പരിസ്ഥിതി കാമ്പയിന് തുടക്കം
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ മലനിരകളിൽ പത്തുലക്ഷം കാട്ടുമരത്തൈകൾ നട്ടുപിടിപ്പിക്കാനുള്ള കാമ്പയിന് തുടക്കമിട്ട് പരിസ്ഥിതി അതോറിറ്റി. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻവയോൺമെന്റിന്റെ നേതൃത്വത്തിലാണ് വിപുലമായ കാമ്പയിൻ നടക്കുന്നത്. ജൂലൈ 26 വരെ പ്രചാരണം തുടരും. സുൽത്താനേറ്റിൽ പത്ത് ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ദേശീയ സംരംഭത്തിന്റെ ലക്ഷ്യങ്ങളുടെ ഒരു ഭാഗം കൈവരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കാമ്പയിൻ.
കിഴക്ക് മിർബാത്ത് വിലായത്ത് മുതൽ പടിഞ്ഞാറ് ദൽകുത്തൂ വിലായത്ത് വരെയുള്ള പ്രദേശങ്ങളിൽ അതോറിറ്റിയുടെയും മന്ത്രാലയം ഉൾപ്പെടെയുള്ള മറ്റ് ചില സർക്കാർ ഏജൻസികളുടെയും സഹായത്തോടെ വർഷംതോറും കാമ്പയിൻ നടത്താറുണ്ടെന്ന് ദോഫാർ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻവയോൺമെന്റിലെ ജൈവവൈവിധ്യ വകുപ്പ് മേധാവി സഈദ് ബിൻ മുഹമ്മദ് അൽ ഷെഹ്രി പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ തുംറൈത്ത്, സലാല വിലായത്തുകളിൽ ഏകദേശം 1,08,000 കാട്ടുതൈകൾ നട്ടുപിടിപ്പിച്ചതായി അൽ-നദ്ബിലെ ജൈവ വൈവിധ്യ വകുപ്പ് മേധാവി പറഞ്ഞു.
ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത പ്രദേശങ്ങളിലും ഇടയ പ്രദേശങ്ങളിലും സസ്യജാലങ്ങൾ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സിദ്ർ, കാട്ടു അത്തിപ്പഴം (അൽ-ഗായിത്), കറ്റാർ വാഴ, അൽ-ഖുഫുത്ത് എന്നിവയുൾപ്പെടെ സുൽത്താനേറ്റിൽ പ്രശസ്തമായ തൈകളായിരിക്കും കാമ്പയിനിലൂടെ നട്ടുപിടിപ്പിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

