ദേശീയതയുടെ പേരിൽ നടക്കുന്നത് തമ്മിലടിപ്പിക്കൽ –കെ.പി. രാമനുണ്ണി
text_fieldsമസ്കത്ത്: ദേശീയതയെ നിർവചിക്കുന്നതിൽ ഗാന്ധിജിയും ടാഗോറും തമ്മിൽപോലും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നതായി പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. ദേശീയത എന്നാൽ അപകടകരമായ മഹാരോഗമാണെന്നാണ് ടാഗോർ പറഞ്ഞത്. എന്നാൽ, അതിനെ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അപകടമില്ലെന്നാണ് ഗാന്ധിജി പറഞ്ഞത്.
ഇന്ന് ദേശീയതയുടെ പേരിൽ നടക്കുന്നത് തമ്മിലടിപ്പിക്കലാണെന്നും അൽ ബാജ് ബുക്സ് സംഘടിപ്പിച്ച സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തിയ രാമനുണ്ണി പറഞ്ഞു. ബ്രിട്ടീഷുകാർ തമ്മിലടിപ്പിച്ചാണ് ഇന്ത്യക്കാരെ ഭരിച്ചത്. ഇന്ന് ദേശീയതയുടെ പേരിൽ ജനത്തെ തമ്മിലടിപ്പിക്കുന്നവരും അതേ മാർഗമാണ് പയറ്റുന്നത്. ഇന്ന് നല്ല ദേശീയതയും മോശം ദേശീയതയും ഉണ്ട്. അപരനെ ശത്രുവായി കാണുന്നതാണ് മോശം ദേശീയത. മറ്റുള്ളതിനെ സ്നേഹത്തോടും കൗതുകത്തോടെയും കാണുകയും അതിലെ നല്ലതിനെ ഉൾക്കൊള്ളാൻ തയാറാവുകയും വേണം. നമ്മുടേതെന്നു നാം കരുതുന്ന പലതും നമ്മുടേതല്ല. ഭൂതകാല ആരാധന എന്നതും ഫാഷിസത്തിെൻറ ഭാഗമാണ്. മറ്റുള്ളവരെ അന്യരായി കണക്കാക്കുന്ന സാംസ്കാരിക ദേശീയത ഹിറ്റ്ലറുടെ ദേശീയതയിൽനിന്ന് വ്യത്യസ്തമല്ല.
ഹിറ്റ്ലർ എങ്ങനെ മറ്റുള്ളവരെയൊക്കെ അന്യൻ ആക്കിയോ അതാണ് ഇന്ത്യയിലും നടക്കുന്നതെന്നും രാമനുണ്ണി പറഞ്ഞു. ഇന്ന് ഓരോ കാര്യത്തിലും ഉണ്ടാകുന്ന വർഗീയ ധ്രുവീകരണത്തിെൻറ പ്രത്യാഘാതം വളരെ വലുതാണ്. വരും തലമുറയെ അത് എങ്ങനെ ബാധിക്കും എന്നത് ഭയപ്പെടുത്തുന്ന ഒന്നാണ്. നമ്മുടെ കേരളത്തിൽ അടക്കം വർഗീയ മനസ്സ് കടന്നുവരുന്നുവെന്നത് ദുഃഖകരമാണെന്നും രാമനുണ്ണി കൂട്ടിച്ചേർത്തു. തുടർന്ന് നടന്ന ചർച്ചയിൽ ഷിലിൻ പൊയ്യാറ മോഡറേറ്റർ ആയിരുന്നു. കൃഷ്ണദാസ് ആമുഖ പ്രഭാഷണം നടത്തി. മുനീർ വരന്തരപ്പിള്ളി, ഗഫൂർ, ഷൈന ഷാജൻ, റഹ്മത്തുള്ള, അസീസ്, അനസ്, സുരേഷ് ബാബു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഷൗക്കത്തലി സ്വാഗതവും രാധാകൃഷ്ണ കുറുപ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
