വിനിമയ നിരക്ക് റെക്കോഡ് ഉയരത്തിൽ; പ്രവാസികൾ സന്തോഷത്തിൽ
text_fieldsമസ്കത്ത്: പ്രവാസികൾക്ക് സന്തോഷംപകർന്ന് ഗൾഫ് കറൻസികളുടെ വിനിമയനിരക്ക് റെക്കോഡ് ഉയരത്തിൽ. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം എക്കാലത്തെയും താഴ്ചയിൽ എത്തിയതാണ് വർധനക്ക് കാരണം. ഒരു ഒമാനി റിയാലിന് 181 രൂപയും അതിന് മുകളിലുമാണ് തിങ്കളാഴ്ച വൈകീട്ട് ധനവിനിമയ സ്ഥാപനങ്ങൾ നൽകിയത്. 69.91 ആണ് ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക്.
വെള്ളിയാഴ്ച വൈകീട്ടത്തെ 68.83 എന്ന നിരക്കിൽനിന്ന് 79 പൈസ ഉയർന്ന് 69.62ലാണ് തിങ്കളാഴ്ച രാവിലെ കറൻസി വിപണിയിൽ രൂപയുടെ വ്യാപാരം ആരംഭിച്ചത്.
വിപണിയിലെ റിസർവ് ബാങ്ക് ഇടപെടലിെൻറ ഫലമായി ഇത് ഇടക്ക് 69.52 എന്ന നിലയിലേക്ക് എത്തി. എന്നാൽ വൈകാതെ വീണ്ടും ഇടിയുകയും വ്യാപാരം അവസാനിക്കുേമ്പാൾ 69.91 എന്ന തലത്തിലേക്ക് എത്തുകയും ചെയ്തു. രൂപയുടെ മൂല്യത്തിൽ ഒരു ദിവസത്തെ ഏറ്റവും വലിയ മൂല്യവ്യതിയാനമാണ് തിങ്കളാഴ്ച ഉണ്ടായത്. യൂറോയടക്കം പ്രധാനപ്പെട്ട മറ്റു കറൻസികൾക്കും മൂല്യശോഷണം സംഭവിച്ചു.
തിങ്കളാഴ്ച രാവിലെ പണമയക്കാനെത്തിയവർക്ക് ധനവിനിമയ സ്ഥാപനങ്ങൾ ചരിത്രത്തിലെ ഉയർന്ന നിരക്കായ 180 രൂപ നൽകിയിരുന്നു. ഇത് പിന്നീട് ഉയർന്നു. വിപണി അവസാനിക്കുേമ്പാൾ 181 രൂപയും അതിന് മുകളിലുമാണ് ഇടപാടുകാർക്ക് ലഭിച്ചത്.
തുർക്കിയിലെ സാമ്പത്തിക പ്രതിസന്ധിയും തുർക്കിഷ് കറൻസിയായ ‘ലിറ’യുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് രൂപയടക്കം കറൻസികളുടെ മൂല്യശോഷണത്തിന് വഴിയൊരുക്കിയതെന്ന് ഗ്ലോബൽ മണി എക്സ്ചേഞ്ച് ജനറൽ മാനേജർ ആർ. മധുസൂദനൻ പറഞ്ഞു.
അമേരിക്കയുമായുള്ള വ്യാപാരബന്ധം വഷളായതും ഇടിവിന് കാരണമാണ്. ലിറയുടെ മൂല്യത്തിൽ 11 ശതമാനത്തിെൻറ ഇടിവാണ് ഉണ്ടായത്. വർധിക്കുന്ന എണ്ണയിറക്കുമതി ചെലവും ഉയരുന്ന വ്യാപാര കമ്മിയുമെല്ലാം രൂപയുടെ ദുർബലാവസ്ഥക്ക് ആക്കം കൂട്ടിയേക്കാം. അതിനാൽ വരുംദിവസങ്ങളിൽ വിനിമയനിരക്ക് വർധിക്കാനാണ് സാധ്യത.
ആഗോള പ്രതിസന്ധി ആയതിനാൽ റിസർവ് ബാങ്ക് ഇടപെടലുകൾക്ക് പരിമിതിയുണ്ടെന്നും ഇന്ത്യൻ സമ്പദ്ഘടനയെ നല്ല നാളുകളല്ല കാത്തിരിക്കുന്നതെന്നും പറയേണ്ടിവരുമെന്നും മധുസൂദനൻ പറഞ്ഞു.
വിനിമയനിരക്ക് വർധിച്ചതോടെ പണം അയക്കാനെത്തുന്നവരിൽ ചെറിയ വർധനയുണ്ട്. ഗൾഫ് കറൻസികളുടെ വിനിമയ നിരക്കിലെ വർധന കേരളത്തിലെ പ്രളയദുരിതാശ്വാസനിധി സമാഹരണത്തിന് ഗുണകരമാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഗൾഫ് മലയാളികൾ അയക്കുന്ന പണത്തിന് അധിക മൂല്യം ലഭിക്കാൻ ഇത് സഹായിക്കും. ഇതുവഴി കൂടുതൽ പേരിലേക്ക് സഹായം എത്തിക്കാൻ സാധിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
