കടലാമ സംരക്ഷണം; കാമ്പയിനുമായി പരിസ്ഥിതി അതോറിറ്റി
text_fieldsമസ്കത്ത്: സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നതിനും സുസ്ഥിര ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാൻ പരിസ്ഥിതി അതോറിറ്റി വിപുലമായ ജനബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ഒമാന്റെ സമുദ്രസമ്പത്തിൽ ഏറ്റവും പ്രധാനപ്പെട്ട ജീവിവർഗങ്ങളിലൊന്നായ കടലാമകൾക്ക് പ്ലാസ്റ്റിക് മലിനീകരണം ഉണ്ടാക്കുന്ന മാരകമായ ഭീഷണികളെക്കുറിച്ചാണ് കാമ്പയിൻ ബോധവൽകരിക്കുന്നത്.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗം കുറക്കാനും ഒമാന്റെ സമ്പന്നമായ സമുദ്ര ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി പരിസ്ഥിതി സൗഹൃദപരമായ ശീലങ്ങൾ വളർത്തിയെടുക്കാനും കാമ്പയിനിലൂടെ പൊതുജനങ്ങളോട് അതോറിറ്റി ആവശ്യപ്പെടുന്നു. കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ കടലാമകളുടെ ജീവിതചക്രത്തെ എങ്ങനെയാണ് ദോഷകരമായി ബാധിക്കുന്നതെന്ന് ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ പങ്കുവെച്ച സന്ദേശങ്ങളിൽ അതോറിറ്റി വിശദീകരിക്കുന്നുണ്ട്. കടലിൽ ഒഴുകിനടക്കുന്ന പ്ലാസ്റ്റിക് ബാഗുകളും മറ്റ് അവശിഷ്ടങ്ങളും കാഴ്ച്ചയിൽ ഇരയാണെന്ന് തെറ്റിദ്ധരിച്ച് കടലാമകൾ ആഹാരമാക്കാറുണ്ട്.
ആഗോളതലത്തിൽ തന്നെ കടലാമകൾ നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായി പ്ലാസ്റ്റിക് മലിനീകരണം മാറിയിട്ടുണ്ടെന്ന് കാമ്പയിൻ ചൂണ്ടിക്കാണിക്കുന്നു.കടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന മത്സ്യബന്ധന വലകൾ, കയറുകൾ, മറ്റ് പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ എന്നിവയിൽ കടലാമകൾ നിരന്തരം കുടുങ്ങിപ്പോകുന്നതായും അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം കെണികൾ അവക്ക് കടുത്ത പരിക്കുകൾ ഏൽപ്പിക്കുകയും സ്വതന്ത്രമായ ചലനങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
കൂടാതെ, ശ്വസിക്കാൻ വേണ്ടി കടൽപ്പുറത്തേക്ക് വരുന്നത് തടയുന്നതിലൂടെ ഇവയുടെ അതിജീവന സാധ്യതകളെ ഇത് സാരമായി ബാധിക്കുന്നു.സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലാമകളുടെ സ്വതന്ത്രമായ നീന്തലിനെയും ആഹാരത്തിനായുള്ള തിരച്ചിലിനെയും ബാധിക്കുന്നതായി കാമ്പയിൻ വ്യക്തമാക്കുന്നു. ബീച്ചുകളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ പെൺ ആമകൾക്ക് മുട്ടയിടാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് തടസ്സമാകുന്നു. കൂടാതെ, മുട്ട വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് കടലിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ഈ മാലിന്യങ്ങൾ വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നു.വംശനാശഭീഷണി നേരിടുന്ന പച്ചക്കടലാമകൾ, ലോഗർഹെഡ് കടലാമകൾ ഉൾപ്പെടെയുള്ള സമുദ്ര ജീവികളുടെ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ മുട്ടയിടൽ കേന്ദ്രമാണ് ഒമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

