വിനിമയ നിരക്ക് ഉയരുന്നു; റിയാൽ 220 രൂപയിലേക്ക്
text_fieldsമസ്കത്ത്: ഇന്ത്യൻ രൂപയുടെ തകർച്ച തുടരുന്നു. വെള്ളിയാഴ്ച രുപയുടെ നില അൽപം മെച്ചപ്പെട്ടെങ്കിലും റിയാലിന്റെ വിനിമയ നിരക്ക് 220.75 രൂപ വരെയെങ്കിലും എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. വെള്ളിയാഴ്ച അമേരിക്കൻ ഡോളറിന്റെ വിലയിൽ നേരിയ ഇടിവ് സംഭവിച്ചതാണ് വിനിമയ നിരക്ക് ചെറിയ രീതിയിൽ കുറയാൻ കാരണം. വ്യാഴാഴ്ച ഒരു റിയാലിന് 219.85 രൂപ വരെ ഒമാനിലെ ചില വിനിമയ സ്ഥാപനങ്ങൾ നൽകിയിരുന്നു.
വെള്ളിയാഴ്ച റിയാലിന് 219.60 എന്ന നിരക്കാണ് ഒമാനിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. ഇന്ത്യൻ രൂപ ഇനിയും തകർച്ച നേരിടുമെന്നും ഡോളറിന്റെ വില ഇനിയും ഉയരുമെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഒരു ഡോളറിന് 85 രൂപ എന്ന നിരക്കിലേക്ക് എത്താനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കണക്കു കൂട്ടുന്നത്. ഒരു ഡോളറിന് 85രൂപ എന്ന നിരക്കിൽ എത്തുകയാണെങ്കിൽ ഒരു റിയാലിന്റെ വിനിമയ നിരക്ക് 220.75 രൂപ എന്ന നിരക്കിലെത്തും. ആയിരം രൂപക്ക് 4.530 റിയാൽ നൽകിയാൽ മതിയാവും.
രൂപയുടെ വില സർവകാല റെക്കോഡിലേക്ക് എത്തുന്നതോടെ കൂടുതൽ പേർ നാട്ടിലേക്ക് പണമയക്കും. ഡിസംബർ മുതൽ മാർച്ച് വരെ ഡോളറിന്റെ ഡിമാൻഡ് വർധിക്കുന്നതും വിനിമയ നിരക്ക് ഉയരാൻ പ്രധാന കാരണമാണ്. ഇന്ത്യൻ രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് മാർക്കറ്റിൽ ഇടപെടുന്നതടക്കമുള്ള സാധ്യതകളും ഉണ്ട്.
ഇന്ത്യൻ രൂപക്കൊപ്പം ഏതാണ്ടെല്ലാ ഏഷ്യൻ രാജ്യങ്ങളുടെയും കറൻസി തകർച്ച നേരിടുന്നുണ്ട്. യൂറോയിൽ അടുത്തിടെ വൻ തകർച്ചയാണ് ഉണ്ടായത്. നിരക്കുകൾ 13 പോയന്റുവരെ കുറഞ്ഞിരുന്നു.
ഇന്ത്യൻ കറൻസിക്കൊപ്പം ഏഷ്യൻ രാജ്യങ്ങളുടെ കറൻസിയുടെ മൂല്യവും കുറഞ്ഞിട്ടുണ്ട്. ഇന്ത്യൻ രൂപയെ രക്ഷപ്പെടുത്താൻ റിസർവ് ബാങ്ക് ഇടപെടുമെങ്കിലും ഇത് വല്ലാതെ വിജയിക്കാൻ സാധ്യതയില്ല. അടുത്ത നാലു മാസങ്ങൾ കമ്പനികളും സ്ഥാപനങ്ങളും ഇടപാടുകൾ ക്ലോസ് ചെയ്യുന്നതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിക്കാനാണ് സാധ്യത. അമേരിക്കൻ ഡോളർ ശക്തി പ്രാപിക്കുന്നതാണ് ഏഷ്യയിലെയും യൂറോപ്പിലേയും കറസികൾക്ക് അപകടമുണ്ടാക്കിയത്.
ഡോളർ ശക്തമാവാൻ പ്രധാന കാരണം ട്രംപ് ഇഫക്ട് ആണ്. വരും നാളുകളിൽ ഡോളർ ഇനിയും ശക്തി പ്രാപിക്കാനാണ് സാധ്യതയെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. എന്നാൽ വിനിമയ നിരക്ക് 219 കടന്നതോടെ കഴിഞ്ഞ ദിവസങ്ങളിൽ വൻ സംഖ്യകൾ പലരും നാട്ടിലേക്കയച്ചിരുന്നു. വെള്ളിയാഴ്ച വിനിമയ സ്ഥാപനങ്ങളിൽ പൊതുവെ തിരക്ക് കുറവായിരുന്നു. കൂടുതൽ ഉയർന്ന നിരക്കിനായി കാത്തിരിക്കുന്നവരും നിരവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

