ആവേശം സമൂഹമാധ്യമങ്ങളിൽ മാത്രം : വോട്ടർപട്ടികയിൽ പേര് ചേർക്കാനില്ല
text_fieldsമസ്കത്ത്: തെരഞ്ഞെടുപ്പ് നാട്ടിലാണെങ്കിലും ആവേശം പ്രവാസികൾക്ക് അൽപം കൂടുതലാണ്. സമൂഹമാധ്യമങ്ങളിലടക്കം വെല്ലുവിളികളും വിലയിരുത്തലുകളും വെട്ടുംമറുവെട്ടുകളുമായി അവർ കളം നിറയുന്നു. പ്രവാസികൾക്ക് വിദേശത്തുെവച്ചുതന്നെ വോട്ടുചെയ്യാൻ കഴിയുന്ന സംവിധാനം വേണമെന്ന കാര്യത്തിലും എല്ലാ വിദേശ ഇന്ത്യക്കാർക്കും ഒരേ മനസ്സാണ്. എന്നാൽ, അത് സാധ്യമായാൽ വോട്ട് ചെയ്യണമെങ്കിൽ വോട്ടർപട്ടികയിൽ പേര് വേണ്ടേ? പ്രവാസിവോട്ടറായി പേരുചേർക്കുന്നതിൽ എല്ലാവരും പിന്നിലാണ്. 24 ലക്ഷം മലയാളികളാണ് വിവിധ വിദേശരാജ്യങ്ങളിൽ കഴിയുന്നത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടികപ്രകാരം പ്രവാസി വോട്ടർമാർ ആകെ 93,415 പേരേ ഉള്ളൂ. പുരുഷന്മാർ: 87,318. സ്ത്രീകൾ: 6086. ട്രാൻസ്ജെൻഡർമാർ: 11 എന്നിങ്ങനെയാണ് പ്രവാസിമലയാളി വോട്ടർമാരുടെ വിവരങ്ങൾ.
കഴിഞ്ഞ ജനുവരി 20ന് ഇറക്കിയ പട്ടികയിൽ 90,709 പേരാണ് ഉണ്ടായിരുന്നത്. അതിനുശേഷം അപേക്ഷ സമർപ്പിച്ച് വോട്ടർമാരായവർ 2076 പേരാണ്. പ്രവാസി വോട്ടർമാർ ഏറ്റവും കൂടുതലുള്ള ജില്ല കോഴിക്കോടാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രവാസി വോട്ടർമാർ 66,584 ആയിരുന്നു. 26,831 പേരാണ് അതിനുശേഷം പേര് ചേർത്തിരിക്കുന്നത്.
വോട്ടർപട്ടികയിൽ തങ്ങളുടെ പേരുണ്ടോ എന്നറിയാൻ www.ceo.kerala.gov.in/electoralrolls.html എന്ന ലിങ്ക് സന്ദർശിക്കണം. ഒാരോ ബൂത്തിലെയും വോട്ടർപട്ടികയുടെ അവസാനം പ്രത്യേകമായാണ് പ്രവാസി വോട്ടർമാരുടെ പേരുകൾ ഉണ്ടാവുക. പ്രവാസി വോട്ടറായി പട്ടികയിൽ ഇല്ലാത്ത പ്രവാസികളും സാധാരണ വോട്ടറായി വോട്ടർ പട്ടികയിൽ ഉണ്ടാകും. എന്നാൽ, ചട്ടപ്രകാരം അവർ പ്രവാസി വോട്ടറായിതന്നെ പട്ടികയിൽ പേരു ചേർക്കണം. കേന്ദ്ര സർക്കാർ പ്രവാസിവോട്ട് നടപ്പാക്കുന്ന ഘട്ടത്തിൽ പ്രവാസി എന്ന നിലയിൽ പട്ടികയിൽ പേരുള്ളവർക്കായിരിക്കും വോട്ടവകാശം ഉണ്ടാവുകയെന്നും പ്രവാസി സാമൂഹികപ്രവർത്തകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

