ഇ-കാലത്തും പുസ്തകങ്ങളെ നെഞ്ചോട് ചേർത്ത് അക്ഷരപ്രേമികൾ
text_fieldsപുസ്തകമേളയിൽനിന്നുള്ള കാഴ്ച
മസ്കത്ത്: കഴിഞ്ഞ ദിവസം സമാപിച്ച മസ്കത്ത് അന്താരാഷ്ട്ര പുസ്തക മേളയിലെത്തിയത് 6,49,589 അക്ഷര പ്രേമികൾ. സുൽത്താനേറ്റിൽനിന്നും വിദേശത്തുനിന്നുമായാണ് ഇത്രയുംപേർ എത്തിയത്. പുസ്തകമേളയുടെ 29ാമത് പതിപ്പിനാണ് ശനിയാഴ്ച തിരശ്ശീല വീണത്. സമാപന ചടങ്ങിൽ ഒമാന്റെ സാംസ്കാരികരംഗം സമ്പന്നമാക്കുന്നതിന് സംഭാവനകൾ നൽകിയ നിരവധി പ്രമുഖരെയും സ്ഥാപനങ്ങളെയും ആദരിച്ചു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിലെ അൽ ഫറാഹിദി ഹാളിൽ ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി മുഹമ്മദ് ബിൻ സഈദ് അൽ ബലൂഷിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു സമാപന പരിപാടി.
രാജ്യത്തെ സാംസ്കാരിക പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ അവരുടെ സൃഷ്ടിപരമായ സംഭാവനകൾക്കും അംഗീകൃത പങ്കിനും സാംസ്കാരിക വ്യക്തികളെയും സ്ഥാപനങ്ങളെയും മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഡയറക്ടർ അഹമ്മദ് അൽ റവാഹി അഭിനന്ദിച്ചു. ബഹുമതി നേടിയവരിൽ എഴുത്തുകാരൻ അബ്ദുല്ല ഹബീബ്, അൽ-ധമ്രി പബ്ലിഷിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹൗസ് ആൻഡ് ലൈബ്രറി, ദാർ അൽ കിതാബ് അൽ-അഹ്ലിയ പബ്ലിക് ലൈബ്രറി എന്നിവയും ഉൾപ്പെടുന്നു. മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 30ാമത് പതിപ്പിൽ അൽ വുസ്ത ഗവർണറേറ്റ് വിശിഷ്ടാതിഥിയായിരിക്കും.
മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ സമാപന ചടങ്ങിൽനിന്ന്
ദേശീയ വായന ചാമ്പ്യൻഷിപ്പിന്റെ ആദ്യ സീസണിലെ വിജയികളെയും ചടങ്ങിൽ പ്രഖ്യാപിച്ചു. സുൽത്താനേറ്റിലെ സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട്, അധ്യയന വർഷത്തിൽ മൂന്ന് മത്സര ഘട്ടങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടന്നത്.ഇ-വായനയുടെ കാലത്തും പുസ്തകങ്ങളെ നെഞ്ചോട് ചേർക്കുന്ന മനോഹരമായ കാഴ്ചയായിരുന്നു പുസ്തക നഗരിയിൽ കണ്ടത്. സത്രീകളും കുട്ടികളും യുവാക്കളുമെല്ലാം അക്ഷര നഗരയിലേക്ക് ഒഴുകി. സ്വദേശി പൗരൻമാർ കുടുംബവുമായിട്ടാണ് എത്തിയത്. വാരാന്ത്യദിനങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ തിരക്ക് അനുഭപ്പെട്ടത്.
ഈ വർഷം, 35 രാജ്യങ്ങളിൽനിന്നുള്ള 674 പ്രസാധക സ്ഥാപനങ്ങളാണ് മേളയിൽ പങ്കാളികളായത്. അതിൽ 640 എണ്ണം നേരിട്ടും 34 എണ്ണം ഏജൻസികൾ വഴിയും പങ്കെടുത്തു. വടക്കൻ ശർഖിയയായിരുന്നു ഈ വർഷത്തെ അതിഥി ഗവർണറേറ്റ്. വൈവിധ്യമാർന്ന പ്രസിദ്ധീകരണങ്ങൾ, പാനൽ ചർച്ചകൾ, സാംസ്കാരിക പ്രദർശനങ്ങൾ എന്നിവയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

