സംരംഭകരേ ഇതിലേ... എസ്.എം.ഇ മേഖല വൻ വളർച്ചയിൽ
text_fieldsമസ്കത്ത്: ചെറുകിട സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന ഒമാന്റെ നയങ്ങൾക്ക് സംരംഭകരിൽനിന്ന് സ്വീകാര്യതയേറുന്നു. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഒമാനിൽ 19,267 പുതിയ സംരംഭകത്വ കാർഡുകൾ വിതരണം ചെയ്തതതായി ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസന അതോറിറ്റി (റിയാദ) അറിയിച്ചു. ഇതോടെ കാർഡ് കൈവശമുള്ള ആകെ സ്ഥാപനങ്ങളുടെ എണ്ണം 32,103 ആയി ഉയർന്നു.
ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇ) ഉടമകൾക്ക് സർക്കാർ-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ നൽകുന്ന വിവിധങ്ങളായ ആനുകൂല്യങ്ങളും പ്രോത്സാഹനങ്ങളും ലഭ്യമാക്കാൻ സഹായിക്കുമെന്നതാണ് ഈ സംരംഭകത്വ കാർഡിന്റെ പ്രത്യേകത. ഇത് ബിസിനസിന്റെ വളർച്ചക്കും പുരോഗതിക്കും സഹായകരമാവും. ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒമാനിലെ സംരംഭക സൗഹൃദ അന്തരീക്ഷം ശക്തിപ്പെടുത്താനും എസ്.എം.ഇ ഉടമകളെ പിന്തുണക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനുമുള്ള പരിപാടികളും സംരംഭങ്ങളും ‘റിയാദ’ തുടർന്നും നടപ്പാക്കിവരികയാണ്.
ദേശീയ സ്ഥിതിവിവരക്കണക്ക് വിവര കേന്ദ്രത്തിന്റെ (എൻ.സി.എസ്.ഐ) കണക്കുകൾ പ്രകാരം, ഒമാനിലെ എസ്.എം.ഇ മേഖല വൻ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025 അവസാനത്തോടെ ആകെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (എസ്.എം.ഇകൾ) എണ്ണം ഏകദേശം 267,535-ൽ എത്തിയിരുന്നു. ഇതിൽ 136,459 സംരംഭങ്ങൾ ‘റിയാദ’ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തവയാണ്. ഇതിൽ 116,195 മൈക്രോ സംരംഭങ്ങളും, 19,196 ചെറുകിട സംരംഭങ്ങളും, 1,068 ഇടത്തരം സംരംഭങ്ങളും ഉൾപ്പെടുന്നു. എസ്.എം.ഇ മേഖല ഒമാന്റെ മൊത്തം ആഭ്യന്തര ഉൽപാദനത്തിലേക്ക് (ജി.ഡി.പി) ഏകദേശം 9.2 ബില്യൺ ഒമാനി റിയാൽ സംഭാവന ചെയ്തു. മൊത്തം ജി.ഡി.പിയുടെ 21.8 ശതമാനം വരും ഇത്.
വളർന്നുവരുന്ന പ്രൊജക്ടുകൾക്കും എസ്.എം.ഇകൾക്കും ആവശ്യമായ പിന്തുണാന്തരീക്ഷം ഒരുക്കി ‘റിയാദ’ ബിസിനസ് ഇൻകുബേഷൻ പ്രോഗ്രാമുകൾ വ്യാപിപ്പിച്ചുവരികയാണ്.
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ വിവിധ സാമ്പത്തിക മേഖലകളിലായി 132 പുതിയ ഇൻകുബേഷൻ കരാറുകളിൽ അതോറിറ്റി ഒപ്പുവെക്കുകയും 16 ഇൻകുബേറ്ററുകൾ തുറക്കുകയും ചെയ്തു. ഇത് 284 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ വഴിയൊരുക്കി.
ഇ-കോമേഴ്സ്, ഫിനാൻഷ്യൽ ടെക്നോളജി (ഫിൻടെക്), ക്രിയേറ്റീവ് ഇൻഡസ്ട്രീസ്, കരകൗശലവസ്തുക്കൾ, ഉൽപാദനം, ലോജിസ്റ്റിക്സ്, പ്രത്യേക സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള മേഖലകളിലെ പ്രത്യേക ബിസിനസ് സെന്ററുകളെ പിന്തുണക്കുന്നത് അതോറിറ്റി തുടർന്നു.
ഇതേ കാലയളവിൽ പൊതു-പ്രത്യേക സംരംഭകത്വ കേന്ദ്രങ്ങളിൽ നിന്നുള്ള കോഴ്സ് പൂർത്തീകരണ നിരക്ക് 14.5 ശതമാനത്തിൽ എത്തി. സംരംഭകരുടെ ബിസിനസ് പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്നതിനായി അഡ്മിനിസ്ട്രേറ്റീവ്, ഫിനാൻഷ്യൽ, ലീഗൽ, മാർക്കറ്റിങ്, സാങ്കേതിക മേഖലകൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘റിയാദ’ പ്രത്യേക കൺസൾട്ടേഷനുകളും നൽകി. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഈ കൺസൾട്ടേഷനുകളുടെ ഗുണഭോക്താക്കളുടെ എണ്ണം 10,832 ആയി ഉയർന്നു.
കൂടാതെ, സാമ്പത്തിക സാധ്യതാ പഠനങ്ങൾ തയാറാക്കുക, ബിസിനസ് ആസൂത്രണം, നിക്ഷേപ തീരുമാനങ്ങൾ എന്നിവക്ക് പിന്തുണ നൽകുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വർക്ക്‌ഷോപ്പുകളിൽ 6,113 സംരംഭകർ പരിശീലനവും നേടിയതായി കണക്കുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

