മസ്കത്ത്: മൂന്നാമത് ടെലി ബോയ്സ് ഇൻറർ സ്കൂൾ ഫുട്ബാൾ ടൂർണമെൻറിൽ സീബ് ഇന്ത്യൻ സ്കൂളിന് കിരീടം. ഫൈനലിൽ മസ്കത്ത് ഇന്ത്യൻ സ്കൂൾ ടീമിനെ മടക്കമില്ലാത്ത നാലു ഗോളുകൾക്ക് തകർത്താണ് സീബ് വിജയം നേടിയത്. സീബിന് വേണ്ടി അഫ്സൽ ഹാട്രിക്ക് നേടി. നേരത്തേ നടന്ന സെമിയിൽ സീബ്, നിസ്വ ഇന്ത്യൻ സ്കൂളിനെയും മസ്കത്ത്, വാദികബീർ ഇന്ത്യൻ സ്കൂളിനെയും തോൽപിച്ചാണ് ഫൈനൽ ബെർത്ത് നേടിയത്. ടൂർണമെൻറിെൻറ താരമായി ഗൗതം നെഗിയെയും മികച്ച ഗോൾ കീപ്പറായി നിസ്വയുടെ യൂസുഫ് കിസായിയെയും തെരഞ്ഞെടുത്തു.
നേരത്തേ ഇന്ത്യൻ എംബസി സെക്രട്ടറി നീലു റോഹ്റ കുട്ടികളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിച്ച് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ ബോർഡ് ചെയർമാൻ ഡോക്ടർ ബേബി സാം സാമുവൽ, വൈസ് ചെയർമാൻ ഡോക്ടർ സി.എം. നജീബ്, സ്കൂൾ ബോർഡ് അംഗം സിറാജ് ഞേലാട്ട്, അബീർ ഹോസ്പിറ്റൽ എം.ഡി ജംഷീദ് ഹംസ എന്നിവരും സന്നിഹിതരായിരുന്നു. ടൂർണമെൻറിൽ പങ്കെടുത്ത സ്കൂളിലെ എല്ലാ കായികാധ്യാപകർക്കും സ്കൂളിനും പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫുഡ്ലാൻഡ്സ് റസ്റ്റാറൻറ്, ഫോർ ഹോം, അൽ അബീർ ഹോസ്പിറ്റൽ, സീ പേൾസ്, മോഡേൺ എക്സ്ചേഞ്ച് എന്നിവരായിരുന്നു മത്സരത്തിെൻറ പ്രധാന സ്പോൺസർമാർ.