുമാസമായി പാർക്കുകളും സിനിമ തിയറ്ററുകളും അടഞ്ഞുകിടക്കുകയായിരുന്നു. ബീച്ചുകളിലേക്ക് ചൊവ്വാഴ്ച മുതൽ പ്രവേശനാനുമതി നൽകുകയും ചെയ്തു. കോവിഡ് വ്യാപനത്തെ തുടർന്ന് ഒക്ടോബർ ആദ്യത്തിലാണ് ബീച്ചുകളിലേക്കുള്ള പ്രവേശനം അധികൃതർ വിലക്കിയത്. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഷോപ്പിങ് മാളുകളിൽ പ്രവേശനാനുമതി നൽകിയതാണ് പ്രധാന തീരുമാനം. മവേല പഴം-പച്ചക്കറി മാർക്കറ്റിലെ ചില്ലറവിൽപന പുനരാരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. മാളുകളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും ഫുഡ്കോർട്ടുകൾക്കും പ്രവർത്തനാനുമതി ലഭിച്ചു. എക്സിബിഷനുകളും സമ്മേളനങ്ങളും മുൻകരുതൽ നടപടികൾ പാലിച്ച് നടത്തുകയും ചെയ്യാം.
ഹെൽത്ത് ക്ലബ്, കിൻറർഗാർട്ടൻ, നഴ്സറികൾ എന്നിവക്കും പ്രവർത്തനാനുമതി നൽകി. മ്യൂസിയങ്ങളും കോട്ടകളുമടക്കം ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും. കാണികളെ പ്രവേശിപ്പിക്കാതെ കായികമത്സരങ്ങൾ നടത്താവുന്നതാണ്.
ബൗളിങ് സെൻററുകൾ, ബ്യൂട്ടി സലൂണുകളിലെ രണ്ടാംഘട്ട സേവനങ്ങൾ, വസ്ത്രവ്യാപാര സ്ഥാപനങ്ങളിലെ ട്രയൽ റൂം തുറക്കൽ, മാളുകളിലെ വിനോദസ്ഥലങ്ങൾ, ക്യാമ്പിങ് സാധനങ്ങൾ വാടകക്ക് നൽകുന്ന കടകൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവയും പുതുതായി അനുമതി ലഭിച്ചവയിൽ ഉൾപ്പെടും. വെഡിങ് ഹാളുകളും തുറക്കാം. പരമാവധി 50 പേർക്ക് മാത്രമാണ് ഇവിടെ നടക്കുന്ന പരിപാടികൾക്ക് പ്രവേശനം അനുവദിക്കാൻ പാടുള്ളൂ. മാളുകളിലെ പാർക്കിങ് സ്ഥലങ്ങൾ ഇനി പൂർണമായി വിനിയോഗിക്കുകയും ചെയ്യാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹോട്ടലുകൾക്കും ടൂറിസം കമ്പനികൾക്കും കീഴിൽ സംഘമായി വരുന്ന സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

