എറണാകുളം സ്വദേശി ജോസഫിന്റെ മൃതദേഹം ഒമാനിൽ സംസ്കരിച്ചു
text_fieldsഖുറം പി.ഡി.ഒ സെമിത്തേരിയിൽ ഫാദർ തോമസിന്റെ കാർമികത്വത്തിൽ നടന്ന ചടങ്ങുകൾ (ഇൻ സെറ്റിൽ ജോസഫ്)
മസ്കത്ത്: ഹൃദയാഘാതത്തെതുടർന്ന് മരണപ്പെട്ട എറണാകുളം സ്വദേശിയുടെ മൃതദേഹം കെ.എം.സി.സി പ്രവർത്തകരുടെ ഇടപെടലിലൂടെ ഒമാനിൽ സംസ്കരിച്ചു. ജോസഫ് വലിയപറമ്പിൽ സേവിയറിന്റെ മൃതദേഹമാണ് മസ്കത്തിലെ ഖുറം പി.ഡി.ഒ സെമിത്തേരിയിൽ ഫാദർ തോമസിന്റെയും ഗാല ചർച്ച് പ്രതിനിധി മാത്യു റോയിയുടെയും കാർമികത്വത്തിൽ ക്രിസ്തീയ ആചാരപ്രകാരം മറവു ചെയ്തത്.
ഇദ്ദേഹം നാട്ടിൽ പോയിട്ട് വർഷങ്ങളായിരുന്നു. കൂടെ താമസിക്കുന്നവർക്ക് ജോസഫിന്റെ കുടുംബത്തെക്കുറിച്ചോ ബന്ധുക്കളെക്കുറിച്ചോ അറിവുണ്ടായിരുന്നില്ല. തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെയും എറണാകുളം, ഇടുക്കി ജില്ലയിലുള്ള പൊതുപ്രവർത്തകരിലൂടെയും കുടുംബത്തെ കണ്ടെത്താൻ ശ്രമമാരംഭിച്ചു.
ഒടുവിൽ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനും അവസാനം ഒമാനിൽതന്നെ മറവുചെയ്യാനുമാണ് തീരുമാനമായത്.
അരൂർ എം.എൽ.എ ദലീമ ജോജോ, മസ്കത്ത് കെ.എം.സി.സി സെക്രട്ടറി ഷാനവാസ് ഖദറ എന്നിവരാണ് നാട്ടിലുള്ള കുടുംബത്തെ കണ്ടെത്താൻ സഹായിച്ചത്. മസ്കത്ത് കെ.എം.സി.സി ഭാരവാഹികളായ ഇബ്രാഹിം ഒറ്റപ്പാലം, റഫീഖ് ശ്രീണ്ഠപുരം, അബ്ദുല്ല പാറക്കടവ്, മുഹമ്മദ് വാണിമേൽ, അമീർ കാവനൂർ, ഫവാസ് ഗാല, മൊയ്ദീൻ ശ്രീകണ്ഠപുരം, അശ്രഫ് ശ്രീകണ്ഠപുരം തുടങ്ങിയവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

