മസ്കത്ത്: പരീക്ഷ ക്രമക്കേടിന് ഒത്താശ ചെയ്തതിന് ഒരു സ്കൂളിലെ അധ്യാപകർക്ക് പിഴയും തടവും ശിക്ഷ വിധിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. 12ാം ഗ്രേഡിലെ 45ഒാളം വിദ്യാർഥികളാണ് അവസാനവട്ട ഇംഗ്ലീഷ് പരീക്ഷക്ക് കോപ്പിയടിച്ചതായി കണ്ടെത്തിയത്. പബ്ലിക് പ്രോസിക്യൂഷെൻറ അന്വേഷണത്തിൽ േകാപ്പിയടിക്ക് അധ്യാപകരുടെ ഒത്താശയും ഉണ്ടായിരുന്നതായി കണ്ടെത്തി. വിദ്യാർഥികളെ 17 പേർ വീതമുള്ള ബാച്ചുകളായി തിരിച്ച് മൂന്നു ക്ലാസുകളിലായാണ് പരീക്ഷക്കിരുത്തിയത്. ആദ്യ രണ്ടു ക്ലാസുകളിൽ 14 കോപ്പിയടികേസുകൾ കണ്ടെത്തി. മൂന്നാമത്തെ ഹാളിലെ എല്ലാ കുട്ടികളുടെയും ഉത്തരങ്ങൾ സമാനമായിരുന്നെന്നും പബ്ലിക് പ്രോസിക്യൂഷൻ പ്രസ്താവനയിൽ അറിയിച്ചു.
ജനറൽ ഡിപ്ലോമ വിദ്യാർഥികളുടെ അവസാന വർഷ ഇംഗ്ലീഷ് പരീക്ഷയിലെ കൂട്ട കോപ്പിയടി സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ഏറ്റെടുക്കുന്നത്. കുറ്റക്കാരെന്നു കണ്ടെത്തിയ ഇൻവിജിലേറ്റർമാരായിരുന്ന അധ്യാപകർക്ക് ഒരു വർഷം തടവും 500 റിയാൽ പിഴയുമാണ് ശിക്ഷയായി വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
പരീക്ഷ ചുമതലയുടെ ലംഘനം മുൻ നിർത്തിയാണ് ശിക്ഷ വിധിച്ചത്. കുട്ടികളോട് പരീക്ഷ വീണ്ടും എഴുതാൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശിക്കുകയും ചെയ്തു.