സ്വദേശിവനിതയുടെ നന്മ; ആലപ്പുഴസ്വദേശി ജയിൽമോചിതനായി
text_fields
മസ്കത്ത്: ഒമാനിൽ ജയിലിലായിരുന്ന ആലപ്പുഴ സ്വദേശി സാഹിർ ഖാസിം അബൂബക്കറിെൻറ ജീവിതകഥ ആലപ്പുഴ പുന്നപ്ര സ്വദേശി ഹബീബ് റഹ്മാൻ അറിഞ്ഞത് ഗൾഫ്മാധ്യമത്തിലൂടെയായിരുന്നു. ഹബീബ് റഹ്മാെൻറ ഇടപെടലിനൊടുവിൽ സ്വദേശിവനിതയുടെ മനസ്സിൽ നന്മ മൊട്ടിട്ടപ്പോൾ വിരിഞ്ഞത് സാഹിറിേൻറ ജീവിതമായിരുന്നു.
പണമിടപാടുമായി ബന്ധപ്പെട്ട കേസിൽ തടവിലായിരുന്ന സാഹിറിന് പരാതിക്കാരിയും പഴയ സ്പോൺസറുമായ സ്വദേശിവനിത തനിക്ക് ലഭിക്കാനുള്ള നാൽപതിനായിരം റിയാൽ (ഏതാണ്ട് 68 ലക്ഷത്തോളം രൂപ) ഉപേക്ഷിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതാണ് തുണയായത്. പ്രവാസി വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ ഹബീബ് റഹ്മാെൻറ ഇടപെടലാണ് ഇവരുടെ മനംമാറ്റത്തിന് വഴിയൊരുക്കിയത്. 270 ദിവസത്തെ ജയിൽവാസത്തിന് ശേഷം സാഹിർ ബുധനാഴ്ച പുലർച്ചക്കുള്ള വിമാനത്തിൽ നാട്ടിലെത്തി.
സാഹിറിെൻറ ജയിൽവാസം സംബന്ധിച്ച് കഴിഞ്ഞ ജനുവരിയിൽ ‘ഗൾഫ് മാധ്യമം’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതുടർന്നുള്ള അന്വേഷണത്തിലാണ് സാഹിറിനെ കണ്ടെത്താനും തുടർന്ന് മോചനത്തിന് വഴിയൊരുക്കാനും സാധിച്ചതെന്ന് ഹബീബ് റഹ്മാൻ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഖത്തറിൽ ജോലി ചെയ്തിരുന്ന സാഹിർ, അർബുദം ബാധിച്ച് അത്യാസന്ന നിലയിലായിരുന്ന ഭാര്യയെ കാണാൻ പോകും വഴി കഴിഞ്ഞവർഷം ഡിസംബറിൽ ഖത്തർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു. ഒരു മാസം ഖത്തറിൽ ജയിലിലായിരുന്ന ഇദ്ദേഹത്തെ ജനുവരിയിൽ മസ്കത്തിലേക്ക് മാറ്റി. ഇതിനിടെ ഭാര്യ മരണപ്പെടുകയും ചെയ്തു. കൂടുതൽ വിവരങ്ങളറിയാതെയും ജയിൽമോചനത്തിന് എന്തുചെയ്യണമെന്നറിയാതെയും വിഷമിച്ചിരുന്ന കുടുംബത്തിന് ആശ്വാസമായിരുന്നു ഹബീബിെൻറ ഇടപെടൽ.
നാലുവർഷം മുമ്പ് മസ്കത്തിൽ പ്രവാസിയായിരുന്നു സാഹിർ. കെട്ടിടനിർമാണ മേഖലയിലാണ് പ്രവർത്തിച്ചിരുന്നത്. സ്വദേശിവനിതയിൽ നിന്ന് നാൽപതിനായിരം റിയാൽ വാങ്ങിയെങ്കിലും കെട്ടിടം നിർമിച്ചുനൽകിയില്ലെന്ന പരാതി നൽകിയിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സാഹിർ നാട്ടിലേക്ക് പോവുകയും ചെയ്തു. സാഹിറിെൻറ അസാന്നിധ്യത്തിൽ കേസ് പരിഗണിച്ച കോടതി വാദിക്ക് നൽകാനുള്ള നാൽപതിനായിരം റിയാലും ഒപ്പം ആറുമാസം തടവും 250 റിയാൽ പിഴയടക്കാനും വിധിച്ചതായി ഹബീബ് പറഞ്ഞു. നാട്ടിലെത്തിയ സാഹിർ അർബുദബാധിതയായ ഭാര്യയുടെ ചികിത്സയെ തുടർന്നുണ്ടായ ബാധ്യതകൾ വീട്ടുന്നതിന് പിന്നീട് ഖത്തറിൽ ജോലിക്ക് പോവുകയായിരുന്നു.
സാഹിറിനെ ജയിലിൽ സന്ദർശിച്ച് വിവരങ്ങൾ തേടിയ ശേഷം പഴയ സ്പോൺസറെ കണ്ടെത്തുകയായിരുന്നു ആദ്യപടിയെന്ന് ഹബീബ് പറഞ്ഞു. ബുദ്ധിമുട്ടി സ്പോൺസറെ കണ്ടെത്തി കണ്ട് കേസ് പിൻവലിക്കാൻ അഭ്യർഥിച്ചെങ്കിലും എൺപതുലക്ഷം ഇന്ത്യൻ രൂപ നൽകണമെന്നായിരുന്നു ആവശ്യം. പ്രതീക്ഷ കൈവിടാതെ നിരന്തരം സന്ദർശിച്ച് പ്രയാസങ്ങൾ ബോധ്യപ്പെടുത്തിയതിനെതുടർന്നാണ് അവർ അയഞ്ഞത്. കഴിഞ്ഞമാസമാണ് സ്വദേശിവനിത കേസിൽ നിന്ന് പിന്മാറാനുള്ള സന്നദ്ധത അറിയിച്ചത്. ഇതിനിെട ആറുമാസത്തെ തടവ് പൂർത്തിയായതിനെതുടർന്ന് സാഹിറിനെ സമാഇൗൽ സെൻട്രൽ ജയിലിൽ നിന്ന് അൽഖൂദിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അവിടെ നിന്നാണ് മോചിപ്പിച്ചത്. നീണ്ട ഒമ്പതുമാസത്തെ പരിശ്രമം യാഥാർഥ്യമായതിെൻറ സന്തോഷത്തിലാണ് താനെന്ന് ഹബീബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
